ധൈര്യമുണ്ടെങ്കിൽ രാജ്യത്തെ വിദ്യാർത്ഥികളോട് സംസാരിക്കൂ; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

രാജ്യം മുമ്പെങ്ങുമില്ലാത്ത സംഘർഷാവസ്ഥയിലാണെന്നു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു

ധൈര്യമുണ്ടെങ്കിൽ രാജ്യത്തെ വിദ്യാർത്ഥികളോട് സംസാരിക്കൂ; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടെങ്കിൽ രാജ്യത്തെ വിദ്യാർത്ഥികളോട് സംസാരിക്കണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമാണ് രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാനാണു മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

യുവാക്കളുടെ ശബ്ദം അടിച്ചമർത്തുന്നതിനു പകരം അവരെ കേൾക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക തകർച്ചയെക്കുറിച്ചും തൊഴിൽ നഷ്ടത്തെക്കുറിച്ചും അവരോട് സംവദിക്കാൻ മോദി തയാറാകണം. വിദ്യാർത്ഥികളെ അഭിമുഖീകരിക്കാനോ അവരോട് സംവദിക്കാനോ മോദിക്കു ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. 'പൊലീസ് സംരക്ഷണമില്ലാതെ വിദ്യാർത്ഥികളുടെ അടുത്തേക്ക് പോകൂ. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അവരോട് പറയൂ.'- രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാജ്യം മുമ്പെങ്ങുമില്ലാത്ത സംഘർഷാവസ്ഥയിലാണെന്നു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിളിച്ച യോഗത്തിൽ 20 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. ആംആദ്മി പാർട്ടിയും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.എസ്.പി നേതാവ് മായാവതിയും യോഗത്തിൽ നിന്നു വിട്ടുനിന്നു.

Next Story
Read More >>