ഒരേ കഥ, രണ്ടു പ്രധാനമന്ത്രിമാര്‍

'ഈ രാഷ്ട്രം നിങ്ങളുടെ വീടു കൂടിയാണ്. ദയ, കരുണ എന്നിവയെയാണ് നമ്മൾ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ മൂല്യങ്ങൾ പങ്കിടുന്നവരുടെ നാടാണിത്' - എന്നായിരുന്നു പാർലമെന്റിൽ വച്ച് മാദ്ധ്യമങ്ങളോട് അവർ പ്രതികരിച്ചത്. ശനിയാഴ്ച തലയിൽ തട്ടവും കറുത്ത കുപ്പായവും ധരിച്ച് അവർ ഭീകരാക്രമണത്തിലെ ഇരകളെ കാണാനെത്തി. ക്രൈസ്റ്റ്ചർച്ച് അഭയാർത്ഥി ക്യാമ്പിൽ ഇരകളുടെ ബന്ധുക്കളെ ആലിംഗനം ചെയ്തു.

ഒരേ കഥ, രണ്ടു   പ്രധാനമന്ത്രിമാര്‍

രാഷ്ട്രവിചാരം / എം.അബ്ബാസ്

ഒന്നാമത്തെ പ്രധാനമന്ത്രി നമ്മുടെ സ്വന്തം നരേന്ദ്രമോദി. രണ്ടാമത്തേത് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർദൻ. സമാനസംഭവങ്ങളിൽ ഇരുവരുടെയും പ്രതികരണ രീതികളാണ് ചർച്ചയായിട്ടുള്ളത്. ആദ്യത്തേത് ഇന്ത്യയെ നടുക്കിയ പുൽവാമയിലെ ഭീകരാക്രമണം. ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 സി.ആർ.പി.എഫ് ജവാന്മാർ. സൈന്യത്തിനെതിരെ രാഷ്ട്രചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന്. ആ നേരം ഈ സംഭവങ്ങൾക്കൊന്നും ചെവി കൊടുക്കാതെ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്കിൽ ഒരു ഡോക്യുമെന്ററി ഷൂട്ടിലായിരുന്നു നമ്മുടെ പ്രധാനമന്ത്രി. അന്നേദിവസം, രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനോ, മാദ്ധ്യമങ്ങളോട് സംസാരിക്കാനോ അദ്ദേഹം തയ്യാറായില്ല. ഇതേക്കുറിച്ച് ട്വിറ്ററിൽ ഒരു കുറിപ്പിടുക മാത്രം ചെയ്തു. ആക്രമണത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായ ആക്രമണങ്ങളുണ്ടായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ ജീവിതം അരക്ഷിതാവസ്ഥയിലായി. ഈ വിഷയത്തിൽ ഒരാഴ്ച കഴിഞ്ഞായിരുന്നു മോദിയുടെ പ്രതികരണം: 'നമ്മുടെ യുദ്ധം കശ്മീരിനു വേണ്ടിയാണ്. കശ്മീരിനെതിരെയോ, കശ്മീരികൾക്ക് എതിരെയോ അല്ല'.

രണ്ടാമത്തെ പ്രതികരണം, ജസീന്ദയുടേതാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് 38കാരിയായ അവർ. വെള്ളിയാഴ്ച ഭീകരാക്രമണം നടന്നയുടനെ അവർ ടെലിവിഷനിലൂടെ രാജ്യത്തോട് സംസാരിച്ചു. ഒന്നല്ല, രണ്ടു തവണ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയും ചെയ്തു. 'ഈ രാഷ്ട്രം നിങ്ങളുടെ വീടു കൂടിയാണ്. ദയ, കരുണ എന്നിവയെയാണ് നമ്മൾ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ മൂല്യങ്ങൾ പങ്കിടുന്നവരുടെ നാടാണിത്' - എന്നായിരുന്നു പാർലമെന്റിൽ വച്ച് മാദ്ധ്യമങ്ങളോട് അവർ പ്രതികരിച്ചത്. ശനിയാഴ്ച തലയിൽ തട്ടവും കറുത്ത കുപ്പായവും ധരിച്ച് അവർ ഭീകരാക്രമണത്തിലെ ഇരകളെ കാണാനെത്തി. ക്രൈസ്റ്റ്ചർച്ച് അഭയാർത്ഥി ക്യാമ്പിൽ ഇരകളുടെ ബന്ധുക്കളെ ആലിംഗനം ചെയ്തു.

ഇന്ത്യ, പാകിസ്താൻ, മലേഷ്യ, ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയവരായിരുന്നു ഭീകരാക്രമണത്തിന്റെ ഇരകൾ. അതിൽ ഒരു ശതമാനം മാത്രമാണ് ന്യൂസീലൻഡിലെ മുസ്‌ലിംകൾ. അവരിലേക്കാണ് സാന്ത്വനത്തിന്റെ സ്പർശവുമായി അവരുടെ പ്രധാനമന്ത്രി കടന്നു ചെന്നത്. ജസീന്ദ മാത്രമല്ല, ഭീതിയിൽ വിറങ്ങലിച്ച ആ രാഷ്ട്രം മുഴുവൻ ഇരകൾക്കൊപ്പം നിന്നു. മണിക്കൂറുകൾ കൊണ്ട് രണ്ട് ക്രൗഡ് ഫണ്ടിങ് കമ്പനികൾ പിരിച്ചെടുത്തത് 3.2 ദശലക്ഷം ന്യൂസീലൻഡ് ഡോളറാണ് (ഏകദേശം 15.5 കോടി രൂപ). ക്രൈസ്റ്റ്ചർച്ചയിൽ യോടി ലോനൂ എന്നയാളും ഭാര്യയും ആശുപത്രിയിൽ കഴിയുന്ന മുസ്‌ലിംകൾക്കായി ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രതികരണം ലഭിച്ചതോടെ ഫേസ്ബുക്ക് വഴി അവർക്ക് 'തൽക്കാലം ഇതുമതി' എന്ന സന്ദേശം നൽകേണ്ടി വന്നു. വെല്ലിങ്ടൺ സ്വദേശി ലിയാനെസ് ഹൊവാർഡ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്, 'വെല്ലിങ്ടണിൽ ഏതെങ്കിലും മുസ്‌ലിം വനിതയ്ക്ക് അരക്ഷിതത്വം തോന്നുന്നുവെങ്കിൽ, വരൂ, ഞാൻ നിങ്ങളുടെ കൂടെ വരാം, നിങ്ങളുടെ കൂടെ ബസ് സ്‌റ്റോപ്പിൽ കാത്തുനിൽക്കാം, ബസ്സിൽ നിങ്ങളുടെ കൂടെ ഇരിക്കാം, പലചരക്കു കടയിൽ പോകാനായി നിങ്ങളുടെ കൂടെ വരാം'.

വംശവെറിയെ ഇതിലും മനോഹരമായി എങ്ങനെയാണ് പ്രതിരോധിക്കാനാകുക!

നീരവ് മോദിയുടെ കാവൽക്കാരൻ


മൈം ഭീ ചൗക്കീദാർ (ഞാൻ കാവൽക്കാരൻ കൂടിയാണ്) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം ആരംഭിച്ചത് ശനിയാഴ്ചയാണ്. 'നിങ്ങളുടെ കാവൽക്കാരൻ ഉറച്ചു നിൽക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഞാൻ ഒറ്റക്കല്ല. അഴിമതി, അഴുക്ക്, സാമൂഹിക തിന്മകൾ എന്നിവയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നവരെല്ലാം കാവൽക്കാരാണ്. ഇന്ത്യയ്ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരും കാവൽക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു; ഞാനും കാവൽക്കാരൻ' എന്നായിരുന്നു മോദിയുടെ സന്ദേശം. ഈ പ്രചാരണം പൊലിപ്പിക്കാനായി, മൈം ഭീ ചൗക്കീദാർ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച ട്വിറ്റർ ഹാൻഡിലുകൾക്കെല്ലാം പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കൃതജ്ഞതാ സന്ദേശങ്ങൾ അയച്ചു.

പി.ആർ പണിക്കിടെ അക്കിടി പറ്റിയത് ഈ സന്ദേശം ഇന്ത്യയിൽ നിന്നു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാരഡി അക്കൗണ്ടിലും എത്തിയപ്പോഴാണ്. 'നിങ്ങളുടെ പങ്കാളിത്തം ഈ സംരംഭത്തെ ശക്തിപ്പെടുത്തുന്നു' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. അബദ്ധം മനസ്സിലാക്കിയ പ്രധാനമന്ത്രിയുടെ ഹാൻഡിൽ ഉടൻ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പലരും അത് സ്‌ക്രീൻ ഷോട്ടെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയിപ്പോൾ ലണ്ടനിലാണ്.

നിഴലില്‍ നിന്നു മാറി പ്രിയങ്ക


അഹമ്മദാബാദില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലെ ഏക ശ്രദ്ധാകേന്ദ്രം പ്രിയങ്കാഗാന്ധിയായിരുന്നു. പ്രിയങ്ക എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്ന് മാദ്ധ്യമങ്ങള്‍ സാകൂതം ശ്രദ്ധിച്ചു. ഔദ്യോഗിക രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യത്തെ പ്രസംഗത്തില്‍ പ്രിയങ്ക, വോട്ട് ആയുധമാക്കി നരേന്ദ്രമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ചെറുപ്രസംഗത്തില്‍ സര്‍ക്കാറിന്റെ വാഗ്ദാന ലംഘനത്തെ കുറിച്ചും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും പറയാനാണ് അവര്‍ സമയം കണ്ടെത്തിയത്. സഹോദരനും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെപ്പോലെ, റഫാല്‍, ബാലാകോട്ട്, പുല്‍വാമ വിഷയങ്ങള്‍ അവര്‍ പരാമര്‍ശിച്ചതേയില്ല.

സബര്‍മതി ആശ്രമത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ണമനസ്സോടെ പങ്കു കൊണ്ടെങ്കിലും സഹോദരന്റെയോ അമ്മ സോണിയാ ഗാന്ധിയുടെയോ അടുത്ത് ഇരിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ആശ്രമത്തിലെ പരിപാടിയില്‍ നാലം നിരയിലാണ് അവര്‍ ഇരുന്നത്.

Next Story
Read More >>