ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങൾ കൈമാറണം; ആവശ്യവുമായി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി ആക്ഷൻ കമ്മിറ്റി

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി സുപ്രിം കോടതി ഉത്തരവ് പ്രകാരം ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ലോക്‌സഭയിൽ പറഞ്ഞിരുന്നു

ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങൾ കൈമാറണം; ആവശ്യവുമായി സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങി ആക്ഷൻ കമ്മിറ്റി

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിനു മുൻപ് തകർക്കപ്പെട്ട ബാബരി മസ്ജദിന്റെ അവശിഷ്ടങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് സുപ്രിം േേകാടതിയെ സമീപിക്കാനൊരുങ്ങി ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബി.എം.എ.സി). ബി.എം.എസി കൺവീനർ സഫര്യബ് ജിലാനി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞതാണ് ഇക്കാര്യം. അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്താൻ അയോദ്ധ്യയിലെ മുസ്‌ലിം വിഭാഗങ്ങളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

"ബാബരി മസ്ജദിന്റെ അവശിഷ്ടങ്ങൾ അവകാശപ്പെടുന്നതു സംബന്ധിച്ച് ഞങ്ങളുടെ അഭിഭാഷകൻ രാജീവ് ധവാനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിനും ഞങ്ങളുടെ അതേ നിലപാടാണ് ഉള്ളത്. അതുകൊണ്ട് അടുത്തയാഴ്ച ഡൽഹിയിൽ ഒരു യോഗം ചേരുകയും നടപടികൾ ആരംഭിക്കുകയും ചെയ്യും"- ജിലാനി പറഞ്ഞു.രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുമുമ്പ് 1992 ൽ പൊളിച്ചുമാറ്റിയ ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് മുസ്‌ലിം സംഘടനകളുടെ ആഗ്രഹം.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി സുപ്രിം കോടതി ഉത്തരവ് പ്രകാരം ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ലോക്‌സഭയിൽ പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പ്രത്യേക പ്രസ്താവന ആയാണ് പ്രധാനമന്ത്രി ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

"അയോദ്ധ്യ ട്രസ്റ്റുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് രാവിലെ ചേർന്ന കാബിനറ്റ് യോഗത്തിലെടുത്തിട്ടുണ്ട്. സുപ്രിം കോടതി നിർദ്ദേശപ്രകാരം 'ശ്രീ റാം ജന്മ ഭൂമി തീർത്ഥ ക്ഷേത്ര' എന്ന പേരിൽ ഒരു ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ട്. ഇതൊരു സ്വതന്ത്ര ട്രസ്റ്റായിരിക്കും"- എന്നായിരുന്നു മോദി പറഞ്ഞു.റാം മന്ദിർ തീർത്ഥാടകർക്കായി ഒരു സുപ്രധാന തീരുമാനം കൂടി തങ്ങൾ എടുത്തിരിക്കുകയാണ്.. ക്ഷേത്രത്തിന് വേണ്ടിയുള്ള 67 ഏക്കറിന്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനായിരിക്കും. ഇന്ത്യയിലെ എല്ലാ ജാതി-മത വിഭാഗത്തിൽപ്പെട്ട ജനങ്ങളും അഭിവൃദ്ധിപ്പെടണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

ട്രസ്റ്റിൽ ദളിത് അംഗം അടക്കം 15 പേർ ഉണ്ടാകുമെന്നാണ് സൂചന. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുപ്രിംകോടതി വിധിക്കു ശേഷം അയോദ്ധ്യ കാര്യങ്ങൾക്കു മാത്രമായി ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക ഡസ്‌ക് ആരംഭിച്ചിരുന്നു. അഡീഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനായിരുന്നു ഇതിന്റെ ചുമതല.

ഫെബ്രുവരി ഒമ്പതിന് മുമ്പ് ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. ഡൽഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നതും എടുത്തു പറയേണ്ടതാണ്. നവംബർ ഒമ്പതിനാണ് ദശാബ്ദങ്ങൾ നീണ്ട അയോദ്ധ്യ സ്വത്തു തർക്കക്കേസിൽ സുപ്രിംകോടതി അന്തിമ വിധി പറഞ്ഞത്. തർക്കഭൂമി ഹിന്ദു വിഭാഗത്തിന് വിട്ടു കൊടുക്കാനും മുസ്ലിം വിഭാഗത്തിന് അയോദ്ധ്യയിലെ മറ്റൊരിടത്ത് പള്ളി പണിയാനായി അഞ്ചേക്കർ സ്ഥലം നൽകണമെന്നുമായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് നിർണായക വിധി പ്രസ്താവം നടത്തിയിരുന്നത്.

Next Story
Read More >>