കേരളത്തിലെ ദേശീയ പാത കുരുക്കിടുന്നത് ആര്

തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ദേശീയ പാതയുടെ കാര്യത്തിലുള്ള ഊർജ്ജിതവും സമയബന്ധിതവുമായ ഇടപെടൽ നടത്താനുള്ള ​ഗൃഹപാഠം സംസ്ഥാന സർക്കാർ നടത്തേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന ഇടപെടൽ രീതികൾ നമുക്കും മാതൃകയാക്കാവുന്നതാണ്. അതില്ലാത്തതാണ്, പദ്ധതി ഇത്രയും കാലം വൈകിയതിനുള്ള കാരണങ്ങളിലൊന്ന് എന്ന യാഥാർത്ഥ്യം നമുക്കു മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും

കേരളത്തിലെ ദേശീയ പാത കുരുക്കിടുന്നത് ആര്

കുപ്പിക്കഴുത്തുപോലെയാണ് കേരളത്തിലെ ദേശീയ പാതയിലെ പല ഭാഗങ്ങളും. കാൽ നൂറ്റാണ്ടു കൊണ്ടു അമ്പതിരട്ടിയിലേറെ വാഹനങ്ങൾ വർദ്ധിച്ചിട്ടും അഞ്ചു ശതമാനം പോലും പുതിയ റോഡുണ്ടാക്കാനോ ഉള്ളത് നവീകരിക്കാനോ നമുക്കായില്ല. പാതാ വികസനത്തിലെ പ്രധാന വില്ലൻ സ്ഥലമേറ്റെടുപ്പു തന്നെ. മാറിമാറി വരുന്ന സർക്കാരുകൾ ദയനീയമായി പരാജയപ്പെടുന്നതും ഈയൊരു വിഷയത്തിനു മുന്നിലാണ്. പാതിവഴിയിൽ നിലച്ച ദേശീയ പാതയ്ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിന് വീണ്ടും ജീവൻ വെച്ചത് പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. മികച്ച നഷ്ടപരിഹാരമുറപ്പാക്കിയും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചുമാണ് സ്ഥലമുടമകളുടെ എതിർപ്പു ലഘൂകരിച്ചത്. ഈ പരിശ്രമത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വികസനത്തന് ആവശ്യമായ 70-80 ശതമാനത്തോളം സ്ഥലം ഏറ്റെടുക്കാനും കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കമിട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ മേഖലകളിലേക്കു കൂടി റോഡ് വികസനത്തിന് തുടക്കമിടാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചു. കേന്ദ്ര ഉപരിതലഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയുടെ പിന്തുണ കൂടി ചേർന്നപ്പോൾ നിശ്ചിതകാലപരിധിക്കുള്ളിൽ ദേശീയപാതാ വികസനം സാദ്ധ്യമാകുമെന്നു കേരളം കരുതി. എന്നാൽ ആ പ്രതീക്ഷകളെ തകർക്കും വിധമാണ് കഴിഞ്ഞ വാരം ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവു വന്നത്. കേരളത്തിൽ കാസർകോട് ഒഴികെയുള്ള ജില്ലകളില സ്ഥലമേറ്റെടുപ്പു ഉൾപ്പെടെയുള്ള തുടർ നടപടികൾ നിർത്തിവെയ്ക്കണമെന്ന അറിയിപ്പാണ് അതോറിറ്റി നൽകിയത്. അതാവട്ടെ കേരളത്തിന്റെ ദീർഘകാലമായുള്ള സ്വപ്‌നത്തിന്റെ ചിറകരിയൽ കൂടിയായി.

എന്തിനു വേണ്ടിയായിരുന്നു ദേശീയപാതാ വിഭാഗം കേരളത്തിലെ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കണം എന്നു തീരുമാനിച്ചത്. ത്രി-ഡി നോട്ടിഫിക്കേഷൻ ഇറക്കിയ ഭൂമിയിൽവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട മുൻഗണനാ മാനദണ്ഡം നിശ്ചയിക്കുമ്പോൾ കേരളത്തെ രണ്ടാം ഘട്ടത്തിലേക്കു മാറ്റിയതിന് വിശ്വസനീയമോ യുക്തിസഹമോ ആയ ഒരു ന്യായീകരണവും നൽകാൻ അതോറിറ്റിക്കു സാധിച്ചിട്ടില്ല. സ്ഥലമേറ്റെടുപ്പ് നടപടി അനിശ്ചിതമായി നീളുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പരാതിയെങ്കിൽ അതു പൂർത്തിയാക്കിയ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ എന്തുകൊണ്ടു അനുമതി നൽകുന്നില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി സ്ഥലം വിട്ടുനൽകിയിട്ടും എന്തുകൊണ്ടു ടെണ്ടർ നൽകാനോ നിർമ്മാണ പ്രവർത്തനം തുടങ്ങാനോ എൻ.എച്ചിനു കഴിയുന്നില്ല എന്ന സംസ്ഥാനത്തിന്റെ ചോദ്യം പ്രസക്തമല്ലെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടിയ മേഖലയായിട്ടും സ്ഥലമേറ്റെടുത്ത പ്രദേശങ്ങളിലെ നിർമ്മാണം അനിശ്ചിതമായി വൈകുന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണോ. ഇനിയും ഏറ്റെടുക്കാനുള്ള ഭാഗങ്ങളിലെ ഭൂവിലകൂടുന്നതിന്റെ പേരുപറഞ്ഞാണ് നിർമ്മാണ പ്രവൃത്തി നിർത്തിയതെങ്കിൽ പോലും ന്യായീകരിക്കാമായിരുന്നു. മൂന്നും നാലും വർഷങ്ങൾക്കു മുമ്പ് ഏറ്റെടുത്ത ഭൂമി ഇപ്പോഴും വെറുതെ കിടക്കുകയാണ്. ഇവിടെ പ്രവൃത്തി തുടങ്ങിയിരുന്നെങ്കിൽ ജനങ്ങളുടെ വിശ്വാസമെങ്കിലും നേടാമായിരുന്നു. അതുണ്ടായില്ല. പകരം ഏകപക്ഷീയമായി കേരളത്തെ തഴയുന്ന സമീപനമാണ് സ്വീകരിക്കപ്പെട്ടത്. ഇവിടെയാണ് കേരളത്തോടുള്ള അവഗണന എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിന് മൂർച്ചയേറുന്നത്.

കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും നിഷേധാത്മകമായ സമീപനത്തിനെതിരെ സംസ്ഥാന സർക്കാരും വിശിഷ്യാ മുഖ്യമന്ത്രിയും അതിശക്തമായി തന്നെ രംഗത്തു വന്നിട്ടുണ്ട്. കേന്ദ്ര നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കത്തയക്കുകയും ചെയ്തു. പൊതുമരാമത്തു വകുപ്പു മന്ത്രിയും ചീഫ് സെക്രട്ടറിയുമുൾപ്പെടെയുള്ള ഭരണ-ഉദ്യോഗസ്ഥ നേതൃത്വം ഊർജ്ജിതമായി ഇടപെട്ടപ്പോൾ അതിനു ഫലം കാണുകയും ചെയ്തു. കേരളത്തിന് ദോഷകരമായ ഉത്തരവു പിൻവലിക്കുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്നെ പ്രസ്താവന നടത്തി. വിവാദ ഉത്തരവു തിരുത്തുന്നതുവരെ ആശങ്ക ഒഴിയുന്നില്ലെന്നാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞത്. എന്തായാലും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ദേശീയ പാതയുടെ കാര്യത്തിലുള്ള ഊർജ്ജിതവും സമയബന്ധിതവുമായ ഇടപെടൽ നടത്താനുള്ള ​ഗൃഹപാഠം സംസ്ഥാന സർക്കാർ നടത്തേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന ഇടപെടൽ രീതികൾ നമുക്കും മാതൃകയാക്കാവുന്നതാണ്. അതില്ലാത്തതാണ്, പദ്ധതി ഇത്രയും കാലം വൈകിയതിനുള്ള കാരണങ്ങളിലൊന്ന് എന്ന യാഥാർത്ഥ്യം നമുക്കു മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും.

പൊലീസിന്റെ കള്ളക്കളി

കള്ളവോട്ടിന്റെ പേരിൽ കുപ്രസിദ്ധിയാർജ്ജിക്കുന്നതിനിടെ പൊലീസുകാരുടെ തപാൽ വോട്ടിലെ വെട്ടിപ്പും കേരളത്തിന് 'തിലകക്കുറി'യായി. ഒന്നിനും പിന്നിലാവരുതല്ലോ നമ്മൾ, മലയാളികൾ. തപാൽ വോട്ടു തട്ടിപ്പിൽ കേരളാ പൊലീസ് അസോസിയേഷൻ നേതാക്കൾ കുടങ്ങുമെന്നും അതിനാവശ്യമായ തെളിവുകൾ ഓരോ ദിവസം കഴിയുന്തോറും കൂടിവരുന്നതായുമാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറയുന്നത്. പറഞ്ഞു തീരുംമുമ്പ് ഒരു പൊലീസുകാരന്റെ തൊപ്പിതെറിക്കുകയും കുറേ പേരുടെ തലയ്ക്കുമുകളിൽ വാൾ തൂക്കിയിടുകയും ചെയ്തു. അങ്ങനെ, കണ്ണൂരിൽ പുത്തരിയല്ലാത്ത കള്ളവോട്ട് വ്യാപിച്ച് ഒടുവിൽ പൊലീസിന്റെ തപാൽ വോട്ടുവരെ കള്ളത്തരത്തിലൂടെ കൈക്കലാക്കി തിരിമറി നടത്തുന്നേടത്തു കാര്യങ്ങൾ എത്തിനിൽക്കുകയാണ്.

തീർത്തും സ്വകാര്യവും സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കേണ്ടതുമാണ് ഒരു പൗരന്റെ സമ്മതിദാനാവകാശം. അതു അപരൻ വ്യാജമായി ചെയ്യുന്നതാണ് കള്ളവോട്ട്. . തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ തപാൽ ബാലറ്റു പേപ്പർ കൈക്കലാക്കി അതു തന്നിഷ്ടപ്രകാരം ചെയ്യുന്നതു കള്ളവോട്ടു തന്നെ. നിയമം പാലിക്കാനും നീതി ഉറപ്പുവരുത്താനും ഉത്തരവാദപ്പെട്ട പൊലീസുതന്നെ കള്ളവോട്ടു ചെയ്യുകയാണിവിടെ.

ഭീഷണിപ്പെടുത്തിയും സമ്മർദ്ദങ്ങൾക്കു വിധേയമാക്കിയും പൊലീസുകാരുടെ തപാൽ വോട്ടുകൾ കൈക്കലക്കിയ ശേഷം ഇഷ്ടമുള്ളവർക്കു വോട്ടു ചെയ്തു നിക്ഷേപിക്കുന്ന രീതിയാണ് ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം അരങ്ങേറിയത്. ഭരണകക്ഷിക്കു അനുകൂലമായി നിലകൊള്ളുന്ന പൊലീസ് അസോസിയേഷനാണ്, തപാൽ വോട്ടുകളിൽ ജനാധിപത്യവിരുദ്ധവും ക്രമിനിൽ സ്വഭാവമുള്ളതുമായ നടപടികൾക്കു നേതൃത്വം നൽകിയത്. ഇക്കാര്യത്തിൽ നേരത്തെ ചില കേന്ദ്രങ്ങൾ ആശങ്കപ്പെട്ടിരുന്നെങ്കിലും, അട്ടിമറി സാദ്ധ്യത സംസ്ഥാന പൊലീസ് മേധാവി തള്ളിക്കളയുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു നടപടികൾ പുരോഗമിക്കുന്നതിനിടെ തപാൽ വോട്ടുള്ള പൊലീസുകാരുടെ ബാലറ്റുകൾ ശേഖരിച്ചു കൃത്രിമം കാണിക്കാൻ അസോസിയേഷൻ നേതാക്കൾ മുന്നോട്ടു വന്നു. ആയിരക്കണക്കിന് വോട്ടുകൾ ഇത്തരത്തിൽ ശേഖരിച്ച്, സ്വന്തം പാർട്ടിക്കുവേണ്ടി വോട്ടു രേഖപ്പെടുത്തിയതായാണ് അറിയുന്നത്. അക്കാര്യം കമ്മിഷൻ വിശദമായി പരിശോധിച്ചു വരുകയാണ്. തിരിമറിയിൽ പങ്കെടുത്ത ഒരാളെയും വെറുതെ വിടില്ലെന്ന നിലപാട് സി.ഇ.ഒ ആവർത്തിക്കുന്നുമുണ്ട്.

എന്തായാലും സംഗതി ഹൈക്കോടതിയിലെത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ നേതാവ്. പൊലീസുകാരുടെ മുഴുവൻ തപാൽ വോട്ടുകളും പിൻവലിച്ച് വീണ്ടും വോട്ടു ചെയ്യാനുള്ള അടിയന്തര സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകാനാണ് തീരുമാനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ടു ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹർജിയിലെ ആവശ്യം. വോട്ടെണ്ണൽ മെയ് 23 നാണ്. തിരിമറി സംബന്ധിച്ച അന്വേഷണ നടപടി അനിശ്ചിതമായി നീണ്ടു പോവുകയാണ്. സംസ്ഥാന പൊലീസ് മേധാവിയുൾപ്പെടെ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും സംശയിക്കുന്നു. നേരത്തെ ക്രമക്കേടു നടത്താൻ സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവു നൽകിയ കത്തു ഡി.ജി.പിയും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസറും അവഗണിച്ചുവെന്ന പരാതിയും പ്രതിപക്ഷത്തിനുണ്ട്.

കളി മീണയോടു വേണ്ട

കണ്ണൂരിലെ കള്ളവോട്ടിന് കണക്കുപറയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആരെതിർത്താലും ആ പണി തുടരുമെന്നു മീണ ആവർത്തിക്കുന്നുമുണ്ട്. കള്ളവോട്ടിന്റെ അന്ത്യം കണ്ടേ വിശ്രമമുള്ളൂ എന്ന വാശി അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇടതായാലും വലതായാലും എൻ.ഡി.എ ആയാലും അദ്ദേഹത്തിനോട് രസത്തിലല്ല. ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികൊണ്ട്, കള്ളവോട്ടിനെ ഏതു പ്രത്യയശാസ്ത്രം കൊണ്ടു ന്യായീകരിക്കാൻ ആരു ശ്രമിച്ചാലും മീണ വിടില്ല. ഭയപ്പെടുത്തി അദ്ദേഹത്തെ വരുതിയിലാക്കാമെന്നും ആരും കരുതേണ്ട. ഇതു വേറെ ലെവലാണ്.

കള്ളവോട്ട് ആരോപിച്ച് ദൃശ്യങ്ങളുമായി ആദ്യമെത്തിയതും ഗോളടിച്ചതും യു.ഡി.എഫായിരുന്നു. പണികിട്ടിയത് സി.പി.എമ്മിന്. നേരത്തെ ആരോപണം ഉയരുന്നതെല്ലാം പാർട്ടിക്കെതിരായതിനാൽ എല്ലാവരും സി.പി.എമ്മിനെ വളഞ്ഞിട്ടാക്രമിച്ചു. കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ കൂടി പുറത്തു വന്നതോടെ ഓപ്പൺവോട്ടെന്നു ന്യായീകരിച്ചു നിൽക്കാനുള്ള ശ്രമം എട്ടുനിലയിൽ പൊട്ടി. ഏകപക്ഷീയമായ ആക്രമണം തുടരുന്നതിനിടെയാണ് പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും മുസ്ലിം ലീഗ് പ്രവർത്തകരുടെ കള്ളവോട്ടു ദൃശ്യങ്ങൾ പുറത്തുവന്നത്. എന്തായാലും ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ കൂടുതൽ പ്രതിരോധത്തിലായത് യു.ഡി.എഫാണ്. എന്നാൽ കള്ളവോട്ടു വിവരങ്ങൾ തങ്ങൾ ശേഖരിക്കുകയാണെന്നും അതു കൂടി തെളിഞ്ഞാൽ സി.പി.എം ഒറ്റപ്പെടുമെന്നും ഉള്ള ആത്മവിശ്വാസമാണ് കോൺഗ്രസ് പങ്കുവെയ്ക്കുന്നത്. ഇനി പതിവുപോലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു കഴിഞ്ഞാൽ കള്ളവോട്ടാരോപണം കൂട്ടിക്കെട്ടി മൂലയ്ക്കിടാൻ മുന്നണികൾ തീരുമാനിച്ചാലും മീണ വിടില്ല. കള്ളവോട്ടിന്റെ വേരറുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചട്ടവും നിയവും തോളിൽ വെച്ചാണ് മീണ ഉറക്കമുണരുന്നത്. തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ അണുകിട വ്യതിചലിക്കാൻ, തുടക്കം മുതൽ അദ്ദേഹം അനുവദിച്ചില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും, പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടിക്കു അനുമതി നിഷേധിച്ച ആളാണ്. അതുകൊണ്ടു തന്നെ കളി അങ്ങോട്ടു വേണ്ട. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ താനീ കസേരയിൽ കാണുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് മുഖവിലക്കെടുത്താൽ എല്ലാവർക്കും നല്ലത്.

Read More >>