താങ്കൾ ഞങ്ങൾക്കു പ്രചോദനമാണ്, മാതൃകയാണ്; സ്ഥലംമാറ്റം ചെയ്യപ്പെട്ട ജസ്റ്റിസ് മുരളീധറിന് നന്ദി പറഞ്ഞ് അഭിഭാഷകർ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പരിഗണിക്കാനിരിക്കെയാണ് സ്ഥലം മാറ്റ ഉത്തരവ് വന്നത്

താങ്കൾ ഞങ്ങൾക്കു പ്രചോദനമാണ്, മാതൃകയാണ്; സ്ഥലംമാറ്റം ചെയ്യപ്പെട്ട ജസ്റ്റിസ് മുരളീധറിന് നന്ദി പറഞ്ഞ് അഭിഭാഷകർ

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിനു ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടതിനു പിന്നാലെ സ്ഥലംമാറ്റം ചെയ്യപ്പെട്ട ഡൽഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മുരളീധറിന് നന്ദി പറഞ്ഞ് ഹൈക്കോടതി ബാർ അസോസിയേഷൻ. ജസ്റ്റിസ് മുരളീധർ തങ്ങൾക്കു പ്രചോദനവും മാതൃകയുമാണെന്ന് ബാർ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

"താങ്കളുടെ നേതൃത്വം എല്ലാ ബാർ അംഗങ്ങൾക്കും പ്രചോദനമാണ്. താങ്കളെ മാതൃകയാക്കി ജീവിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു"- ബാർ അംഗം പറഞ്ഞു.

ഡൽഹി ഹൈക്കോടതി ജഡ്ജായുള്ള അവസാന ദിനത്തിൽ ബാർ അംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുവ അംഗങ്ങളിൽ നിന്നു വളരെ വലിയ പ്രസംസയാണ് ലഭിച്ചത്. ജസ്റ്റിസ് വി കമലേശ്വറിനൊപ്പമാണ് ജസ്റ്റിസ് മുരളീധർ അവസാന വിധി പ്രസ്താവിച്ചത്. ഈ കോടതിയിലെ തന്റെ അവസാനത്തെ നിയമ നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുമായി രാഷ്ട്രപതി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പരിഗണിക്കാനിരിക്കെയാണ് സ്ഥലം മാറ്റ ഉത്തരവ് വന്നത്. ഫെബ്രുവരി 12ന് ഇദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യാൻ സുപ്രിം കോടതി കൊളീജിയം നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ബാർ അസോസിയേഷൻ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഡൽഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നാമത്തെ ജഡ്ജാണ് ജസ്റ്റിസ് മുരളീധർ. കലാപത്തിൽ വിശദമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയാണ് ഇന്ന് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് പരിഗണിച്ചത്. കേസ് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സോളിസിറ്റർ ജനറലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. ആവശ്യമായ വിവരങ്ങളുമായി അടുത്തദിവസം തിരിച്ച് വരാമെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.

എന്നാൽ കപിൽ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. എന്തുകൊണ്ട് വിഷയത്തിൽ നപടിയെടുത്തില്ലെന്ന് പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്തു. എന്നാൽ വീഡിയോ കണ്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി. തുടർന്ന് വീഡിയോ ഹൈക്കോടതിയിൽ പ്രദർശിപ്പിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ ബുധനാഴ്ച തന്നെ കേസെടുക്കാനും ജസ്റ്റിസ് മുരളീധർ ആവശ്യപ്പെട്ടിരുന്നു. കേസ് എടുക്കാൻ എന്തു കൊണ്ടാണ് വൈകിയത് എന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എല്ലാ വിദ്വേഷ പ്രസംഗങ്ങളും ഇന്ന് തന്നെ ഇരുന്നു കണ്ട് നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്തു കൊണ്ടാണ് കപിൽ മിശ്ര, പർവേശ് ശർമ്മ, അനുരാഗ് ഠാക്കൂർ, അഭയ് വർമ്മ തുടങ്ങിയ ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാത്തത്? - എന്നായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ ചോദ്യം. പൊതുസ്വത്ത് നശിപ്പിച്ചതിന് എതിരെ നിങ്ങൾ കേസെടുത്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസില്ല. നിങ്ങൾക്ക് ഒരു കുറ്റം നടക്കുന്നത് അറിയില്ലേ? വീഡിയോകൾ പ്രകോപനപരമാണ് എന്ന് സോളിസിറ്റർ ജനറൽ പറയുന്നു. കേസെടുക്കാത്തതെന്ത്? രാജ്യം മുഴുവൻ ചോദിക്കുന്നത് ആ ചോദ്യമാണ്. കേസെടുത്തിട്ടില്ല എങ്കിൽ അതിന്റെ പ്രത്യാഘാതം ഓർക്കണം- കോടതി മുന്നറിയിപ്പു നൽകിയിരുന്നു.

Next Story
Read More >>