കിര്‍ത്താഡ്സിലും പി.എസ്.സിയുടെ അനധികൃത നിയമനം

മൂന്ന് മുന്‍ എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി മാനദണ്ഡം പാലിക്കാതെ നിയമിച്ചതായാണ് പരാതി.

കിര്‍ത്താഡ്സിലും പി.എസ്.സിയുടെ അനധികൃത നിയമനം

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി റാങ്ക് വിവാദത്തിന് പിന്നാലെ കോഴിക്കോട് കിര്‍ത്താഡ്‌സിലും അനധികൃത നിയമനം. മൂന്ന് മുന്‍ എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി മാനദണ്ഡം പാലിക്കാതെ നിയമിച്ചതായാണ് പരാതി. വിഷയത്തില്‍ വിജിലന്‍സിന് നല്‍കിയ പരാതി പൂഴ്ത്തിയതായും ആക്ഷേപം.

ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്.എഫ്.ഐ നേതാവ് മഹേഷ് എം.വി, എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന എം.എസ് അനീഷ് , ടി.ടി.കെ ഷഗില്‍ എന്നിവരാണ് വ്യാജരേഖകള്‍ ചമച്ച് പി.എസ്.സി വഴി കിര്‍ത്താഡ്സില്‍ നിയമനം നേടിയത്. ഇതു സംബന്ധിച്ച രേഖകള്‍ 'തത്സമയ'ത്തിന് ലഭിച്ചു. യോഗ്യതയില്ലാത്തവര്‍ നിയമനം നേടിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് വിവരാവകാശ രേഖകള്‍ സഹിതം പി.എസ്.സി വിജിലന്‍സിന് നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലും തയ്യാറായിട്ടില്ല.

പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് കിര്‍ത്താഡ്‌സ്. ഇവിടെ സോഷ്യോളജി ആന്ത്രോപോളജി വിഷയങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് കൃത്രിമ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മൂന്നുപേരും നിയമനം നേടിയത്. യൂണിവേഴ്‌സിറ്റിയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പട്ടികജാതി പട്ടികവര്‍ഗ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണ പരിചയമാണ് തസ്തികയുടെ പ്രധാന യോഗ്യത.

ഈ യോഗ്യതയുളളവര്‍ കുറവായതിനാല്‍ അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പരീക്ഷയില്ലാതെ പി.എസ്.സി പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റ് വിഷയങ്ങളില്‍ പി.എച്ച് .ഡി ഉള്ളവരെ പോലും റാങ്കു പട്ടികയില്‍ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് പട്ടികജാതി പട്ടികവര്‍ഗ വിഷയത്തില്‍ ഗവേഷണം നടത്താത്ത മൂന്ന് പേരെ നിയമിച്ചത്. മൂന്ന് വര്‍ഷത്തെ ഗവേഷണ പരിചയും ഇതില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സ്ഥാപനത്തിലോ സര്‍ക്കാര്‍ അംഗീകൃത ഗവേഷണ സ്ഥാപനത്തിലോ യൂണിവേഴ്‌സിറ്റിയിലോ ഗവേഷണ പരിചയം വേണമെന്ന മാനദണ്ഡവും പാലിക്കപ്പെട്ടില്ല. പ്ലാനറ്റ് കേരളയെന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ വാട്ടര്‍ഷെഡ് പ്രോജക്ടില്‍ ഗവേഷണ പരിചയമാണ് റിസര്‍ച്ച് അസിസ്റ്റന്റുമാരായി നിയമനം നേടിയ മഹേഷ്, ഷഗില്‍ എന്നിവര്‍ സമര്‍പ്പിച്ചിട്ടുള്ളത്. മൂന്നാമനായ അനീഷ് ഒരു ദിവസം പോലും ഗവേഷണം നടത്തിയിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം കിര്‍ത്താഡ്സില്‍ എഴുത്തുകാരി ഇന്ദു വി. മേനോന് ചട്ടം ലംഘിച്ച് നിയമനം നല്‍കിയതും വിവാദമായിരുന്നു. ഇന്ദു വി. മേനോന് പുറമെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നിയമം മറികടന്ന് കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നിയമനം നല്‍കിയിരുന്നത്. മണിഭൂഷണ്‍ മന്ത്രി എ.കെ. ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിക്കുകയായിരുന്നു. എം.എ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം.ഫിലും വേണ്ട ലക്ചര്‍ ഇന്‍ പോസ്റ്റില്‍ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് ഉണ്ടായിരുന്നത്.

Read More >>