പള്ളി നിർമ്മിക്കാൻ അയോദ്ധ്യക്ക് പുറത്ത് സ്ഥലം കൊടുത്താൽ മതി: വി.എച്ച്.പി

പതിറ്റാണ്ടുകൾ നീണ്ട അയോദ്ധ്യ കേസിൽ നവംബർ ഒമ്പതിന് രാവിലെയാണ് സുപ്രിം കോടതി വിധി പറഞ്ഞത്

പള്ളി നിർമ്മിക്കാൻ അയോദ്ധ്യക്ക് പുറത്ത് സ്ഥലം കൊടുത്താൽ മതി: വി.എച്ച്.പി

നാഗ്പൂർ: പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് അയോദ്ധ്യ മുനിസിപ്പൽ പരിധിക്ക് പുറത്തായിരിക്കണം സ്ഥലം അനുവദിക്കേണ്ടതെന്ന് വി.എച്ച്.പി. '2018 ഡിസംബറിൽ അയോദ്ധ്യയും ഫൈസാബാദും ഒറ്റ മുനിസിപ്പാലിറ്റിയാക്കി മാറ്റുന്നതിന് മുമ്പ് വരെ അയോദ്ധ്യ വളരെ ചെറിയ പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ സുന്നി വഖഫ് ബോർഡിന് ഭുമി അനുവദിക്കുന്നത് പഴയ അയോദ്ധ്യ മുനിസിപ്പാലിറ്റിക്ക് പുറത്തായിരിക്കണം.'-വി.എച്ച്.പി നേതാവ് ചംമ്പാത്രെ പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് രൂപീകരിക്കുന്ന ട്രസ്റ്റിന്റെ തലവനായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ചുമതലയേൽക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അത് ഒരിക്കലും സംഭവിക്കില്ല എന്നായിരുന്നു മറുപടി. 2020ഓടെ ട്രസ്റ്റ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ തർക്ക ഭൂമി ക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകാനുള്ള മുസ് ലിം കക്ഷികളുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: 'അത് അവരുടെ നിയമപരമായ അവകാശമാണ്. ഇത്തരം നീക്കങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ല. കോടതി വിട്ടുപോയതോ ടൈപ്പിങ്ങിൽ തെറ്റുപറ്റിയതോ ആയ ഏതെങ്കിലും കാര്യത്തിലായിരിക്കും റിവ്യൂ ഹർജി നൽകിയത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സാധാരണക്കാരനെന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്.'

സുപ്രിം കോടതി വിധിയിൽ ആറ് പുനപരിശോധനാ ഹർജികളാണ് സമർപ്പിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകൾ നീണ്ട അയോദ്ധ്യ കേസിൽ നവംബർ ഒമ്പതിന് രാവിലെയാണ് സുപ്രിം കോടതി വിധി പറഞ്ഞത്. തർക്കപ്രദേശം സമ്പൂർണ്ണമായി ക്ഷേത്രനിർമാണത്തിന് വിട്ടു കൊടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും മുസ്ലിംകൾക്ക് പള്ളി പണിയാനായി അയോദ്ധ്യയിൽ തന്നെ അഞ്ചേക്കർ അനുവദിക്കണമെന്നും കോടതി വിധിച്ചു. എന്നാൽ സ്ഥലം വേണ്ടെന്ന നിലപാടിലാണ് കേസിലെ പ്രധാന മുസ്ലിം കക്ഷിയായ സുന്നി വഖ്ഫ് ബോർഡ്.

വിധി പറയവെ, 1949ൽ പള്ളിയിൽ വിഗ്രഹം കൊണ്ടുവച്ചതും 1992ൽ പള്ളി കർസേവകർ തകർത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് നിയമരാഹിത്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഭൂമി ഹിന്ദു കക്ഷികൾക്ക് വിട്ടു കൊടുക്കാനുള്ള കോടതി വിധിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സുപ്രിം കോടതി മുൻ ജസ്റ്റിസ് എ.കെ ഗാംഗുലി അടക്കമുള്ളവർ വിധിയെ പരസ്യമായി വിമർശിച്ചിരുന്നു.

Next Story
Read More >>