രാഹുലും സംഘവും ശ്രീനഗറിൽ; പുറത്തിറക്കാതെ ഭരണകൂടം

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സന്ദർശനത്തിൽ നിന്ന് പിൻമാറണമെന്ന് വാർത്താവിതരണ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു

രാഹുലും സംഘവും ശ്രീനഗറിൽ; പുറത്തിറക്കാതെ ഭരണകൂടം

ശ്രീനഗർ: ഗവർണർ സത്യപാൽ മാലികിന്റെ വെല്ലുവിളി ഏറ്റെടുത്ത് കശ്മീർ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയേയും സംഘത്തേയും ശ്രീനഗർ വിമാനത്താവളത്തിനു പുറത്തുകടക്കാൻ അനുവദിച്ചില്ല. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരടങ്ങുന്ന സംഘം ശ്രീനഗറിൽ എത്തിയെങ്കിലും പുറത്തിറങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാതിരിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഘം ശ്രീനഗറിൽ എത്തിയത്. സംഘത്തെ കാണാൻ മാദ്ധ്യമപ്രവർത്തകരെ അനുവദിച്ചില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി സംസാരിക്കാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.പ്രതിപക്ഷ നേതാക്കൾക്കൊപ്പം ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് രാഹുൽ വിമാന യാത്ര ആരംഭിച്ചത്.

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സന്ദർശനത്തിൽ നിന്ന് പിൻമാറണമെന്ന് വാർത്താവിതരണ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിർത്തിയിലെ തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന ഈ സന്ദർശം ഒഴിവാക്കണം. കശ്മീരിലെ ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് പ്രധാന്യം നൽകുന്നതെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടത്.

നേരത്തെ ഗുലാം നബി ആസാദ് രണ്ടു തവണ കശ്മീർ സന്ദർശനത്തിന് ഒരുങ്ങിയിരുന്നെങ്കിലും വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. കശ്മീരിലെ അവസ്ഥ സാധാരണ ഗതിയിലായെന്ന് സർക്കാർ പറയുന്നത് ശരിയാണെങ്കിൽ എന്തിനാണ് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ആസാദ് ചോദിച്ചു. യാത്രയ്ക്ക് വിമാനം അയക്കാമെന്ന സത്യപാൽ മാലികിന്റെ പ്രസ്താവനയ്ക്ക മറുപടിയായി, യാത്രക്ക് വിമാനം വേണ്ടെന്നും സ്വതന്ത്രമായി യാത്രചെയ്യാനും ജനങ്ങളെയും പട്ടാളക്കാരെയും കാണാനും അനുവദിച്ചാൽ മതിയെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

Next Story
Read More >>