ഭൗതികമായിട്ടേയുള്ളൂ, വൈകാരികമായി കശ്മീർ ഇന്ത്യയ്‌ക്കൊപ്പമല്ല; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അധിർ രഞ്ജൻ ചൗധരി

കോൺഗ്രസ് നേതാവ് പി.ചിദംബരവും പ്രിയങ്കാ ഗാന്ധിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

ഭൗതികമായിട്ടേയുള്ളൂ, വൈകാരികമായി കശ്മീർ ഇന്ത്യയ്‌ക്കൊപ്പമല്ല; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയ്ക്കും ഒമർ അബ്ദുള്ളയ്ക്കുമെതിരെ പൊതുസുരക്ഷാ വകുപ്പ് ചുമത്തിയതിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരി. ഭൗതികമായിട്ടുമാത്രമാണ് കശ്മീർ ഇന്ത്യയ്‌ക്കൊപ്പമുള്ളതെന്നും വൈകാരികമായി അവർ കൂടെയില്ലെന്നും ചൗധരി പറഞ്ഞു. മെഹ്ബൂബ മുഫ്തിയേയും ഒമർ അബ്ദുള്ളയേയും വ്യാഴാഴ്ച പാർലമെന്റിൽ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ചൗധരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ' ഇത്തരത്തിൽ നിങ്ങള്‍ക്കു കശ്മീരിനെ ഭരിക്കാനാകില്ല'- ചൗധരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

"ഇന്നലെ പാർലമെന്റിൽ പ്രധാനമന്ത്രി ഒമർ അബ്ദുള്ളക്കെതിരേയും മെഹ്ബൂബ മുഫ്തിക്കെതിരേയും സംസാരിച്ചു. രാത്രി അവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. നിങ്ങൾക്ക് ഇതുപോലെ കശ്മീർ ഭരിക്കാൻ കഴിയില്ല. ഭൗതികമായി കാശ്മീർ ഇന്ത്യക്കൊപ്പമുണ്ടെങ്കിലും വൈകാരികമായി ഇല്ല"- അധിർ രഞ്ജന്‍ ചൗധരി പറഞ്ഞു.

കോൺഗ്രസ് നേതാവ് പി.ചിദംബരവും പ്രിയങ്കാ ഗാന്ധിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'കുറ്റം ചെയ്യാതെ ഒരാളെ തടവിലിടുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്. അന്യായമായ നിയമങ്ങൾ പാസാക്കുമ്പോഴും അന്യായമായ നിയമങ്ങൾ നടപ്പാക്കുമ്പോഴും സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ജനങ്ങൾക്ക് എന്ത് മാർഗമാണുള്ളത്?'- എന്നായിരുന്നു പി.ചിദംബരം ചോദിച്ചത്.

എന്ത് അടിസ്ഥാനത്തിലാണ് ഒമർ അബ്ദുള്ളയ്ക്കും മെഹ്ബൂബ മുഫ്തിക്കും മേൽ പൊതുസുരക്ഷാ വകുപ്പ് ചുമത്തിയതെന്ന് പ്രിയങ്ക ചോദിച്ചു. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ വിമർശനം. 'എന്ത് അടിസ്ഥാനത്തിലാണ് ഒമർ അബ്ദുള്ളയ്ക്കും മെഹ്ബൂബ മുഫ്തിക്കും മേൽ പി.എസ്.എ ചുമത്തിയത്. അവർ ഇന്ത്യൻ ഭരണഘടന ഉർത്തിപ്പിടിച്ചു, ജനാധിപത്യ പ്രക്രിയയ്ക്കു അനുസരിച്ചു, ഒരിക്കലും അക്രമത്തിനും ഭിന്നിപ്പിനും കാരണക്കാരായില്ല. സ്വതന്ത്രരാവാൻ അവർക്ക് അർഹതയുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാതെ അനിശ്ചിതമായി തടവിലാക്കപ്പെടരുത്'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

നേരത്തെ ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻമുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ളക്ക് നേരേയും പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി ആറ് മാസങ്ങൾ പിന്നിടുമ്പോഴാണ് കശ്മിരീലെ നേതാക്കൾക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തുന്നത്. ഇരുനേതാക്കളും ഇപ്പോഴും തടവിൽ കഴിയുകയാണ്.

Next Story
Read More >>