പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാർഥി സമരം ഏറ്റെടുക്കേണ്ടതില്ല; പൊലീസ് അതിക്രമങ്ങൾ ഉണ്ടായാൽ ഇടപെടും: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി

കേരളത്തിലും ബംഗാളിലും ത്രിപുരയിലും സമരത്തിന് നേതൃത്വം നൽകാൻ പാർട്ടിക്ക് സാധിച്ചെന്നും കമ്മിറ്റി വിലയിരുത്തി.

പൗരത്വ നിയമത്തിനെതിരെയുള്ള  വിദ്യാർഥി സമരം ഏറ്റെടുക്കേണ്ടതില്ല; പൊലീസ് അതിക്രമങ്ങൾ ഉണ്ടായാൽ ഇടപെടും:  സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാർഥി സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി.സമരങ്ങൾക്കെതിരെ കേരളത്തിലും ബംഗാളിലും ത്രിപുരയിലും സമരത്തിന് നേതൃത്വം നൽകാൻ പാർട്ടിക്ക് സാധിച്ചെന്നും കമ്മിറ്റി വിലയിരുത്തി. ജെ.എൻ.യുവിലും ജാമിഅ മിലിയയിലും അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടക്കുന്ന സമാനതകളില്ലാത്ത വിദ്യാർഥി പ്രക്ഷോഭം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം.

സമരത്തിന് നേരെ അക്രമ സംഭവങ്ങൾ ഉണ്ടായാൽ പാർട്ടി ഇടപെടുകയും സഹായം നൽകുകയും ചെയ്യും. കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ആവേശം നൽകാൻ കേരളം, ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വത്തിനായി എന്നും സി.പി.ഐ.എം വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പാർട്ടി പിന്തുണ നൽകുമെന്നും കമ്മിറ്റിയിൽ തീരുമാനമായി.

കേരളത്തെ സാമ്പത്തികമായും മറ്റും ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും വിമർശനമുയർന്നു. എ.വിജയരാഘവൻ, എളമരം കരീം, കെ.കെ ശൈലജ എന്നിവരാണ് കേരള ഘടകത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.നാളെ വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കുന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ സംസാരിക്കും.നാളെ ഉച്ചയോടെ മാത്രമേ തുടർസമര രീതി സംബന്ധിച്ച സി.പി.എം തീരുമാനം അന്തിമമാകൂ.

Next Story
Read More >>