നാവടക്കൂ, പണിയെടുക്കൂ; ജീവനക്കാരോട് ഗൂഗ്ൾ

നേരത്തെ ഗൂഗ്‌ളിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശനമുന്നയിച്ചിരുന്നു. തനിക്കും തന്നെ പിന്തുണക്കുന്നവർക്കുമെതിരെ ഗൂഗ്ൾ നിരന്തരം പ്രവർത്തിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം

നാവടക്കൂ, പണിയെടുക്കൂ; ജീവനക്കാരോട് ഗൂഗ്ൾ

ന്യൂഡൽഹി: മനസ് തുറന്ന് സംസാരിക്കാൻ ആളുകൾക്ക് പ്രോത്സാഹനം നൽകിയിരുന്ന ഗൂഗ്ൾ ഇപ്പോളിതാ ജീവനക്കാരോട് നാവടക്കി പണിയെടുക്കാൻ ഉത്തരവിട്ടിരിക്കുന്നു. വെള്ളിയാഴ്ചയാണ് ഗൂഗ്ൾ ജീവനക്കാരോട് രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്.

'നമ്മളുടെ എല്ലാവരുടേയും ആദ്യത്തെ ചുമതല ജോലി ചെയ്യുക എന്നതാണ്. ജോലി ചെയ്യാനാണ് നമ്മളെ നിയമിച്ചത്. ജോലി സമയത്ത് മറ്റ് കാര്യങ്ങൾ ചർച്ച ചെയ്ത് സമയം പാഴാക്കരുത്'-ഗൂഗ്‌ളിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു. സഹപ്രവർത്തകരുമായി അറിവുകളും നിർദ്ദേശങ്ങളും പങ്കുവക്കുന്നത് കമ്പനിയുടെ വളർച്ചയ്ക്ക് സഹായകരമാകും. എന്നാൽ, രാഷ്ട്രീയ ചർച്ചകൾ ജോലി സമയത്ത് നടത്തുന്നത് പ്രവൃത്തി ദിനത്തെ നഷ്ടപ്പെടുത്തുമെന്നും ഗൂഗ്ൾ പറയുന്നു.

ഗൂഗ്‌ളിന്റെ അകത്ത് ജീവനക്കാർ തമ്മിൽ പറയുന്ന കാര്യങ്ങൾ പുറത്ത് പോകാനും ജനങ്ങൾക്കിടയിൽ കമ്പനിക്കെതിരെ തെറ്റിദ്ധാരണ ഉണ്ടാകാനും ഇടയാകുമെന്നാണ് ഗൂഗ്ൾ പറയുന്നത്. കമ്പിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും അഭിപ്രായം പറയാനും എല്ലാ ജീവനക്കാർക്കും അനുവാദമുണ്ട്.

പക്ഷേ, ഗൂഗ്‌ളിന്റ ഉൽപന്നങ്ങളെയോ ബിസിനസിനെയോ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളോ ചർച്ചകളോ ഉണ്ടാകില്ലെന്ന് ജീവനക്കാർ ഉറപ്പുവരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഏതെങ്കിലും ജീവനക്കാർ കമ്പനിയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ചർച്ചകളോ കമന്റുകളോ നടത്തിയാൽ അവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും ഗൂഗ്ൾ കമ്പനി നിർദ്ദേശത്തിൽ പറയുന്നു.

നേരത്തെ ഗൂഗ്‌ളിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശനമുന്നയിച്ചിരുന്നു. തനിക്കും തന്നെ പിന്തുണക്കുന്നവർക്കുമെതിരെ ഗൂഗ്ൾ നിരന്തരം പ്രവർത്തിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വാദം.

Read More >>