കെവിന്‍ വധക്കേസ്; വിധി ഇന്ന്, ദുരഭിമാനക്കൊലയെങ്കില്‍ വധശിക്ഷ വരെ

ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് കണക്കാക്കാം

കെവിന്‍ വധക്കേസ്; വിധി ഇന്ന്, ദുരഭിമാനക്കൊലയെങ്കില്‍ വധശിക്ഷ വരെ

കോട്ടയം: കെവിന്‍ വധക്കേസില്‍ കോട്ടയം സെഷന്‍സ് കോടതി വ്യാഴാഴ്ച വിധി പറയും. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക ഓഗസ്റ്റ് 14-ന് വിധി പറയാന്‍ തീരുമാനിച്ചിരുന്ന കേസ് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാനായി വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷനും അല്ലെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.

കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) മറ്റൊരു സമുദായത്തിലുള്ള തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആഗസ്റ്റ് 14ന് കെവിന്‍ വധക്കേസില്‍ വിധി പറയാനിരുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ടു. ഇന്ന് അന്തിമ വിധി വരുമ്പോള്‍ ദുരഭിമാനക്കൊലയായി കേസ് കോടതി കണക്കാക്കുമോ എന്നതാണ് ഏറെ നിര്‍ണ്ണായകം. ദുരഭിമാനക്കൊലയാണെന്ന വിധി വന്നാല്‍ ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ കേസ് കണക്കാക്കാം. കൂടാതെ കേരളത്തില്‍ നടക്കുന്ന ആദ്യ ദുരഭിമാനക്കൊലയായും ഇത് കണക്കാക്കും.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കെവിന്റെ ഭാര്യ നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെവിന്റെ മാതാപിതാക്കളും ഭാര്യ നീനുവും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തില്ല.

Read More >>