തീവ്ര ഹിന്ദുത്വമോ മൃദു ഹിന്ദുത്വമോ

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റുകൾ നേടുക എന്നത് ബി.ജെ.പിക്കും കോൺഗ്രസ്സിനും കേന്ദ്രത്തിൽ ഭരണത്തിൽ എത്താൻ അനിവാര്യമാണ്. അതിനു വേണ്ട തന്ത്രങ്ങൾ കോൺഗ്രസ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പശുക്കൾക്കായി മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ, കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ മനുഷ്യരേക്കാൾ കൂടുതൽ പ്രാധാന്യം പശുക്കൾക്ക് നൽകുന്ന അവസ്ഥ വരെ എത്തിക്കുന്നതിൽ കോൺഗ്രസ്, ബി.ജെ.പിയെ ഒരു പടി പിന്നിലാക്കിയിട്ടുണ്ട്‌

തീവ്ര ഹിന്ദുത്വമോ  മൃദു ഹിന്ദുത്വമോ

സിദ്ദീഖ് കെ

ഇന്ത്യയുടെയും ഹിന്ദിയുടെയും ഹൃദയ ഭൂമി, ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് ഹേർട്ട് ഓഫ് ഇന്ത്യ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ഭൂ വിസ്തീർണത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം. മദ്ധ്യപ്രദേശിന്റെ തെക്കു കിഴക്കൻ ജില്ലകൾ കൂട്ടിച്ചേർത്ത് 2000ൽ ഛത്തിസ്ഗഢ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുന്നതുവരെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായിരുന്നു.

ചരിത്രം

പുരാതന ഇന്ത്യൻ ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന അവന്തി രാജ്യത്തിന്റെ (മഹാജനപദം) ഭാഗമായിരുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ മദ്ധ്യപ്രദേശ്. അവന്തിയുടെ തലസ്ഥാനം ഇന്നത്തെ ഉജ്ജയിനി ജില്ലയിലായിരുന്നു. രണ്ടാം നൂറ്റാണ്ടു മുതൽ നാലാം നൂറ്റാണ്ടു വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ പ്രദേശത്ത് ഭരണം നടത്തി. പിന്നീട് ഗുപ്ത സാമ്രാജ്യവും 1235 മുതൽ അടിമ വംശത്തിലെ ഇൽത്തുമിഷും മുഗൾ കാലഘട്ടത്തിൽ അക്ബറും ഈ പ്രദേശങ്ങളിൽ ഭരണം നടത്തി. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദ്ധ്യ ഭാരത് (മാൾവ യൂനിയൻ), വിന്ധ്യാപ്രദേശ്, ഭോപ്പാൽ എന്നീ മൂന്നു സംസ്ഥാനങ്ങളായിരുന്ന ഇന്നത്തെ മദ്ധ്യ പ്രദേശ് 1956 നവംബർ ഒന്നിനാണ് ഒരു സംസ്ഥാനമായി മാറുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകൾ

1957 ഫെബ്രുവരി 25നാണ് മദ്ധ്യപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 218 നിയമസഭാ മണ്ഡലങ്ങളിൽ 69 രണ്ടംഗ മണ്ഡലങ്ങളും 149 ഏകാംഗ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ 232 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. പ്രജ സോഷ്യലിസ്റ്റ് പാർട്ടി (12), ഭാരതീയ ജനസംഘ് (10) സീറ്റുകളിലും വിജയിച്ചു. 25 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ രണ്ടു സീറ്റുകൾ നേടി. എന്നാൽ, ആദ്യ മദ്ധ്യപ്രദേശ് നിയമസഭ മാർച്ച് അഞ്ചിന് പിരിച്ചുവിട്ടു. രണ്ടാം നിയമസഭ ചേർന്നത് 1957 ഏപ്രിൽ ഒന്നിനാണ്.

1962ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 288ൽ 142 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തി. ജനസംഘത്തിന് 41 സീറ്റും പ്രജ സോഷ്യലിസ്റ്റ് പാർട്ടിക്ക് 33 സീറ്റും ലഭിച്ചു. 1967ൽ നടന്ന അസംബ്ലി തെരഞ്ഞടുപ്പിൽ 167 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചെങ്കിലും കോൺഗ്രസ് നേതാവായിരുന്ന ഗോവിന്ദ് നാരായൺ സിങ് പാർട്ടി വിട്ട് സംയുക്ത് വിദായക് ദൾ എന്ന പാർട്ടി രൂപീകരിച്ച് സംസ്ഥാനത്തെ ആദ്യ കോൺഗ്രസിതര സർക്കാരുണ്ടാക്കി. ഭാരതീയ ജനസംഘ്, സ്വതന്ത്ര പാർട്ടി, സംഘാട സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ പിന്തുണയോടെ നാരായൺ സിങ്, നരേഷ് ചന്ദ്ര സിങ്, ശ്യം ചരൺ ശുക്ല എന്നിവർ മാറിമാറി അഞ്ചു വർഷം മുഖ്യമന്ത്രിമാരായി.

1972ൽ 220 സീറ്റുകൾ നേടി കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. 1977ൽ നടന്ന തെരഞ്ഞടുപ്പിൽ ജനതാ പാർട്ടി 230 സീറ്റുകൾ നേടി അധികാരത്തിലെത്തി. കോൺഗ്രസ് 84 സീറ്റിൽ ഒതുങ്ങി. എന്നാൽ, ജനതാ പാർട്ടി സർക്കാർ മൂന്നു വർഷം മാത്രമെ ഭരണം നടത്തിയുള്ളു. മൂന്നു വർഷത്തിനിടയിൽ മൂന്നു മുഖ്യമന്ത്രിമാരെയും പാർട്ടി പരീക്ഷിച്ചു. 1980ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 246 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. അർജുൻ സിങ് മുഖ്യമന്ത്രിയായി. 1985ൽ 250 സീറ്റുകൾ നേടിയ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിച്ചു. 1990ൽ 220 സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തി. ബി.ജെ.പിയിലെ സുന്ദർ ലാൽ പട്‌വ മുഖ്യമന്ത്രിയായി. കഷ്ടിച്ച് മൂന്നു വർഷം മാത്രമെ ബി.ജെ.പി സർക്കാരിന് ഭരണം നടത്താനായുള്ളു.

1992ൽ ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ഭരണം നഷ്ടമായി. 1993ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 174 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി. ദ്വിഗ്‌വിജയ് സിങ് മുഖ്യമന്ത്രിയായി. 1998ലും കോൺഗ്രസ്സിന് ഭരണ തുടർച്ച ലഭിച്ചു. രണ്ടാമതും ദ്വിഗ് വിജയ് സിങ് മുഖ്യമന്ത്രിയായി. എന്നാൽ, 2003ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 173 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തി. ബി.ജെ.പിയിലെ ആഭ്യന്തര കലാപം മൂലം അഞ്ചു വർഷത്തിനുള്ളിൽ ഉമാഭാരതി, ബാബുലാൽ ഗൗർ, ശിവരാജ് സിങ് ചൗഹാൻ എന്നിവർ മുഖ്യമന്ത്രിമാരായി. എന്നാൽ, 2008ലും 2013ലും ബി.ജെ.പിക്ക് അധികാരം നിലനിർത്താനായി. 2018ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 230 അംഗ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 114 സീറ്റ് നേടി കഷ്ടിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി.

ലോക്‌സഭ തെരഞ്ഞടുപ്പ് ഫലങ്ങൾ

2014ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 29ൽ 27 സീറ്റിലും ബി.ജെ.പി വിജയിച്ചു. ശേഷിച്ച രണ്ടു സീറ്റുകൾ കോൺഗ്രസ്സിന് ലഭിച്ചു. 1996 മുതൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ എല്ലാം സംസ്ഥാനത്ത് ബി.ജെ.പിക്കാണ് മേൽകൈ. 1999 വരെ സംസ്ഥാനത്ത് 40 ലോക്‌സഭ സീറ്റുകളാണുണ്ടായിരുന്നത്. 2000ൽ ഛത്തീസ്ഗഢ് രൂപീകരിച്ചതിനു ശേഷമാണ് സംസ്ഥാനത്തെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 29ആയി കുറഞ്ഞത്. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. നാലു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. 2009ൽ 16 സീറ്റിൽ ബി.ജെ.പിയും 12 സീറ്റുകൾ കോൺഗ്രസ്സും ഒരു സീറ്റിൽ ബി.എസ്.പിയും വിജയിച്ചു. സ്വതന്ത്ര്യത്തിനു ശേഷം 1991 വരെ 1977, 1989 വർഷങ്ങളിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് കോൺഗ്രസ്സിന് സംസ്ഥാനത്ത് നിന്ന് ലോക്‌സഭാ സീറ്റുകളിൽ ഗണ്യമായ കുറവുണ്ടായത്. 1977ൽ കോൺഗ്രസ് ഒന്നിലൊതുങ്ങി. ജനതാ പാർട്ടി 38 സീറ്റ് നേടി. മൊറാർജി ദേശായി പ്രധാനമന്ത്രിയായി. വി.പി സിങ് പ്രധാനമന്ത്രിയായ 1989ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് സംസ്ഥാനത്ത് നിന്ന് എട്ടംഗങ്ങളെ മാത്രമേ വിജയിപ്പിക്കാനായുള്ളു. കേന്ദ്രത്തിൽ കോൺഗ്രസ്സിതര സർക്കാരുകൾ അധികാരത്തിലെത്തിയപ്പോളെല്ലാം സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ലോക്‌സഭാ പ്രാതിനിധ്യം വളരെ കുറവായിരുന്നു.

ഉത്തർപ്രദേശ് പോലെ തന്നെ കേന്ദ്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശും.

ജാതി, മത സമവാക്യങ്ങൾ

സംസ്ഥാന ജനസംഖ്യയുടെ 90 ശതമാനത്തിന് മുകളിലാണ് ഹിന്ദു ജനസംഖ്യ. ഏഴു ശതമാനത്തോളം മുസ്ലിം ജനവിഭാഗവും. ഹിന്ദു ജനസംഖ്യയുടെ നല്ലൊരു ഭാഗവും പട്ടിക ജാതി, പട്ടിക വർഗ്ഗക്കാരാണ്. ധാർ, ഛാബുഅ, മാണ്ഡ്‌ല ജില്ലകളിൽ 50 ശതമാനത്തിന് മുകളിലാണ് ഗോത്ര വർഗ്ഗങ്ങളുടെ ജനസംഖ്യ. മറ്റു ആറു ജില്ലകളിൽ 30നും 50നുമിടക്കാണ് ഇവരുടെ ജനസംഖ്യ. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് 21.1 ശതമാനമാണ് സംസ്ഥാനത്തെ ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 15.2 ശതമാനം പട്ടികജാതി വിഭാഗങ്ങളുമുണ്ട്.

കാർഷിക സമ്പദ്ഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തിന്റെ സമ്പദ് ഘടന നിലനിൽക്കുന്നത്. ഗോതമ്പ്, സോയാബീൻ, പയറു വർഗങ്ങൾ, കരിമ്പ്, അരി, പരുത്തി, കടുക് എന്നിവയാണ് പ്രധാന കാർഷിക വിളകൾ.

പ്രതീക്ഷകൾ

1996 മുതൽ സംസ്ഥാനത്ത് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ മേൽകൈയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം, 90 ശതമാനത്തിന് മുകളിൽ ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനത്ത് ബി.ജെ.പിയുടെ അതേ ഹിന്ദുത്വ തന്ത്രങ്ങൾ പയറ്റി മേൽകൈ നേടാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്സും നടത്തുന്നത്. ബി.ജെ.പിയുടെ പശു രാഷ്ട്രീയം അവരേക്കാൾ ശക്തമായി കളിക്കാനാണ് കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റുകൾ നേടുക എന്നത് ബി.ജെ.പിക്കും കോൺഗ്രസ്സിനും കേന്ദ്രത്തിൽ ഭരണത്തിൽ എത്താൻ അനിവാര്യമാണ്. അതിനു വേണ്ട തന്ത്രങ്ങൾ കോൺഗ്രസ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പശുക്കൾക്കായി മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ, കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ മനുഷ്യരേക്കാൾ കൂടുതൽ പ്രാധാന്യം പശുക്കൾക്ക് നൽകുന്ന അവസ്ഥ വരെ എത്തിക്കുന്നതിൽ കോൺഗ്രസ്, ബി.ജെ.പിയെ ഒരു പടി പിന്നിലാക്കിയിട്ടുണ്ട്. പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ദലിതുകൾക്കും മുസ്ലിംകൾക്കുമെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്താണ് കോൺഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ നിറവേറ്റുന്നത്. കമൽ നാഥ് സർക്കാർ അധികാരത്തിലെത്തി രണ്ടു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ അഞ്ചു പേർക്കെതിരെയാണ് പശുകടത്ത് ആരോപിച്ച് ദേശീയ സുരക്ഷ നിയമം പ്രയോഗിച്ചത്.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തോട് അത്ര മൃദുവല്ലാത്ത ഹിന്ദുത്വം പയറ്റി പരമാവധി സീറ്റുപിടിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്നത്.

Read More >>