സോണിയയുടെ നിര്‍ബന്ധത്തില്‍ മന്‍മോഹന്റെ ആറാമൂഴം; ലക്ഷ്യം മോദിയുടെ സാമ്പത്തിക നയം

86 വയസ്സുള്ള മന്‍മോഹനെ, പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരിക്കല്‍ക്കൂടി സഭയിലെത്തിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേത് മാത്രമാണ്.

സോണിയയുടെ നിര്‍ബന്ധത്തില്‍ മന്‍മോഹന്റെ ആറാമൂഴം; ലക്ഷ്യം മോദിയുടെ സാമ്പത്തിക നയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന മന്‍മോഹന്‍ സിങ് തുടര്‍ച്ചയായി ആറാം തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1991 മുതല്‍ ഉപരിസഭയിലെ അംഗമാണ് അദ്ദേഹം. ഇതില്‍ രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നു. 86 വയസ്സുള്ള മന്‍മോഹനെ, പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരിക്കല്‍ക്കൂടി സഭയിലെത്തിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേത് മാത്രമാണ്. സോണിയ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

എന്തു കൊണ്ട് മന്‍മോഹന്‍

സമ്പദ് രംഗം കുത്തഴിഞ്ഞു കൊണ്ടിരിക്കുന്ന വേളയില്‍ മന്‍മോഹന്‍ സഭയിലുണ്ടാകുന്നത് കോണ്‍ഗ്രസിന് കരുത്താകുമെന്ന് സോണിയ കരുതുന്നു. ആഗോളതലത്തില്‍ തന്നെ സാമ്പത്തിക മേഖലയിലെ ആധികാരിക ശബ്ദമാണ് മന്‍മോഹന്‍ സിങ്. രാഷ്ട്രീയത്തിന് അതീതമായി മുന്‍ പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായയും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന കോണ്‍ഗ്രസ് കരുതുന്നു. കേള്‍ക്കുന്ന എല്ലാറ്റിനും മറുപടി പറയുന്ന പ്രകൃതമല്ല, പറയേണ്ട കാര്യങ്ങളില്‍ കൃത്യമായ പ്രതികരണം മാത്രം പറയുന്ന നേതാവാണ് മന്‍മോഹന്‍. നോട്ടു നിരോധനത്തിന് പിന്നാലെ മന്‍മോഹന്‍ നടത്തിയ പ്രതികരണങ്ങളും പ്രവചനങ്ങളും ആഗോള ശ്രദ്ധ നേടിയിരുന്നു. മന്‍മോഹന്റെ പ്രവചനങ്ങളെ സാധൂകരിക്കും വിധം രാജ്യത്തിന്റെ ജി.ഡി.പി കുറയുകയും അസംഘടിത മേഖലയെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, കൃത്യമായ വാദങ്ങള്‍ മുന്നില്‍ വെച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ മന്‍മോഹന്‍ സിങ്ങ് അല്ലാതെ മറ്റൊരാള്‍ ഇല്ല താനും.

വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞതും ഉപഭോഗം കുറഞ്ഞതുമാണ് സമ്പദ് വ്യവസ്ഥ തകരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലായ്മ ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. സംഘടിത മേഖലയില്‍ അടക്കം തൊഴില്‍ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓട്ടോ മൊബൈല്‍ മേഖലയില്‍ നിന്നു മാത്രം മൂന്ന് ലക്ഷം പേരെയാണ് ഏതാനും മാസങ്ങളില്‍ പിരിച്ചുവിട്ടത് എന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത മാന്ദ്യത്തിന്റെയും ലക്ഷണങ്ങളായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

Next Story
Read More >>