ഒരു വശത്ത് രാമക്ഷേത്രം പണിയുന്നു, മറുവശത്ത് സീതയെ ചുട്ടുകൊല്ലുന്നു; പാർലമെന്റിൽ പൊട്ടിത്തെറിച്ച് അധിർ ചൗധരി

കഴിഞ്ഞദിവസം കേസിൽ വാദം കേൾക്കുന്നതിനായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ഉന്നാവോ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്

ഒരു വശത്ത് രാമക്ഷേത്രം പണിയുന്നു, മറുവശത്ത് സീതയെ ചുട്ടുകൊല്ലുന്നു; പാർലമെന്റിൽ പൊട്ടിത്തെറിച്ച് അധിർ ചൗധരി

ന്യൂഡൽഹി: ഹൈദരാബാദിൽ മൃഗഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ഉന്നാവോ ഇരയ്ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുകുയം ചെയ്ത സംഭവത്തിൽ പാർലമെന്റിൽ ബി.ജെ.പിക്കെതിരെ പൊട്ടിത്തെറിഞ്ഞ് കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരി. "എവിടെയാണ് ജനങ്ങൾ പോകുക? തെലുങ്കാനയിലും ഉന്നാവോയിലും ബലാത്സംഗം നടന്നു. ഒരു വശത്ത് രാമക്ഷേത്രം നിർമ്മിക്കുമ്പോൾ മറുവശത്ത് സീത കത്തിയമരുകയാണ്."- ചൗധരി പറഞ്ഞു.

ഉന്നാവോ ബലാത്സംഗ ഇരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ ലോക്‌സഭയിൽ നിന്ന് വോക്ക് ഔട്ട് നടത്തി. "ഉന്നാവോ ഇരയ്ക്ക് 95 ശതമാനം പൊള്ളലേറ്റു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? എങ്ങനെയാണ് ക്രിമിനലുകൾക്ക് ഇത്ര ധൈര്യം കിട്ടുന്നത്?"-അധിർ ചൗധരി ചോദിച്ചു.

അപ്‌നാ ദൾ നേതാവ് അനുപ്രിയയും ഉന്നാവോ, തെലുങ്കാന സംഭവത്തിൽ വിമർശനമുന്നയിച്ചു. "ഉന്നാവോയിൽ സംഭവിച്ചത് ലജ്ജാകരമാണ്. ഇത് ഉണ്ണാവോയുടെയോ തെലുങ്കാനയുടെയോ മാത്രമല്ല, മുഴുവൻ രാജ്യത്തിന്റെയും പ്രശ്‌നമാണ്. ബലാത്സംഗകാരിയെ തൂക്കിലേറ്റുന്നത് വരെ ഇതിൽ നമുക്ക് ഒരു മാതൃകയും ഭയവും സ്ഥാപിക്കാൻ കഴിയില്ല"- അനുപ്രിയ പട്ടേൽ പറഞ്ഞു.

കഴിഞ്ഞദിവസം കേസിൽ വാദം കേൾക്കുന്നതിനായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ഉന്നാവോ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു സംഭവം.

ഹൈദരാബാദില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ മ‍ൃഗഡോക്ടറായ 26കാരിയേയും പ്രതികള്‍ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു.

Next Story
Read More >>