കള്ളവോട്ടിലെ കളംമാറൽ

കള്ളവോട്ടിനെതിരായി കർശ്ശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർക്കെതിരെ സി.പി.എം രംഗത്തുവന്നു. കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും ഓപ്പൺ വോട്ടെന്ന ഏർപ്പാടു പോലും തെരഞ്ഞെടുപ്പിൽ ഇല്ലെന്നു ടിക്കാറാം മീണ തിരിച്ചടിച്ചു. ഓപ്പൺവോട്ടെന്ന വാദം ആവർത്തിക്കാൻ പിന്നീട് സി.പി.എം തയ്യാറായില്ല

കള്ളവോട്ടിലെ കളംമാറൽ

മലബാറിലെ തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ടിനു മുന്തിയ സ്ഥാനമുണ്ടെന്നു ഇന്നാട്ടുകാർക്കറിയാവുന്നതാണ്. അതു ലോക്‌സഭയായാലും നിയമസഭയായാലും സഹകരണസ്ഥാപനങ്ങളിലായാലും, 'നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം' എന്ന മട്ടിലാണ് കാര്യങ്ങൾ-കള്ളവോട്ടില്ലാതെ എന്തു തെരഞ്ഞെടുപ്പ്. എന്നാൽ, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പു ഒഫീസർ (സി.ഇ.ഒ) ടിക്കാറാം മീണ അതു വിശ്വസിച്ചിരുന്നില്ല. കള്ളവോട്ടോ, അങ്ങനെയൊന്നുണ്ടോ എന്നായിരുന്നു പരാതിപ്പെട്ടവരോട് അദ്ദേഹത്തിന്റെ ചോദ്യം. കള്ളവോട്ടിന്റെ കണക്കും തെളിവുകളും നിരത്തിയ പട്ടിക യു.ഡി.എഫുകാർ കൈമാറിയപ്പോഴും അദ്ദേഹം മുഖംതിരിച്ചു. പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യുമ്പോൾ നിങ്ങളുടെ ഏജന്റ് എന്തുകൊണ്ടു എതിർത്തില്ലെന്നായിരുന്നു മീണയുടെ ചോദ്യം. നായ്ക്കരുണപൊടിയെപ്പറ്റി മീണയ്ക്ക് അറിയില്ലല്ലോ. ഇതിനിടെയാണ് കാസർകോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തിൽ സി.പി.എമ്മിന്റെ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നുപേർ കള്ളവോട്ടു ചെയ്യുന്ന ദൃശ്യം വാർത്താ ചാനൽ പുറത്തുവിട്ടത്. സംഗതി തെളിവോടെ മുന്നിലെത്തിയപ്പോൾ മീണയ്ക്കും കാര്യം പിടികിട്ടി.

ബീഹാറിലും ഉത്തർപ്രദേശിലും നടക്കുന്ന ബൂത്തുപിടുത്തം പോലുള്ള അട്ടിമറി കേരളത്തിൽ നടക്കാത്തതിനാലാവും കള്ളവോട്ടെന്ന ആരോപണത്തെ മീണ തുടക്കം മുതൽ എതിർത്തത്. കണ്ണൂരിലും കാസർകോടും കോഴിക്കോടും കള്ളവോട്ടെന്നാൽ ഒരാചാരമാണെന്നും ജീവച്ചിരിക്കുന്നവരുടെ വോട്ടു മാത്രമല്ല, മരിച്ചവരുടെ വോട്ടു പോലും ഒരനുഷ്ഠാനം പോലെ ചെയ്തു വരുന്നതാണെന്നും മനസ്സിലാക്കാൻ മീണ വൈകി. എന്തായാലും കാര്യങ്ങൾ ഇപ്പോൾ കുറച്ചെങ്കിലും സി.ഇ.ഒയ്ക്കു മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വെടിയും തീയും പോലെ നടപടിയും കേസെടുക്കലും നടന്നത്. ആദ്യദിനം എല്ലാവരും സി.പി.എമ്മിനെ വളഞ്ഞിട്ടു തല്ലി. മൂന്നാം നാൾ പ്രതികൂട്ടിൽ കയറിയത് മുസ്ലിം ലീഗാണ്. ഒടുവിൽ സി.പി.എമ്മിന്റെ നാലുപേർക്കെതിരെയും മൂന്നു ലീഗുകാർക്കെതിരെയും കള്ളവോട്ടിന് കേസെടുത്തു.

കള്ളവോട്ടു ചരിത്രപുസ്തകത്തിലെ താളുകളിലേറെയും സി.പി.എം വീരഗാഥകളാണ്. കള്ളവോട്ടിന്റെ പേരിൽ എടക്കാട് കേസിൽ ഹൈക്കോടതി നിയമസഭാംഗത്തെ അയോഗ്യനാക്കി എതിരാളിയെ വിജയിയായി പ്രഖ്യാപിച്ചതും പിന്നീട് സുപ്രിം കോടതി വിധി റദ്ദാക്കിയതും സി.പി.എമ്മിന്റെ അക്കൗണ്ടിലുണ്ട്.

നാളിതുവരെ കള്ളവോട്ടിന്റെ പേരിൽ എതിരാളികൾ കുറ്റമാരോപിച്ചത് സി.പി.എമ്മിനു നേരെയായിരുന്നു. എന്നാൽ ഇക്കുറി സി.പി.എമ്മുകാർക്കൊപ്പം തങ്ങളുടെ സ്വാധീനമേഖലകളിൽ യു.ഡി.എഫും തരംപോലെ കള്ളവോട്ടു ചെയ്തു എന്നാണ് കമ്മിഷൻ നടപടി കാണിക്കുന്നത്. തങ്ങൾക്കെതിരെ തെളിവുകൾ പുറത്തുവന്നതോടെ യു.ഡി.എഫുകാർക്കെതിരായ തെളിവു ശേഖരണത്തിനു സി.പി.എമ്മും കച്ചകെട്ടിയിറങ്ങി. അങ്ങനെയാണ് പുതിയങ്ങാടിയിലെ മൂന്നു ലീഗുകാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതോടെ സമനില നേടിയെന്ന ആശ്വാസം സി.പി.എമ്മിലുണ്ട്.

കള്ളവോട്ടിനെതിരായി കർശ്ശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർക്കെതിരെ സി.പി.എം രംഗത്തുവന്നു. കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും ഓപ്പൺ വോട്ടെന്ന ഏർപ്പാടു പോലും തെരഞ്ഞെടുപ്പിൽ ഇല്ലെന്നു ടിക്കാറാം മീണ തിരിച്ചടിച്ചു. ഓപ്പൺവോട്ടെന്ന വാദം ആവർത്തിക്കാൻ പിന്നീട് സി.പി.എം തയ്യാറായില്ല. പിലാത്തറ സ്‌കൂളിലെ കള്ളവോട്ടു ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മീണ ജില്ലാ കളക്ടറോടു ആവശ്യപ്പെട്ടത്. വിശദമായ റിപ്പോർട്ടു ലഭിച്ച ശേഷമാണ് ചട്ടപ്രകാരം മൂവർക്കുമെതിരെ കേസ്സെടുക്കാൻ മീണ നിർദ്ദേശിച്ചത്. ഇതു ധൃതിപ്പെട്ട നടപടിയായിരുന്നു എന്നാണ് സി.പി.എമ്മിന്റെ പരാതി. കള്ളവോട്ടു ചെയ്തതിന്റെ പേരിൽ പൊലീസ് കേസെടുത്ത പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കുമെന്ന മീണയുടെ പ്രഖ്യാപനവും സി.പി.എമ്മിനെ ചൊടിപ്പിച്ചു. പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനാണെന്നാണ് സി.പി.എം നിലപാട്. മീണ പക്ഷപാതിത്വം കാട്ടിയെന്ന് സി.പി.എം പ്രഖ്യാപിക്കുന്നതിനിടെയാണ് യു.ഡി.എഫുകാരുടെ മൂന്നു കള്ളവോട്ടിനു സ്ഥിരീകരണമുണ്ടായത്. ഇതോടെ മീണയ്‌ക്കെതിരായ ആക്ഷേപങ്ങളുടെ മുനയൊടിഞ്ഞു. ലീഗായാലും സി.പി.എമ്മായാലും തന്റെ നടപടികൾ ചട്ടപ്രകാരമുള്ളതാണെന്നും പാർട്ടി നോക്കിയല്ലെന്നും മീണ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു കമ്മിഷൻ കർശന നടപടി തുടരുന്നത് കാര്യങ്ങൾ കൈവിട്ടു പോകുന്നതിലേക്കു എത്തുമെന്ന ഭീതി എൽ.ഡി.എഫിനും യു.ഡി.എഫിനുമുണ്ട്. അതുകൊണ്ടുതന്നെ ഒരടി മുന്നോട്ടുവെച്ചവർ രണ്ടടി പിന്നോട്ടു വെച്ചിരിക്കുകയാണിപ്പോൾ.

ബസ്സിലെ കളികൾക്കു കടിഞ്ഞാൺ

ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ടു യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും വാർത്തയും പരന്നതോടെ സംസ്ഥാന ഗതാഗത വകുപ്പ് സടകുടഞ്ഞെഴുന്നേറ്റു. നിരത്തിലോടുന്ന അന്തർസംസ്ഥാന സർവീസുകൾ, കോൺട്രാക്ട് കാര്യേജുകൾ എന്നിവയിലെ നിയമലംഘനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ് അത്തരം സർവീസുകൾക്കു സർക്കാർ പൂട്ടിട്ടു. നിയമം തെറ്റിച്ചും അട്ടിമറിച്ചുമാണ് മിക്ക അന്തർസംസ്ഥാന ബസ് സർവീസുകളും നടക്കുന്നത്. സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും ഇത്തരം സ്വകാര്യ ബസ് ലോബി പാലിക്കാറില്ല. യാത്രക്കാർക്കുള്ള സൗകര്യമേർപ്പെടുത്തൽ, ലഗേജിന്റെ മറവിലുള്ള ചരക്കുക്കടത്ത്, അമിത വേഗം, സമയക്രമം പാലിക്കാതിരിക്കൽ തുടങ്ങി നിയമലംഘനങ്ങളുടെ പരമ്പരയാണ് ദീർഘദൂര സ്വകാര്യ ബസുകളിൽ അരങ്ങേറുന്നത്. എന്നാൽ ഈ മേഖലയിലെ കുത്തകകളുടെ സ്വാധീനം മൂലം ഇവർക്കെതിരായ നടപടി ഇക്കാലമത്രയും കടലാസ്സിൽ മാത്രമായിരുന്നു. ഏതെങ്കിലും പരാതിയുടെ മേൽ നടപടിക്ക് ഉദ്യോഗസ്ഥൻ തുനിഞ്ഞാൽ മാഫിയകളുടെ സ്വാധീനത്താൽ അയാൾ ഒതുക്കപ്പെടുകയാണ് പതിവ്. എന്നാൽ ഇക്കുറി വിഷയം കല്ലട ബസ്സിൽ മാത്രം ഒതുങ്ങിയില്ല. അതിലെ യാത്രക്കാർക്കു നേരെ നടന്ന അക്രമത്തെ തുടർന്നു സംസ്ഥാനത്തു സർവീസ് നടത്തുന്ന ദീർഘ ദൂര കോൺട്രാക്റ്റ് സർവീസുകളെ മൊത്തത്തിൽ പരിശോധനയ്ക്കു വിധേയമാക്കുകയും നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. അവിടം കൊണ്ടും ഗതാഗത വകുപ്പിന്റെ നടപടി അവസാനിച്ചില്ല. അനധികൃതമായി പ്രവർത്തിക്കുന്ന ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങൾ, സൈറ്റുകൾ എന്നിവയ്ക്കെതിരെയും നടപടി വന്നു. ഇത്തരം സ്ഥാപനങ്ങൾ പുലർത്തേണ്ട നിയമപരമായ മാനദണ്ഡങ്ങൾ അക്കമിട്ടു നിരത്തി പുതിയ ഉത്തരവും പുറപ്പെടുവിച്ചു.

പതിവുപോലെ സർവീസ് നിർത്തിവെയ്ക്കുമെന്ന ഭീഷണിയിലാണ് സ്വകാര്യ ബസ് ലോബി. അതിനു വഴങ്ങേണ്ട എന്ന നിലപാടിലാണ് സർക്കാർ. 50 ബസുകൾ വാടകക്കെടുത്ത് ബംഗളൂരുവിലേക്ക് കൂടുതൽ സർവീസ് നടത്താനുള്ള നടപടികൾക്കു കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചു കഴിഞ്ഞു. കർണാടകവും ഇതേ റൂട്ടിൽ 50 ബസ് ഓടിക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട്.

ബംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ ഒഴുക്കാണ് സ്വകാര്യബസ് ലോബിയെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നത്. ആയിരക്കണക്കിനാളുകളാണ് ദിനേന കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നത്. ഫലപ്രദമായ ബദൽ നടപടികൾ സ്വീകരിക്കാൻ റെയിൽവെയും മനസ്സുവച്ചാൽ സ്വകാര്യ ബസുകളുടെ മേധാവിത്വം തകർക്കാൻ കഴിയും. കർണാടകം അതു തെളിയിച്ചതാണ്.

അൻവറിന്റെ വെടിപൊട്ടിക്കൽ

തെരഞ്ഞെടുപ്പു ഫലം വരും മുമ്പെ പൊന്നാനിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ മുന്നണിക്കു തലവേദനയായി. ലീഗുമായി ചേർത്തു സി.പി.ഐ നേതൃത്വത്തെ ആക്ഷേപിക്കുന്ന പരമാർശമാണ് അൻവറിനെ വിവാദത്തിലാക്കിയത്. പൊന്നാനിയിൽ തന്നേക്കാൾ സി.പി.ഐയ്ക്കിഷ്ടം ലീഗിനെയാണെന്നായിരുന്നു അൻവറിന്റെ പരാമർശം. മുന്നണി സ്വതന്ത്രനായി മത്സരിച്ച അൻവർ ചില മര്യാദകൾ പാലിക്കണമെന്നായിരുന്നു സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പരമാർശം അനുചിതമാണെന്നും അൻവറുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ സി.പി.ഐ മന്ത്രിമാരിൽ നിന്നു അനുകൂല നടപടി പ്രതീക്ഷിക്കേണ്ടതില്ലെന്നു കൂടി പറഞ്ഞതോടെ വിഷയം മുന്നണി നേതൃത്വത്തിനു മുന്നിലെത്തി. നാവടക്കണമെന്നു സി.പി.എം ജില്ലാ നേതൃത്വം അൻവറിനോടാവശ്യപ്പെട്ടതായാണ് അറിയുന്നത്.

അൻവറിനെതിരെ പറയാൻ പലതുമുണ്ടെന്നും ഇപ്പോൾ പറയാതിരിക്കുന്നത് മര്യാദകൊണ്ടാണെന്നുമുള്ള നിലപാടിലാണ് സി.പി.ഐ. നേരത്തെ വിവാദ തടയണ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അൻവറിനെ അനുകൂലിക്കാൻ സി.പി.ഐ നേതൃത്വം തയ്യാറായിരുന്നില്ല. മാത്രവുമല്ല, അൻവറിനെതിരായ നടപടികൾക്കു വേഗം നൽകുകയായിരുന്നു സി.പി.ഐയുടെ റവന്യു വകുപ്പ്. സി.പി.എം നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുമ്പോഴും സി.പി.ഐയോടു അകന്നതിന്റെ കാരണവും ഇതുതന്നെയായിരുന്നു. അൻവറിനു കോൺഗ്രസ് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും സി.പി.ഐ ഉയർത്തുന്നുണ്ട്. എന്തായാലും പൊന്നാനിയിൽ ഇടതുമുന്നണി തോറ്റാലും ജയിച്ചാലും അൻവറും സി.പി.ഐയും തമ്മിലുള്ള വാക്പ്പോര് തുടരുമെന്നു കരുതണം.

പകർച്ച വ്യാധികളെ കരുതിയിരിക്കാൻ

ഇക്കുറി മഴക്കാല പൂർവ ശുചീകരണത്തിനുള്ള ആലോചനകൾ കാലേക്കൂട്ടി നടന്നു. വിപുലമായ പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾ എല്ലാ തലത്തിലും വിപുലമായി നടത്തണമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. ജില്ലാ തലങ്ങളിൽ ഇതിന് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും നിപാ ഓർമ്മകൾ ഇന്നും മലയാളിലെ ഭീതിപ്പെടുത്തുന്നുണ്ട്. അതിനേക്കാൾ മാരകശേഷിയുള്ള വൈറസുകൾ നമ്മെ ആക്രമിച്ചേക്കാമെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകരും ശാസ്ത്രലോകവും പങ്കുവയ്ക്കുന്നത്. അതിജീവനത്തിനു കരുത്തു നേടിയ പുത്തൻ വൈറസുകൾ ഓരോ വർഷവും പുറത്തുവരുന്നുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ ജാഗ്രതയോടെ കാണണം.

Next Story
Read More >>