ചരിത്രം മറക്കുന്ന കാമ്പസുകള്‍

വിദ്യാർത്ഥിരാഷ്ട്രീയം എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനോത്സവമാണ് എന്ന പിന്തിരിപ്പൻ അവസരവാദ രാഷ്ട്രീയത്തിലേക്ക് പൊതുരാഷ്ട്രീയബോധം എത്തിയിരിക്കുന്നു.

ചരിത്രം മറക്കുന്ന കാമ്പസുകള്‍

പ്രമോദ് പുഴങ്കര

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടനാപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നു. ഇത് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ, വിശിഷ്യാ ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് പൊതുസമൂഹത്തെ ചിന്തിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗരാഷ്ട്രീയ ശോഷണത്തിന്റെ ഭീതിദമായ രോഗപ്രകടനം കൂടിയാണിത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍, മലയാളികള്‍ക്കായി കേരളം ഉണ്ടാകുന്ന രാഷ്ട്രീയപ്രക്രിയയില്‍ അടക്കം വിദ്യാര്‍ത്ഥികള്‍ ഏറിയും കുറഞ്ഞുമുള്ള സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ഇടപെട്ടിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ പല ഘട്ടങ്ങളിലായി ഉജ്ജ്വലമായ സമരങ്ങള്‍ കൊണ്ട് മലയാളിസമൂഹത്തിന്റെ രാഷ്ട്രീയവ്യവഹാരത്തെ പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോയിട്ടുണ്ടെന്നതും വസ്തുത. ഈ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കെ.എസ്.യുവും സംഘപരിവാറും കൊലക്കത്തിക്കിരയാക്കിയത് ദേവപാലനും സെയ്താലിയും ബാലനും കൊച്ചനിയനും സുധീഷും അടക്കമുള്ള നിരവധി സഖാക്കളെയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ മാത്രമായിരുന്നു അവര്‍ കൊല്ലപ്പെട്ടത്. കേരളത്തിലെ കലാലയവളപ്പുകളെ കൊലപാതകരാഷ്ട്രീയത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യിച്ചെടുത്തത് കെ.എസ്.യുവാണ്. കലാലയ ഗുണ്ടാരാഷ്ട്രീയം ഒരു പുത്തന്‍ എസ്.എഫ്.ഐ പ്രതിഭാസമായി അവതരിപ്പിക്കുന്ന പരിപാടി കാണുമ്പോള്‍ അതങ്ങനെയല്ല എന്നുതന്നെ പറഞ്ഞാണ് വിഷയത്തെ സമീപിക്കേണ്ടത്. വിമോചനസമര കാലം മുതലുള്ള പിന്തിരിപ്പന്‍ രാഷ്ട്രീയമൂല്യങ്ങളെയാണ് എക്കാലത്തും വലതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ കേരളത്തില്‍ കൊണ്ടുനടന്നിട്ടുള്ളത്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥി സഖാക്കളാണ് നിരവധിയായ വിദ്യാര്‍ത്ഥി സമരങ്ങളില്‍ പങ്കെടുത്ത് കേരളത്തിലെ തെരുവുകളിലുടനീളം അതിക്രൂരമായ മര്‍ദ്ദനത്തിനും പൊലീസ് വേട്ടയ്ക്കും ഇരയായത്. അതെല്ലാം കേവലം ചിത്രമെടുപ്പ് അഭ്യാസങ്ങളായിരുന്നില്ല, കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തിയ സമരങ്ങളായിരുന്നു. ആ സമരങ്ങളില്‍ ഉറച്ച രാഷ്ട്രീയബോദ്ധ്യവുമായി കേരളത്തിലെ എല്ലാ നഗരങ്ങളിലും എല്ലാ പൊലീസ് വേട്ടയെയും എതിരിട്ടുകൊണ്ട് എസ്.എഫ്.ഐ സമരം ചെയ്തിട്ടുണ്ട്. അതൊരു ചരിത്രമാണ്. ഈ സമരചരിത്രം കേരളത്തിലെ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന് ഈ ചരിത്രത്തെ മറവിയിലേക്കു തള്ളുക എന്ന അജന്‍ഡ കൂടിയുണ്ട്. അതൊരു രാഷ്ട്രീയമാണ്, അത് അനുവദിച്ചു കൊടുത്തുകൂടാ.

എന്നാല്‍ ഈ ചരിത്രവും താലോലിച്ച് പൂതലിച്ച രാഷ്ട്രീയശരീരവുമായി ജീവിക്കുന്ന ഒരു ഇടതുപക്ഷമാണ് കേരളത്തിലുള്ളത് എന്ന വസ്തുതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത്. ഈ ചരിത്രത്തെ നിര്‍മ്മിച്ചെടുത്ത രാഷ്ട്രീയത്തില്‍ നിന്ന് അതിവേഗം വഴിമാറി നടന്ന ഇടതുപക്ഷമാണ് ഇപ്പോഴുള്ളത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനോത്സവമാണ് എന്ന പിന്തിരിപ്പന്‍ അവസരവാദ രാഷ്ട്രീയത്തിലേക്ക് പൊതുരാഷ്ട്രീയബോധം എത്തിയിരിക്കുന്നു. കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ വേണ്ടുന്നതരത്തില്‍ സമരങ്ങള്‍ ചെയ്യാന്‍ ഏറ്റവും എളുപ്പം ലഭ്യമായ സംഘമായി വിദ്യാര്‍ത്ഥി സംഘടന മാറി. കഴിഞ്ഞകാല മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയപ്രസക്തിയെ ഇല്ലാതാക്കും വിധമുള്ള നയങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരുകള്‍ നടപ്പാക്കിയപ്പോള്‍ നോക്കുകുത്തികളും മാപ്പുസാക്ഷികളും മാത്രമായിരുന്നില്ല അക്കാലത്തെയും പില്‍ക്കാലത്തേയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍. അത്തരം പിന്തിരിപ്പന്‍ നയങ്ങളെ സംഘടനയിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ദല്ലാള്‍പ്പണികൂടി എടുത്തവരായിരുന്നു അവര്‍. പതിവുപോലെ പെട്ടിചുമക്കലുകാരും മുറികാവല്‍ക്കാരും സി.പി.എമ്മിലെ കൊടിയ വിഭാഗീയതക്കാലം മുതല്‍ രാഷ്ട്രീയ ബാലാരിഷ്ടത പ്രയോഗസാദ്ധ്യതയാക്കിയ ചാരന്മാരുമൊക്കെയായി വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വത്തെ മാറ്റിക്കൊണ്ട് അവസരവാദ അധികാര രാഷ്ട്രീയത്തിന്റെ അതലങ്ങളിലേക്കുള്ള കൂപ്പുകുത്തലില്‍ സി.പി.എം നേതൃത്വം എസ്.എഫ്.ഐയെയും കൂടെക്കൂട്ടി.

ഇടതുപക്ഷത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം സ്വകാര്യ മൂലധനവുമായി ചങ്ങാത്തം സ്ഥാപിക്കുകയും വിദ്യാഭ്യാസത്തോടുള്ള സമീപനത്തില്‍ നിന്നടക്കം വര്‍ഗ്ഗരാഷ്ട്രീയത്തെ ചോര്‍ത്തിക്കളയുകയും ചെയ്തപ്പോള്‍ അതിനെതിരേ തിരുത്തല്‍ ശക്തികളായി മുന്നോട്ടുവരേണ്ടിയിരുന്ന എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നേതൃതലത്തിലെ കുഞ്ഞിത്തൊമ്മിമാര്‍ക്ക് ലഭിച്ച അധികാരത്തിന്റെ കോലുമിഠായിയും വലിച്ചു രസിക്കുകയായിരുന്നു.

ഇത് പൊതു ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന്നതാണെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്ന നിലയില്‍ കലാലയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും അടിസ്ഥാനപരമായി തങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നവര്‍ തിരിച്ചറിഞ്ഞില്ല. പഠിപ്പുമുടക്ക് സമരം എന്ന ആയുധത്തെ പോലും പലപ്പോഴും എത്രമാത്രം വികലവും ഉത്തരവാദിത്തരഹിതവുമായാണ് സംഘടന ഉപയോഗിച്ചത് എന്ന് നമുക്കറിയാം. പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങളെയും ആധുനികവല്‍ക്കരിക്കുന്നതിനും അവയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വേണ്ട പരിപാടികളൊന്നും ഒരുകാലത്തും കേരളത്തിലെ വിദ്യാര്‍ത്ഥി, അദ്ധ്യാപക സംഘടനകളുടെ ഭാഗമായിരുന്നില്ല എന്നതാണ് വസ്തുത. സാര്‍വത്രികമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്തിയത് കേരളം ഉണ്ടാകുന്നതിനും മുമ്പുതന്നെ തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ നേതൃപരമായ പങ്കുവഹിച്ച രാഷ്ട്രീയ, സാമൂഹ്യ സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു. അതിനെ മുന്നോട്ടുകൊണ്ടുപോവുകയും പൊതുവിദ്യാഭ്യാസത്തെ മികവുറ്റതാക്കുകയും ചെയ്യുക എന്നതായിരുന്നു 1980-കള്‍ക്കു ശേഷമെങ്കിലും കേരളത്തില്‍ ഉണ്ടാകേണ്ടിയിരുന്ന വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയസമരം. എന്നാല്‍ വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെ കേവലം തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ മാത്രമായി ന്യൂനീകരിച്ച നേതൃത്വം ഇതില്‍ തീര്‍ത്തും പരാജയപ്പെട്ടു. 1990-കള്‍ മുതല്‍ സ്വകാര്യ മൂലധനത്തിന് കൊള്ള നടത്താനും മികവ് എന്ന പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടത്താന്‍ സാമൂഹികമായ പൊതുസമ്മതിയുണ്ടാക്കുന്നതിലേക്കുമാണ് ഈ രാഷ്ട്രീയവീഴ്ച കേരളത്തെ കൊണ്ടുചെന്നെത്തിച്ചത്.

ലോകത്തെങ്ങും ഉണ്ടാകുന്ന നവംനവങ്ങളായ രാഷ്ട്രീയ ചിന്താധാരകളെയും രാഷ്ട്രീയ മാറ്റങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം ചര്‍ച്ചചെയ്യുകയും അവയെ പൊതുരാഷ്ട്രീയവ്യവഹാരത്തിലേക്ക് ഇടിമുഴക്കം പോലെ എത്തിക്കുകയും ചെയ്യേണ്ടവരാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തകരും നേതൃത്വവും എന്നതില്‍ നിന്ന് മുഖ്യധാരാ ഇടതുകക്ഷികളുടെ പ്രതിധ്വനികള്‍ മാത്രമായി എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍. ഭരണകൂടവേട്ടയില്‍ തെരുവുകളില്‍ ചോരതുപ്പിവീണിട്ടും ഇനിയുമുറക്കെ എന്നാര്‍ത്തെഴുന്നേറ്റ് മുഷ്ടിചുരുട്ടിയ മുദ്രാവാക്യങ്ങള്‍ അലസഗാമികളായ അവസരവാദികളെനോക്കി വീണുപോയ കാലങ്ങള്‍ പിറകെവന്നു. ഇടതു-വലതു ഭേദമില്ലാതെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് കോടിക്കണക്കിനു രൂപ കോഴക്കച്ചവടം നടത്താന്‍ ഭരണഘടനാവിരുദ്ധമായ നിയമമുണ്ടാക്കിയ ഒരു സര്‍ക്കാരിനെനോക്കി നിങ്ങള്‍ ഇടതുപക്ഷമാണോ എന്ന് ചോദിക്കാതെ, തിരുവനന്തപുരത്തെ ഒരു സാധാരണ കലാലയവളപ്പിലെ എല്ലാത്തരം വ്യവഹാരങ്ങളും നിയന്ത്രിക്കുമ്പോള്‍ തങ്ങള്‍ വിമോചിത പ്രദേശങ്ങളുണ്ടാക്കുന്നു എന്ന ആത്മരതിയില്‍ അഭിരമിക്കുന്ന വിദ്യാര്‍ത്ഥിനേതൃത്വം രൂപപ്പെട്ടത് ഈ കാലത്തിലൂടെയാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള എല്ലാ സംവാദസാദ്ധ്യതകളെയും ചോദ്യങ്ങളേയും കേവലമായ സംഘടനാവിരുദ്ധതയുടെ നുകത്തില്‍ക്കെട്ടി രാഷ്ട്രീയഭ്രഷ്ടിന്റെ പാടത്തേക്ക് ആട്ടിത്തെളിച്ചുകളയുന്ന തട്ടിപ്പുകൊണ്ട് ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാകില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയസമസ്യകളെയും പ്രതിസന്ധികളെയും അതിന്റെ എല്ലാത്തരം ജീര്‍ണതകളെയും പ്രതീകവല്‍ക്കരിക്കുന്ന നേതൃത്വത്തെയും യൗവനോത്സുകമായ ഊര്‍ജവും നിരന്തരമായ രാഷ്ട്രീയസന്ദേഹങ്ങളും വച്ച് ചോദ്യം ചെയ്യുകയും മറികടക്കുകയും വേണം. നിത്യസന്ദേഹികളുടെ രാഷ്ട്രീയക്ഷോഭമാണ് ഇടതുപക്ഷം. അവിടെ വിധേയന്മാരുടെയും ദല്ലാളുകളുടെയും അധോമുഖഭാഷണങ്ങള്‍ക്കൊണ്ട് വ്യാജമായ ശാന്തത ഉണ്ടായിക്കൂടാ.

Read More >>