സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനും തയ്യാര്‍

നിലവിൽ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ കോൺഗ്രസ്സും എ.എ.പിയും പങ്കുവച്ചാൽ ഡൽഹിയിലെ ഏഴു സീറ്റും വിജയിക്കാനാവും. ഡൽഹിയിൽ സഖ്യത്തെക്കുറിച്ച് ആദ്യം ആവശ്യപ്പെട്ടത് എ.എ.പിയാണ്. കോൺഗ്രസ് അതിനോടു പ്രതികരിക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അനുമതിയോടെ ഞാൻ അവരുമായി സംസാരിച്ചു. ഷീലാ ദീക്ഷിതിനെപ്പോലെയുള്ള ഡൽഹിയിലെ ഞങ്ങളുടെ നേതാക്കൾക്ക് എ.എ.പി സഖ്യത്തിൽ യോജിപ്പില്ല. കെജരിവാൾ ആശ്രയിക്കാൻ പറ്റാത്ത നേതാവാണ്. അദ്ദേഹം ആകസ്മികമായാണ് ഡൽഹിയിൽ അധികാരത്തിൽ വന്നത്‌

സ്ഥാനാര്‍ത്ഥികളെ   പിന്‍വലിക്കാനും തയ്യാര്‍

പി.സി ചാക്കോ/ ഷെമിന്‍ ജോയ്

കോൺഗ്രസ്-ബി.ജെ.പി-ആം ആദ്മി പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിലേക്കാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് രംഗം പോകുന്നത്. ഡൽഹിയിലെ ഏഴു സീറ്റുകളിലും ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-എ.എ.പി സഖ്യ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഇരു പാർട്ടികളും പരസ്പരം പഴിചാരുമ്പോൾ 2014ലേതു പോലെ ഏഴു സീറ്റുകളിലും ബി.ജെ.പി ജയിക്കുമെന്ന ഭീതിയാണ് നിലനിൽക്കുന്നത്. കോൺഗ്രസ്സിന്റെ ഡൽഹി ചുമതലയുള്ള പി.സി ചാക്കോയുമായി നടത്തിയ അഭിമുഖം:

ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യംവഹിക്കുന്നത്. കോൺഗ്രസ്സിന്റെ സാദ്ധ്യതകൾ എന്തൊക്കെയാണ്?

ഇത്തവണ ത്രികോണ മത്സരം ഒഴിവാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾക്കതിനു കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഞങ്ങൾ ത്രികോണമത്സരം ഒഴിവാക്കണമെന്നു പറയുന്നത്? 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും 2015ൽ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സർക്കാർ രൂപം കൊണ്ടപ്പോഴും വോട്ടർമാർ ശിഥിലമായി. അതിന്റെ ഫലമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടു. 2014 ൽ ബി.ജെ.പിയും 2015ൽ ആം ആദ്മി പാർട്ടി(എ.എ.പി)യും ഒന്നാമതെത്തി. അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് 9.7% വോട്ടു വിഹിതം ലഭിച്ചപ്പോൾ എ.എ.പിക്ക് 52.5% വോട്ടുവിഹിതം ലഭിച്ചു. നിയമസഭയിൽ 70ൽ 67 സീറ്റുകളും എ.എ.പിക്കാണ് ലഭിച്ചത്. 35% വോട്ടുവിഹിതത്തോടെ മൂന്നു സീറ്റുകൾ നേടിയ ബി.ജെ.പി രണ്ടാമതെത്തി. അതുവരെ പ്രധാനപാർട്ടിയായിരുന്ന കോൺഗ്രസ്സിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ഈ അവസ്ഥയിൽ നിന്നും, കഴിഞ്ഞ നാലുവർഷമായി ഡൽഹി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വോട്ടുവിഹിതം 21.9% ആയി ഉയർത്താൻ ഞങ്ങൾക്കു സാധിച്ചു. ഇതാണ് ഡൽഹിയിലെ അവസാന പൊതുജനാഭിപ്രായം. 52.5% ത്തിൽനിന്ന് ആം ആദ്മിയുടെ വോട്ടു വിഹിതം 26.23% ആയി ചുരുങ്ങി. ബി.ജെ.പിയുടേത് ഇപ്പോഴും 35-36ശതമാനത്തിൽ തന്നെ തുടരുകയാണ്.

നിലവിൽ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ കോൺഗ്രസ്സും എ.എ.പിയും പങ്കുവച്ചാൽ ഡൽഹിയിലെ ഏഴു സീറ്റും വിജയിക്കാനാവും. ഡൽഹിയിൽ സഖ്യത്തെക്കുറിച്ച് ആദ്യം ആവശ്യപ്പെട്ടത് എ.എ.പിയാണ്. കോൺഗ്രസ് അതിനോടു പ്രതികരിക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അനുമതിയോടെ ഞാൻ അവരുമായി സംസാരിച്ചു. ഷീലാ ദീക്ഷിതിനെപ്പോലെയുള്ള ഡൽഹിയിലെ ഞങ്ങളുടെ നേതാക്കൾക്ക് എ.എ.പി സഖ്യത്തിൽ യോജിപ്പില്ല. കെജരിവാൾ ആശ്രയിക്കാൻ പറ്റാത്ത നേതാവാണ്. അദ്ദേഹം ആകസ്മികമായാണ് ഡൽഹിയിൽ അധികാരത്തിൽ വന്നത്. സ്ഥിരതയില്ലാത്ത പാർട്ടിയാണ് അദ്ദേഹത്തിന്റേത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇത്തവണ തോറ്റാലും പാർട്ടിയെ ശക്തിപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ പരാജയപ്പെടും. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ നമ്മൾ മുന്നേറാം-ഇതാണ് ഡൽഹിയിലെ ഒരു കൂട്ടം നേതാക്കളുടെ സിദ്ധാന്തം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാടാനുള്ളതല്ല, മറിച്ച് വിജയിക്കാനുള്ളതാണ്. മോദിയെ തോൽപ്പിക്കകുകയാണ് നമുക്ക് വേണ്ടത്.

അപ്പോൾ എവിടെയാണ് തെറ്റുപറ്റിയത്?

ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്ക് എ.എ.പിയുമായി സഖ്യം ചേരുന്നത് ഇഷ്ടമല്ലെന്ന് ഞാൻ രാഹുൽ ഗാന്ധിയോട് സൂചിപ്പിച്ചിരുന്നു. എന്നാൽ, സഖ്യം ചേരുന്നതിനോട് എനിക്ക് യോജിപ്പാണ്. അതിനെ കോൺഗ്രസ് അദ്ധ്യക്ഷനും അംഗീകരിച്ചു. ഇതേത്തുടർന്ന് ഞാൻ കെജരിവാളിന് സന്ദേശമയച്ചു. എന്നാൽ, താൻ ഇന്ത്യയിലുടനീളം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതിനാൽ തുടർ ചർച്ചകൾക്കായി സഞ്ജയ് സിങ്ങിനെ അയക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ രണ്ടുതവണ കൂടിയാലോചന നടത്തി. മറ്റെല്ലാ നേട്ടങ്ങളും പഴയ ചരിത്രമാണ് എന്നും നിങ്ങൾക്ക് 26%വും ഞങ്ങൾക്ക് 22% വും വോട്ടുവിഹിതവുമാണ് ഉള്ളതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

2015ൽ എ.എ.പിക്ക് കിട്ടിയ 54ശതമാനം വോട്ട് അവർക്ക് ഇപ്പോഴില്ല. രജൗരി ഗാർഡനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എ.എ.പി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച തുക പോലും നഷ്ടമായിരുന്നു. ബി.ജൈ.പി ഒന്നും കോൺഗ്രസ് രണ്ടും സ്ഥാനത്തായിരുന്നു. നമ്മൾ വേറിട്ട് മത്സരിക്കകുകയാണെങ്കിൽ ബി.ജെ.പി ജയിക്കും. 2017ലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ എ.എ.പിക്ക് നാലും കോൺഗ്രസിന് മൂന്നും സീറ്റ് ലഭിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. ഞാനും സഞ്ജയ് സിങ്ങും ഇത് അംഗീകരിച്ചു. ഡൽഹിയിൽ ത്രികോണ മത്സരം ഒഴിവാക്കുകയാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം.

ഇതിനു ശേഷം കെജരിവാൾ പാർട്ടി പ്രവർത്തകരുടെ യോഗം വിളിച്ചു. ഈ യോഗത്തിൽ കോൺഗ്രസ്സിന് മൂന്നു സീറ്റുകൾ നൽകില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഡൽഹിക്കു പുറമെ ഹരിയാന, ഛത്തീസ്ഢ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും സഖ്യം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സഞ്ജയ് സിങ് ഈ ആവശ്യം എന്നോടു പറഞ്ഞപ്പോൾ നിങ്ങൾക്ക് ഡൽഹിയിൽ മാത്രമേ സ്വാധീനമുള്ളൂവെന്ന് ഞാൻ പറഞ്ഞു. ഹരിയാനയിൽ എ.എ.പിക്ക് നാല് ശതമാനം പോലും വോട്ടു വിഹിതമില്ല. ഹരിയാനയിൽ കോൺ്രഗസ്സിന്റെ എതിരാളി ഐ.എൻ.എൽ.ഡിയാണ്. ഐ.എൻ.എൽ.ഡിയിൽനിന്നും തെറ്റിപ്പിരിഞ്ഞ ജനനായക് ജനത പാർട്ടി(ജെ.ജെ.പി)യുമായി സഖ്യമുണ്ടാക്കാനാണ് എ.എ.പി ആവശ്യപ്പെടുന്നത്. അത് ഒരിക്കലും സാദ്ധ്യമല്ല. കാരണം ഞങ്ങളുടെ നേതാവ് ഭൂപേന്ദർ സിങ് ഹൂഡപ്രമുഖനായ ജാട്ട് നേതാവാണ്. അതിനാൽ, എ.എ.പി ആവശ്യപ്പെടും പോലെ ജെ.ജെ.പിയെ കൂടെനിർത്താൻ കഴിയില്ല.

തുടക്കത്തിൽ തന്നെ ഹരിയാനയിൽ സഖ്യം കഴിയില്ലെന്ന് ഞാൻ പറഞ്ഞതാണ്. അങ്ങനെ ശ്രമിച്ചാൽ, നമ്മൾ പരാജയപ്പെടും. കോൺഗ്രസ് ഹരിയാനയിൽ ഒറ്റയ്ക്ക് മുന്നോട്ട് പോവും. ഇതിനെ കെജരിവാൾ അംഗീകരിച്ചില്ല. അദ്ദേഹം ഛത്തീസ്ഗഢ്, ഹരിയാന, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ സഖ്യം വേണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി ഒഴികെയുള്ള സ്ഥലങ്ങളിൽ എ.എ.പി അപ്രധാന പാർട്ടിയാണ്. അപ്പോൾ രണ്ടുപേർക്കും ജയിക്കാൻ കഴിയില്ല. ഇവിടെ മൂന്നാമതൊരു പാർട്ടിയില്ല. അതുകൊണ്ടാണ് 4:3 ഫോർമുല നമ്മൾ ആവശ്യപ്പെട്ടത്. കേജരിവാൾ ഡൽഹി ധാരണയിൽ നിന്നും പിന്നോട്ട് പോയി. സഞ്ജയ് സിങ് കൈമലർത്തി. ഇതാണ് ഡൽഹിയിൽ സംഭവിച്ചത്. ഡൽഹിയിൽ സഖ്യം വേണമെന്നാണ് ഞങ്ങളുടെയും ആവശ്യം. ത്രികോണ മത്സരം ഒഴിവാക്കേണ്ടതുണ്ട്. ഇതിന്റെ ഗുണം ബി.ജെ.പിക്കാണ് ലഭിക്കുക.

ഡൽഹിയിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 26 ആണ്. ഇതിനു മുന്നോടിയായി ഡൽഹിയിൽ സഖ്യ സാദ്ധ്യതയുണ്ടോ? എന്തെങ്കിലും പ്രതീക്ഷ ഇക്കാര്യത്തിൽ വെക്കാമോ

ഞങ്ങൾ തയ്യാറാണ്. കെജരിവാൾ ആത്മാർത്ഥമായി സമീപിച്ചാൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിൻവലിക്കാൻ തയ്യാറാണ്. നമ്മൾ നാലു പേരെ പിൻവലിക്കാം. ഷീലാ ദീക്ഷിത് ഉൾപ്പെടെ നാലു മുതിർന്ന നേതാക്കളെയാവും കോൺഗ്രസ് പിൻവലിക്കുക. ഇത് എളുപ്പമുള്ള കാര്യമല്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. എന്നാൽ, കെജരിവാളിന് സഖ്യത്തോട് താല്പര്യമില്ല. ഇന്ന് കെജരിവാളിന്റെ ഉദ്ദേശ്യത്തിൽ എനിക്ക് ശങ്കയുണ്ട്. എന്തുകൊണ്ടെന്നാൽ, മൂന്നു മാസം മുമ്പ് ഏഴു സീറ്റിലും ബി.ജെ.പിയെ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവർക്ക് കൃത്യമായ തത്വശാസ്ത്രമില്ല. പ്രതിബദ്ധതയില്ല. അവരുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് എവിടെ?

എന്നിട്ടും എ.എ.പി കോൺഗ്രസ്സുമായി എന്തിന് ചർച്ച നടത്തി

ഡൽഹിയെ സ്വാധീനിച്ച് കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. യോഗേന്ദ്ര യാദവ് തുടങ്ങിയ അവരുടെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോയത് നിങ്ങൾ നോക്കുക. പഞ്ചാബിൽ എ.എ.പി മൂന്നായി വിഭജിച്ചു. മികച്ച നേതാക്കൾ പാർട്ടി വിട്ടു പോയി. അതുകൊണ്ട് ഡൽഹിയെ വെച്ച് ഹരിയാനയിൽ സ്വാധീനമുറപ്പിക്കാനുള്ള തന്ത്രമാണ് അവർ നടത്തുന്നത്. അതിന് കോൺഗ്രസ് കൂട്ടുനിൽക്കില്ല. ആരും അതിനെ അംഗീകരിക്കില്ല. ഡൽഹിയിൽ മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്, എ.എ.പിയുമായി സഖ്യം ചേരൂ. ഡൽഹിയിലാണെങ്കിൽ അവർ സന്നദ്ധമാവുന്നില്ല. ഞങ്ങൾ തയ്യാറാണ്.

ഏപ്രിൽ 26ന് മുമ്പ് സഖ്യമുണ്ടായാൽ നിങ്ങളുടെ മുതിർന്ന നേതാക്കൾ പത്രിക പിൻവലിക്കുമെന്ന് ഉറപ്പുണ്ടോ

ഞങ്ങൾ അത് ചെയ്യും. പക്ഷേ, ഏഴു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നമുക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ന്യൂനപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ എന്നെ കാണാൻ വന്നിരുന്നു. അവർ മോദിക്കെതിരെ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിന്തുണ നല്കാമെന്നാണ് അറിയിച്ചത്. പട്ടികജാതി-വർഗ്ഗ വിഭാഗക്കാരും കോൺഗ്രസ്സിന് ഒപ്പമാണ്. ഞങ്ങൾക്ക് നഷ്ടമായ പരമ്പരാഗത പിന്തുണ തിരിച്ചു ലഭിക്കുകയാണ്. ഇതാണ് സ്വന്തമായി മത്സരിക്കാനുള്ള യോജിച്ച സമയം. 2-3 സീറ്റുകളിൽ ഞങ്ങൾ ജയിക്കും. എഴു സീറ്റിലും ഞങ്ങൾ രണ്ടാമതെങ്കിലും എത്തും. 2019 ലെ തെരഞ്ഞെടുപ്പിൽ മോദിയെ താഴെയിറക്കലാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടി ഏതു വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറാണ്.

കോൺഗ്രസ് 15 വർഷം ഡൽഹി ഭരിച്ചു. ഇപ്പോൾ നിങ്ങൾ കാണുന്ന ആധുനിക നഗരമായ ഡൽഹി ഉണ്ടാക്കിയത് ആ ഭരണകാലത്താണ്. എന്നാൽ, വൈദ്യുതി, വെള്ളം തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട വിധം ശ്രദ്ധിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല. അനധികൃത കോളനികളിലും ചേരികളിലും ജനങ്ങൾ കഷ്ടപ്പെടുകയായിരുന്നു. അവ ഒരുവേള അനായാസം പരിഹരിക്കാനാവുമായിരുന്നു. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം ദീക്ഷിത് സർക്കാരിനാണ്.

ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ ചില വീഴ്ചകൾക്ക് ജനങ്ങൾ ഞങ്ങളെ ശിക്ഷിച്ചു. ഇപ്പോൾ ഞങ്ങൾ തിരിച്ചുവരണം എന്നവർ ആഗ്രഹിക്കുന്നു. ഈ സാഹചര്യം ഞങ്ങൾ ഉപയോഗിക്കും. നിങ്ങളുടെ പിഴവുകൊണ്ടല്ല ഒറ്റയ്ക്ക് മത്സരിക്കാൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുന്നു. അതിൽ നിരാശയില്ല. നല്ല ഫലം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഡൽഹിയിൽ പ്രചാരണത്തിന് രാഹുലിനെയും പ്രിയങ്കയെയും കാണാൻ കഴിയുമോ

അതെ, പ്രചാരണത്തിൽ പങ്കെടുക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ ഡൽഹിയിൽ ഉണ്ടാവും. എഴു മണ്ഡലങ്ങളിലും റോഡ് ഷോ നടത്താനാണ് ഉദ്ദേശിക്കുന്നത്. മൻമോഹൻ സിങ്, സോണിയാ ഗാന്ധി എന്നിവരുടെ പൊതു പരിപാടിയും ഉണ്ടാവും.

ഡൽഹിയിൽ കോൺഗ്രസ്സിന്റെ സാദ്ധ്യതകൾ എന്തൊക്കെയാണ്

എ.എ.പിയെ തുടച്ചുനീക്കി ഏഴു സീറ്റുകളിലും കോൺഗ്രസ് -ബി.ജെ.പി മത്സരം നടക്കുമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മറ്റുള്ളവരേക്കാൾ കൂടുതൽ മെച്ചപ്പെട്ട സ്ഥാനാർത്ഥികളാണ് ഞങ്ങളുടേത്. സമ്പൂർണ്ണ പരാജയം ഒഴിവാക്കി കുറച്ചെങ്കിലും സീറ്റ് നമുക്ക് നേടാൻ കഴിയുമോയെന്ന് നോക്കാം.

2014ൽ നിന്നും 2019ൽ എന്തു വ്യത്യാസമാണ് നിങ്ങൾ കാണുന്നത്

2014ൽ മോദി തരംഗമായിരുന്നു. അതിനു ശേഷം രാഷ്ട്രീയം ഉണ്ടായിട്ടില്ല. നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നടത്തിയത്. ഇത് വളരെ അപൂർവ്വമായേ രാഷ്ട്രീയത്തിൽ സംഭവിക്കാറുള്ളൂ. എന്നാൽ, ഒന്നും തന്നെ നടപ്പിൽ വന്നില്ല. മൻമോഹൻ സിങ്ങിന്റെ സർക്കാർ രാജ്യത്തിന് നിരവധി സംഭാവനകളാണ് നൽകിയത്. സാമ്പത്തിക രംഗം മെച്ചപ്പെട്ടു. ജീവിത സാഹചര്യവും ഉയർന്നു. എന്നാൽ, അഞ്ചു വർഷവും മോദി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ല. അദ്ദേഹം ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ആശ്രയിക്കാൻ പറ്റാത്ത നേതാവായാണ് ജനങ്ങൾ ഇപ്പോൾ മോദിയെ കാണുന്നത്. രാഹുൽ ഗാന്ധിയെയാണ് അവർക്ക് ആവശ്യം. എന്നാൽ, രാഹുലിനെതിരെ ബി.ജെ.പി നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്നാൽ ഇന്ന്, മോദിയുടെ പ്രതാപം താഴുകയും രാഹുലിന്റേത് ഉയരുകയുമാണ്. ഭാവി നേതാവായി യുവാക്കൾ രാഹുൽ ഗാന്ധിയെയാണ് പ്രതീക്ഷിക്കുന്നത്.

വിവർത്തനം: പി. ഷബീബ് മുഹമ്മദ്

കടപ്പാട്: ഡെക്കാൻ ഹെറാൾഡ്

Read More >>