പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിച്ചു

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജെ.സി.ബി ഉപയോഗിച്ച് ഇന്ന് രാവിലെയാണ് തടയണയുടെ മണല്‍തിട്ടകള്‍ നീക്കിയത്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിച്ചു

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജെ.സി.ബി ഉപയോഗിച്ച് ഇന്ന് രാവിലെയാണ് തടയണയുടെ മണല്‍തിട്ടകള്‍ നീക്കിയത്. തടയണ പൊളിച്ച് വെള്ളം ഒഴുക്കി വിടുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തടയണ പൊളിച്ചു മാറ്റാന്‍ രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറായിരുന്നില്ല. പിന്നീട് കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തടയണ പൊളിക്കാന്‍ തയ്യാറായിരിക്കുന്നത്.

ഈ തടയണയില്‍ നിന്നാണ് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീസ് വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളം എത്തിക്കുന്നത്. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാലിയില്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചത്. ഫയര്‍ ആന്റ് സേഫ്റ്റി ഉള്‍പ്പടെ അനുമതിയില്ലാതെ 2016 ലാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയില്‍ മലനിരകളില്‍ മഴക്കുഴി പോലും പാടില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഒത്താശയോടെയാണ് എം.എല്‍.എ പാര്‍ക്കിന് അനുമതി നേടിയെടുത്തത്. യു.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് പാര്‍ക്കിന് അനുമതി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Read More >>