ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഐസിയുവിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്കാണ് എത്തുന്നത്. ഈ സൂചികകളെല്ലാം സമ്പദ് വ്യവസ്ഥയുടെ രോഗാതുരമായ അവസ്ഥയെ കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഐസിയുവിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലേക്ക് പ്രവേശിക്കുകയാണെന്നും രാജ്യം നേരിടുന്നത് എക്കാലത്തെയും വലിയ സാമ്പത്തിക മാന്ദ്യമാണെന്നും പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ മൂലം ബാങ്കുകള്‍ പ്രതിസന്ധിയിലായെന്നും 2018 സെപ്റ്റംബറില്‍ അടിസ്ഥാന സൗകര്യ വികസന-ധനകാര്യ കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ്എസ് തകര്‍ന്നത് 90,000 കോടിയിലധികം വരുന്ന കടക്കെണി മൂലം മാത്രമല്ല,വിപണി സജീവമാക്കാത്തതും എന്‍ബിഎഫ്‌സി മേഖലയെ കൃത്യമായി വിലയിരുത്താതിരുന്നതു കൊണ്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്‍ബിഎഫ്‌സിയില്‍ ഭൂരിഭാഗവും അടുത്തകാലത്ത് ഒരു പ്രത്യേക വ്യവസായത്തിലാണു ശ്രദ്ധ കൊടുത്തിരിക്കുന്നത്- റിയല്‍ എസ്റ്റേറ്റ്. അതാകട്ടെ, ആപത്കരമായ സാഹചര്യത്തിലുമാണ്. കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്കാണ് എത്തുന്നത്. ഈ സൂചികകളെല്ലാം സമ്പദ് വ്യവസ്ഥയുടെ രോഗാതുരമായ അവസ്ഥയെ കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2019 ജൂണ്‍ അവസാനത്തോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു നഗരങ്ങളിലെ വില്‍ക്കപ്പെടാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും എണ്ണം 10 ലക്ഷത്തോളമായി. ഇതിന്റെ വില എട്ടുലക്ഷം കോടി രൂപയും. 4.5 ശതമാനത്തിലേക്ക് ജി.ഡി.പി താഴ്ന്നതു മാത്രമല്ല ആശങ്കപ്പെടുത്തുന്നത്. ഉപഭോഗ വസ്തുക്കളുടെ ഉത്പാദനം താത്കാലികമായി നിലച്ചിരിക്കുകയാണ്. നിക്ഷേപ വസ്തുക്കളുടെ ഉത്പാദനമാകട്ടെ താഴേക്കു പോകുന്നു, അദ്ദേഹം പറഞ്ഞു.

Read More >>