മോദിയും ഷായും 'രാമുവും ശ്യാമുവും'; അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടില്ലെങ്കിൽ പണി കിട്ടും-അധിർ ചൗധരി

ഇതാദ്യമായല്ല ചൗധരി ബി.ജെപി.ക്കെതിരെ വിമർശനമുന്നയിക്കുന്നത്

മോദിയും ഷായും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ഹാസ്യ കഥാപാത്രങ്ങളോട് ഉപമിച്ച് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. മോദിയും ഷായും രാമുവും ശ്യാമുവുമാണെന്നാണ് ചൗധരിയുടെ പ്രസ്താവന. ഹിന്ദി ഹാസ്യ പരമ്പരയിലെ കഥാപാത്രങ്ങളാണ് രാമുവു ശ്യാമുവും. മോദിയും അമിത്ഷായും പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ' എൻ.ആർ.സിയെക്കുറിച്ച് കേട്ടിട്ടില്ലെന്ന മട്ടിലാണ് മോദി ജി സംസാരിക്കുന്നത്, എന്നാൽ എൻആർസി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പറഞ്ഞു.ഈ രാമുവും ശ്യാമുവും പറയുന്നതെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കണം, അവർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിദഗ്ധരാണ്.'- ചൗധരി പറഞ്ഞു.

എൻ.ആർ.സിക്ക് ഇന്ത്യൻ മുസ്ലിംകളുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രി മോദി ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തിയ റാലിയിൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൗധരിയുടെ വിമർശനം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിപക്ഷം അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. നിലവിൽ പാർലമെന്റിൽ എൻ.ആർ.സിയെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന.

ഇതാദ്യമായല്ല ചൗധരി ബി.ജെപി.ക്കെതിരെ വിമർശനമുന്നയിക്കുന്നത്. ലോക്സഭാ സമ്മേളനത്തിൽ അദ്ദേഹം ധനമന്ത്രി നിർമ്മല സീതാരാമനെ 'നിർബല' (ദുർബല) എന്ന് വിളിച്ചിരുന്നു. 'എനിക്ക് നിങ്ങളോട് ബഹുമാനമുണ്ട്, എന്നാൽ ചില സമയങ്ങളിൽ, നിർമ്മല സീതാരാമന് പകരം നിങ്ങളെ 'നിർബല' സീതാരാമൻ എന്ന് വിളിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാൻ കരുതുന്നു.'-എന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.

Next Story
Read More >>