താലിബാൻ മാതൃകയിൽ രാജ്യം ഭരിക്കാനാകില്ല, ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തെറ്റ്; ദീപികയ്ക്ക് പിന്തുണയുമായി സഞ്ജയ് റാവുത്ത്

ജെ.എൻ.യുവിൽ എ.ബി.വി.പിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ദീപികയ്ക്കെതിരെ നേരത്തെ ബി.ജെ.പി രംഗത്തു വന്നിരുന്നു

താലിബാൻ മാതൃകയിൽ രാജ്യം ഭരിക്കാനാകില്ല, ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തെറ്റ്; ദീപികയ്ക്ക് പിന്തുണയുമായി സഞ്ജയ് റാവുത്ത്

മുംബൈ: ബി.ജെ.പിയുടെ രൂക്ഷ വിമർശനത്തിന് പാത്രമായ ദീപിക പദുക്കോണിന് പൂർണ്ണ പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ്‌റാവുത്ത്. താലിബാൻ മാതൃകയിൽ രാജ്യത്തെ കൊണ്ടുപോകാനാകില്ലെന്ന് റാവുത്ത് പറഞ്ഞു. ശിവസേന എം.പിയും പാർട്ടി പത്രമായ സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ് സഞ്ജയ് റാവുത്ത്. 'നടിയേയും അവരുടെ സിനിമയേയും ബഹിഷ്‌കിരക്കാൻ ആഹ്വാനം ചെയ്യുന്നത് തെറ്റായ നടപടിയാണ്. താലിബാൻ മാതൃകയിൽ രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല.'-റാവുത്ത് പറഞ്ഞു.

ജെ.എൻ.യുവിൽ എ.ബി.വി.പിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ദീപികയ്ക്കെതിരെ നേരത്തെ ബി.ജെ.പി രംഗത്തു വന്നിരുന്നു. പുതുതായി പുറത്തിറങ്ങിയ അവരുടെ സിനിമ ഛപാക് ബഹിഷ്‌കരിക്കണമെന്നും ചില ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടുരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ദീപികയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കോൺഗ്രസ് സർക്കാറുകൾ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചു.ദീപിക പദുക്കോണിനെ അന്താരാഷ്ട്ര ചലചിത്ര പുരസ്‌കാര വേദിയിൽ ആദരിക്കാനും മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാൽ ആദ്യമായാണ് ചലചിത്ര പുരസ്‌കാരച്ചടങ്ങിന് വേദിയാകുന്നത്. ഭോപ്പാലിന് പുറമേ, വ്യവസായ നഗരമായ ഇൻഡോറും പ്രദർശനങ്ങൾ നടക്കുന്നുണ്ട്. പബ്ലിക് റിലേഷൻ വകുപ്പു മന്ത്രി പി.സി ശർമ്മയാണ് ദീപികയെ ആദരിക്കുമെന്ന് വ്യക്തമാക്കിയത്. 90 രാജ്യങ്ങളിൽ പ്രദർശനം സംപ്രേഷണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 700 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോൺഗ്രസിന് പുറമേ, യു.പിയിൽ സമാജ്വാദി പാർട്ടിയും നടിക്കു പിന്തുണയുമായി എത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്കായി സംസ്ഥാനത്തെ ചിലയിടങ്ങളിൽ സിനിമാ ഹാളുകൾ മുഴുവൻ പാർട്ടി ബുക്കു ചെയ്തിരുന്നു. അതിനിടെ, നൃത്തം ചെയ്യുകയാണ് ദീപികയുടെ ജോലിയെന്നും അവർ അതു ചെയ്താൽ മതിയെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു. രാഷ്ട്രീയം കളിക്കുകയാണ് എങ്കിൽ അവർ അതിൽ ഇറങ്ങട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി പ്രവർത്തർ വെള്ളിയാഴ്ച ഛപകിന്റെ പോസ്റ്റർ കത്തിക്കുകയും ചെയ്തു.

Next Story
Read More >>