സെെന്യത്തെ അയക്കുമെന്ന് യു.എസ്; തിളച്ചുമറിയുന്ന വെനിസ്വേല

മഡൂറോയെ എങ്ങനെയും സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന കടുംപിടുത്തത്തിലാണ് ഗൈഡോ. എന്നാൽ, യുഎസ് പിന്തുണയുണ്ടെങ്കിലും രാജ്യാന്തര നേതാക്കൾ അംഗീകരിച്ചാലും ഗൈഡോയ്ക്ക് പ്രസിഡന്റാവാനുള്ള അധികാരം ഇല്ലെന്നതാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. പാർലമെന്റ് നേതാവായിരിക്കുമ്പോഴും ഇടതുപക്ഷ സർക്കാർ അനുകൂലികൾ 2017 ൽ രൂപംകൊടുത്ത നാഷണൽ കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിക്കാണ് ഭരണഘടനാപരമായ അധികാരം കൈയ്യാളാനാവുക

സെെന്യത്തെ അയക്കുമെന്ന് യു.എസ്;  തിളച്ചുമറിയുന്ന വെനിസ്വേല

അധികാര വടംവലിയിൽ ഞെരുങ്ങുകയാണ് വെനിസ്വേല. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പുറത്താക്കാനുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാൻ ഗൈഡോയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇതോടെ യു.എസ്സിന്റെ കടുത്ത ഉപരോധവും ഭക്ഷ്യ-മരുന്നു ക്ഷാമവും കാരണം പ്രതിസന്ധിയിലായ വെനിസ്വേല കൂടുതൽ പ്രതിരോധത്തിലായി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ ജനജീവിതവും ദുസ്സഹമാണ്. മൂന്നുവർഷത്തിനിടെ 30 ലക്ഷം പേരാണ് രാജ്യത്തുനിന്ന് പലായനം ചെയ്തത്.

വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലത്തിലെ അനിശ്ചിതത്വമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് മഡൂറോ അധികാരത്തിൽ വന്നതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ജുവാൻ ഗൈഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും അധികാരം ഏറ്റെടുക്കുകയും ചെയ്തു. യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഗൈഡോയ്ക്ക് പിന്തുണയുമായെത്തി. ഇതോടെ മഡൂറോ ചക്രവ്യൂഹത്തിലകപ്പെട്ടു.

ഹ്യൂഗോ ഷാവേസിന്റെ മരണശേഷം 2013 ഏപ്രിലിലാണ് മഡൂറോ ആദ്യമായി വെനിസ്വേലയുടെ പ്രസിഡന്റ് പദവിയേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1.6 ശതമാനം വോട്ടിന്റെ നേർത്ത ഭൂരിപക്ഷത്തിലാണ് അന്ന് അദ്ദേഹത്തിന് അധികാരം നേടാനായത്. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്തു തന്നെ വെനിസ്വേലയിലെ സമ്പദ് വ്യവസ്ഥ നിലംപൊത്തി. ജനങ്ങൾ രാജ്യത്തിന്റെ പതനത്തിന് മഡൂറോയെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്നിട്ടും 2018 മേയ് മാസത്തിൽ രണ്ടാം വട്ടവും മഡൂറോ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ പൊതുതെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്ക്കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമല്ലെന്നും മഡുറോ ബലപ്രയോഗത്തിലൂടെ അധികാരത്തിലിരിക്കുകയാണെന്നും അവർ ആരോപിച്ചു.

യു.എസ് അടക്കമുള്ള 20 രാജ്യങ്ങളുടെ പിന്തുണയാണ് ഗൈഡോയെ ബലവാനാക്കുന്നതും മഡൂറോയെ പ്രതിരോധത്തിലാക്കുന്നതും. എന്നാൽ തോറ്റുകൊടുക്കാൻ മഡൂറോ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആജ്ഞകൾക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു. ഗൈഡോയെ പ്രസിഡന്റായി അംഗീകരിച്ച യു.എസ്സുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുന്നതായി മഡൂറോ പ്രഖ്യാപിച്ചു. 72 മണിക്കൂറിനുള്ളിൽ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് അന്ത്യശാസനവും നൽകി. മഡൂറോയുടെ ചങ്കൂറ്റത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയ്ക്ക് നിരോധനമേർപ്പെടുത്തിയാണ് യു.എസ് മറുപടി കൊടുത്തത്.

മഡൂറോയെ എങ്ങനെയും സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന കടുംപിടുത്തത്തിലാണ് ഗൈഡോ. എന്നാൽ, യുഎസ് പിന്തുണയുണ്ടെങ്കിലും രാജ്യാന്തര നേതാക്കൾ അംഗീകരിച്ചാലും ഗൈഡോയ്ക്ക് പ്രസിഡന്റാവാനുള്ള അധികാരം ഇല്ലെന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. പാർലമെന്റ് നേതാവായിരിക്കുമ്പോഴും ഇടതുപക്ഷ സർക്കാർ അനുകൂലികൾ 2017 ൽ രൂപംകൊടുത്ത നാഷണൽ കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിക്കാണ് ഭരണഘടനാപരമായ അധികാരം കൈയ്യാളാനാവുക. അതിനാൽ പാർലമെന്റ് എന്തും തീരുമാനിച്ചാലും അതിനെ അവഗണിച്ച് മുമ്പോട്ടു പോകാൻ മഡൂറോയ്ക്ക് കഴിയും.

രാജ്യത്തെ നിർണ്ണായക ശക്തിയായ സൈന്യത്തിന്റെ പിന്തുണയുള്ളതും മഡൂറോയ്ക്ക് ബലം നൽകുന്ന ഘടകമാണ്. മഡൂറോയോട് കൂറുള്ളവരാണ് പട്ടാളക്കാർ. രാജ്യത്തിന്റെ സാമ്പത്തികസാഹചര്യം മോശമായപ്പോഴും സൈനികർക്ക് ആനുകൂല്യങ്ങളും ശമ്പളവർദ്ധനയും നൽകിയ മഡൂറോ അവരെ തന്റെ പക്ഷത്ത് നിർത്തിയിരുന്നു.

മഡൂറോ പദവി വിട്ടൊഴിയാൻ തയ്യാറായില്ലെങ്കിൽ സൈന്യത്തെ വിന്യസിക്കലാണ് മുന്നിലെ വഴിയെന്നാണ് ട്രംപിന്റെ ഒടുവിലത്തെ ഭീഷണി. 'വെനിസ്വേലയിലെ ജനങ്ങൾ തീരാ ദുരിതത്തിലാണ്. പട്ടിണിയും കൊലയും ആ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഇനിയും മഡൂറോയുടെ ഭരണം സഹിക്കാൻ ആ ജനതക്ക് കഴിയില്ല. അതിനാൽ ഭരണം വിട്ടൊഴിയാൻ മഡൂറോ തയ്യാറാകണം. അല്ലാത്ത പക്ഷം ഞങ്ങൾക്ക് ഇടപെടേണ്ടി വരും.'-ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മറുപടിയുമായി മഡൂറോയും രംഗത്തെത്തി. ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ വൈറ്റ് ഹൌസ് കുരുതിക്കളമാകുമെന്ന് മഡൂറോ മുന്നറിയിപ്പ് നൽകി. 'വെനിസ്വലേയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ കയ്യിൽ രക്തക്കറ പുരണ്ടായിരിക്കും ട്രംപ് വൈറ്റ് ഹൗസ് വിടേണ്ടി വരിക. എനിക്കെതിരെ നടക്കുന്നത് സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും മോശം ഗൂഢാലോചനയാണ്. വിയറ്റ്‌നാം ആവർത്തിക്കാനാണോ ട്രംപിന്റെ ശ്രമം. ചർച്ചകൾക്കുള്ള അവസരങ്ങൾ തുറന്നുകിടക്കുകയാണ്. എന്തുകൊണ്ട് യു.എസ് അത്തരം മാർഗങ്ങൾ സ്വീകരിക്കുന്നില്ല.'- മഡുറോ ചോദിച്ചു.

പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ജുവാൻ ഗൈഡോയുടെ അഭ്യർത്ഥന പ്രകാരമാണ് യു.എസ്സിന്റെ പുതിയ നീക്കം. എന്നാൽ, ലോകത്തെ മറ്റു വൻ ശക്തികളായ റഷ്യയുടെയും ചൈനയുടെയും പിന്തുണ മഡുറോയ്ക്കുണ്ട്. ഒപ്പം ക്യൂബ, ബൊളീവിയ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളും വെനിസ്വലേ ക്കൊപ്പമാണ്. കഴിഞ്ഞ ഡിസംബറിൽ, ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെടുന്നതിനു മുമ്പ് റഷ്യയുടെ ആണവായുധ വാഹക ശേഷിയുള്ള രണ്ടു ബോംബർ വിമാനങ്ങൾ വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ എത്തിയിരുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന്റെ ഭാഗമല്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മാത്രമാണെന്നും മറ്റും വിശദീകരിച്ചുവെങ്കിലും യു.എസ്സിനുള്ള ശക്തമായ തക്കീതായാണ് വിലയിരുത്തപ്പെട്ടത്. അതിനിടെ വെനസ്വേലയിൽ മഡുറോക്കെതിരെയും അനുകൂലിച്ചുമുള്ള പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് ആഭ്യന്തരയുദ്ധം നടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് മഡൂറോ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന യൂറോപ്യൻ യൂനിയന്റെ ആവശ്യവും അദ്ദേഹം തള്ളിയിരിക്കുകയാണ്. വെനിസ്വേലയ്ക്കുമേൽ യു.എസ് പിടിമുറുക്കുമ്പോൾ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് തീർച്ച.

ഫിലിപ്പീൻസിൽ സമാധാനം?

ഫിലിപ്പീൻസിലെ ജോലോ ദ്വീപിൽ കത്തോലിക്കാ ദേവാലയത്തിനും പിന്നീട് മുസ്‌ലിം പള്ളിക്കും നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ സമാധാന ശ്രമത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. വർഷങ്ങളായി തെക്കൻ ഫിലിപ്പീൻസിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും അവസാനമാകുമെന്ന് പ്രതീക്ഷയിൽ സ്വയംഭരണാവകാശ മേഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഹിതപരിശോധന നടന്ന് ദിവസങ്ങൾക്കകമാണ് ആക്രമണം നടന്നത്. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് പള്ളിയിൽ ഇരട്ട സ്‌ഫോടനം ഉണ്ടായത്. പള്ളിയ്ക്ക് സമീപമാണ് ആദ്യത്തെ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇതു കഴിഞ്ഞ് പൊലീസ് പരിശോധന നടത്തവെ പള്ളി വളപ്പിലും രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. 21 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 100ലധികം പേർക്ക് പരിക്കേറ്റു. ഇതിനു പിന്നാലെ മുസ് ലിം പള്ളിക്കു നേരേയും ഗ്രനേഡ് ആക്രമണം ഉണ്ടായി. എന്നാൽ ഇത് ഒരു തിരിച്ചടിയല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

മുസ്‌ലിം ജനസംഖ്യ നിർണ്ണായകമായ തെക്കൻ ഫിലിപ്പീൻസിൽ കൂടുതൽ അധികാരങ്ങളോടെയുള്ള സ്വയംഭരണമേഖല സ്ഥാപിക്കാനായിരുന്നു ഹിതപരിശോധന. അഞ്ച് പ്രവിശ്യകളും മൂന്നു നഗരങ്ങളും ഉൾപ്പെടുത്തി സ്വയംഭരണാധികാരമുള്ള മേഖല രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. പുതിയ സ്വയംഭരണ പ്രദേശം രൂപീകരിക്കുന്നതിനെ ഭൂരിഭാഗം മുസ്‌ലിംകളും പിന്തുണച്ചിരുന്നു. എന്നാൽ, സ്‌ഫോടനം നടന്ന ജോലോ ദ്വീപ് മാത്രം ഇതിനെ എതിർത്തു. ഇതിനുള്ള പ്രതികാരമാണോ സ്‌ഫോടനമെന്നാണ് സംശയം. സ്വയംഭരണാധികാരമുള്ള മേഖല വരുന്നതോടെ നിലവിലെ മിൻഡനാവോ പ്രവിശ്യ കൂടുതൽ അധികാരങ്ങളോടെയുള്ള 'ബങ്സമോറോ' സ്വയംഭരണമേഖലയായി മാറും. ബങ്സമോറോയിലേക്ക് കൂടുതൽ സ്ഥലങ്ങൾ ചേർക്കേണ്ടതുണ്ടോ എന്നത് അയൽമേഖലയിൽ അടുത്തമാസം നടത്തുന്ന ഹിതപരിശോധനയിലൂടെ തീരുമാനിക്കും. മോറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ട് (എം.ഐ.എൽ.എഫ്) എന്ന സായുധ തീവ്രവാദസംഘടനയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നു ഹിതപരിശോധന. സ്വയംഭരണാധികാരമുള്ള മേഖല വരുന്നതോടെ എം.ഐ.എൽ.എഫ് ആയുധം ഉപേക്ഷിക്കുമെന്നാണ് പറയുന്നത്.

അബുസയ്യാഫ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക സൂചന. ഭീകരതയിൽ ഒരേ പക്ഷത്താണെങ്കിലും എംഐഎൽഎഫും അബുസയ്യാഫും പരസ്പരം പോരടിക്കുന്നവരുമാണ്. ഇതേസമയം, 'അജാങ് അജാങ്' എന്ന പുതിയൊരു സംഘത്തിന്റെ പേരും ഇതാദ്യമായി ഉയർന്നുവരുന്നുണ്ട്. എന്നാൽ, ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) അവരുടെ വെബ്‌സൈറ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇറാഖും സിറിയയും കൈവിട്ടെങ്കിലും ലോകത്തിന്റെ പലഭാഗത്തും ഐ.എസ്സും അനുബന്ധ ഭീകരസംഘടനകളും ഇപ്പോഴും ഭീഷണി ഉയർത്തുന്നുണ്ടെന്ന ആശങ്കയാണ് ഫിലിപ്പീൻസിലെ പുതിയ ആക്രമണം ഉയർത്തുന്നത്.

തെക്കു കിഴക്കൻ ഏഷ്യയിൽ ഫിലിപ്പീൻസിനു പുറമേ ഇന്തൊനീഷ്യയിലും തായ് ലൻഡിലും സമാന സാഹചര്യമുണ്ട്. ഇന്തൊനീഷ്യയിലെ ജമാഅ ഇസ്ലാമിയ (ജെ.ഐ), ജമാഅ അൻസാറുദ്ദൗല, ജമാഅ അൻസാറുത്തൗഹീദ് തുടങ്ങിയ ഭീകരസംഘടനകളാണ് സജീവം. തായ് ലൻഡിലെ ഐ.എസ് സ്ലീപ്പർ സെല്ലുകളുടെ ഭീഷണി മലേഷ്യയ്ക്കും തലവേദനയായിട്ടുണ്ട്.

Read More >>