രാഹുലും പ്രിയങ്കയും കലാപത്തിന് പ്രേരിപ്പിക്കുകയാണ്; അറസ്റ്റിലായവരുടെ വീട് സന്ദർശിച്ച് അത് തെളിയിച്ചിരിക്കുന്നു- ആരോപണവുമായി അമിത്ഷാ

അതേസമയം, ഡൽഹി ലജ്പത് നഗറിൽ പൗരത്വ ദേഭദഗതി നിയമത്തിൽ ജനങ്ങളുടെ പിന്തുണ നേടാൻ വീട് കയറിയുള്ള ബിജെപിയുടെ പ്രചാരണത്തിനെത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധമുണ്ടായി

രാഹുലും പ്രിയങ്കയും കലാപത്തിന് പ്രേരിപ്പിക്കുകയാണ്; അറസ്റ്റിലായവരുടെ വീട് സന്ദർശിച്ച്  അത് തെളിയിച്ചിരിക്കുന്നു- ആരോപണവുമായി അമിത്ഷാ

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്നലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ബി.ജെ.പിയുടെ ജനസമ്പർക്ക റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് രാഹുലും പ്രിയങ്കയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ വീടുകൾ സന്ദർശിച്ചതിലൂടെ കലാപത്തിന് പിന്തുണ നൽകുകയാണ് ചെയ്തതെന്ന് ഷാ ആരോപിച്ചു.

പാകിസ്താനിലെ ഗുരുദ്വാര നൻകാര സാഹെബിലെ ആക്രമണത്തെക്കുറിച്ചും അമിത്ഷാ സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർക്കുള്ള ഉത്തരമാണ് ഗുരുദ്വാരയിലെ അക്രമസംഭവമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. 'പറയൂ, ഗുരുദ്വാര നൻകാന സാഹെബിൽ ആക്രമിക്കപ്പെട്ടവർ ഇന്ത്യയിലേക്കല്ലെങ്കിൽ പിന്നെ എവിടേക്കാണ് അവർ പോകുക?- അമിത്ഷാ ചോദിച്ചു.

'കെജരിവാളും രാഹുലും പ്രിയങ്കയും ദലിത് വിരുദ്ധരാണ്. പ്രധാനമന്ത്രി പൗരത്വ ഭേദഗതി നിയമവുമായി വന്നു. ക്യാബിനറ്റും പിന്നീട് പാർലമെന്റും ഈ ബിൽ പാസാക്കി. കെജരിവാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അക്രമമുണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാരിനെയാണോ ഡൽഹിക്ക് ആവശ്യം'- ഷാ ചോദിച്ചു.

അതേസമയം, ഡൽഹി ലജ്പത് നഗറിൽ പൗരത്വ ദേഭദഗതി നിയമത്തിൽ ജനങ്ങളുടെ പിന്തുണ നേടാൻ വീട് കയറിയുള്ള ബിജെപിയുടെ പ്രചാരണത്തിനെത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധമുണ്ടായി.

ബിജെപി പ്രവർത്തകരോടൊപ്പം ആദ്യ വീട് സന്ദർശിച്ച് പുറത്തിറങ്ങിയപ്പോൾ ഒരു വീടിന്റെ മൂന്നാം നിലയിൽനിന്ന് 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കുകയും 'ഷെയിം' എന്നെഴുതിയ ബാനർ പ്രദർശിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതിന് പിന്നാലെ യുവതികളും പ്രദേശത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും എന്നാണ് റിപ്പോർട്ടുകൾ.

Next Story
Read More >>