ജെ.എൻ.യു ഇനി നെഹ്‌റുവിന്റെ പേരിലല്ല, മോദിയുടെ പേരിലാണ് അറിയപ്പെടേണ്ടത്: ബി.ജെ.പി എം.പി

നമ്മുടെ പൂർവ്വികർ ചെയ്ത തെറ്റിന്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്

ജെ.എൻ.യു ഇനി നെഹ്‌റുവിന്റെ പേരിലല്ല, മോദിയുടെ പേരിലാണ് അറിയപ്പെടേണ്ടത്: ബി.ജെ.പി എം.പി

ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എംപിയും ഗായകനുമായ ഹാൻസ് രാജ് ഹാൻസ്. പ്രധാനമന്ത്രിയുടെ അഭിനന്ദനാർഹമായ പ്രവർത്തനത്തെ ബഹുമാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

വീരമൃത്യവരിച്ച സൈനികരെ ഓർമ്മിക്കുന്നതിനുവേണ്ടി ജെ.എൻ.യുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഹാൻസ് രാജിന്റെ വിവാദ പ്രസ്താവന.

'എല്ലാവരും സമാധാനത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം. നമ്മുടെ പൂർവ്വികർ ചെയ്ത തെറ്റിന്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്.'-അദ്ദേഹം പറഞ്ഞു.

ജെ.എൻ.യുവിലെ ജെ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഹാൻസ് രാജ് ചോദിച്ചു. ജെ.എൻ.യുവിലെ ജെ എടുത്തുമാറ്റി എം.എൻ.യു എന്ന് പുനർ നാമകരണം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്മീരിന് നൽകിയ പ്രത്യേക പദവി തിരിച്ചെടുക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങലായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ അദ്ദേഹം പ്രശംസിച്ചു. അസാധ്യമായതെന്തും ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജേഷ് ലിലോത്യ, എ.എ.പി സ്ഥാനാർത്ഥി ഗുഗൻ സിങ് എന്നിവരെ പരാജയപ്പെടുത്തിയാണ് നോർത്ത്-വെസ്റ്റ് ഡൽഹിയിൽ നിന്ന് ഹാൻ സാജ് വിജയിച്ചത്.

1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ് ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ പേര് നൽകപ്പെട്ട ഈ സർവകലാശാല സ്ഥാപിച്ചത് നെഹ്‌റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയായിരുന്നു.

Read More >>