ഓക്‌സിജന്‍ ഇല്ല, ഇപ്പോള്‍ കട്ടിലുമില്ല, യു.പി യിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീ വരാന്തയില്‍ പ്രസവിച്ചു

2017ല്‍ ഓക്‌സിജന്‍ ലഭ്യതയില്ലാതെ നിരവധി നവജാത ശിശുക്കള്‍ ഈ ആശുപത്രിയില്‍ മരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഓക്‌സിജന്‍ ഇല്ല, ഇപ്പോള്‍ കട്ടിലുമില്ല, യു.പി യിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീ വരാന്തയില്‍ പ്രസവിച്ചു

ഫറൂഖാബാദ്: ഓക്‌സിജന്‍ ലഭ്യതയില്ലാത്തതിനാല്‍ നിരവധി ചോരക്കുഞ്ഞുങ്ങളുടെ ജീവനറ്റുവീണ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ ആശുപത്രിയില്‍ പ്രസവിക്കാന്‍ കട്ടിലാണ് ഇല്ലാത്തത്. ലേബര്‍ റൂമില്‍കട്ടിലില്ലെന്ന് പറഞ്ഞ് മടക്കിയയച്ച സ്ത്രീ ആശുപത്രി രാന്തയില്‍ പ്രസവിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ലേബര്‍ റൂമില്‍ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് നഴ്‌സുമാര്‍ മടക്കി അയക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ യുവതി ആശുപത്രി വാരന്തയില്‍ പ്രസവിച്ചു.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു അമ്മയും കുഞ്ഞും. ബന്ധുവായ മറ്റൊരു സ്ത്രീയെത്തിയാണ് കുഞ്ഞിനെ തുണിയില്‍ പൊതിയുന്നത്. പ്രസവിച്ച ശേഷം യുവതിയെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റി. സംഭവത്തില്‍ ജില്ല മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫറൂഖാബാദിലെ ഏക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണിത. 2017ല്‍ ഓക്‌സിജന്‍ ലഭ്യതയില്ലാതെ നിരവധി നവജാത ശിശുക്കള്‍ ഈ ആശുപത്രിയില്‍ മരിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Read More >>