യു.എന്‍ സുരക്ഷാ സമിതി ഇന്ന് കശ്മീര്‍ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തും

രഹസ്യയോഗത്തില്‍ നിന്നും പാകിസ്താനെ ഒഴിവാക്കും

യു.എന്‍ സുരക്ഷാ സമിതി ഇന്ന് കശ്മീര്‍ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തും

യു.എന്‍: കശ്മീരിലെ സംഭവവികാസങ്ങളെകുറിച്ച് യു.എന്‍ സുരക്ഷാ സമിതി ഇന്ന് രഹസ്യ ചര്‍ച്ച നടത്തും. യു.എന്നിലെ ചൈനയുടെ നയതന്ത്രജ്ഞന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ചര്‍ച്ച നടക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം കത്തിന്റെ രൂപത്തില്‍ ബുധനാഴ്ച നടന്ന യു.എന്നിന്റെ അനൗദ്യോഗിക യോഗത്തില്‍ നല്‍കുകയായിരുന്നുവെന്ന് ചൈനയിലെ നയതന്ത്രജ്ഞന്‍ ഐ.എ.എന്‍.എസ് നോട് പറഞ്ഞു. രഹസ്യയോഗത്തില്‍ നിന്നും പാകിസ്താനെ ഒഴിവാക്കും.

രഹസ്യചര്‍ച്ചയായതിനാല്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളും രഹസ്യമായി തന്നെ സൂക്ഷിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടാകില്ല. ചര്‍ച്ച വ്യാഴാഴ്ച നടത്തണമെന്നാണ് ചൈന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യോഗങ്ങള്‍ ഒന്നും നടത്താതെ തന്നെ ചര്‍ച്ച വെള്ളിയാഴ്ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ പോളണ്ട് സ്വദേശി ജൊഹാന റോനെക്കാണ് ചര്‍ച്ചയുടെ കാര്യങ്ങളെല്ലാം ഒരുക്കുന്നതെന്നും നയതന്ത്രജ്ഞന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം, 35 എ യും ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ തന്നെ പാകിസ്താന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് യോഗം കൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉഭയകക്ഷി കാര്യങ്ങളാണെന്ന ന്യൂഡല്‍ഹിയുടെ നിലപാടിനെ ചൈനയൊഴികെ, കൗണ്‍സിലിലെ മറ്റ് നാല് സ്ഥിരാംഗങ്ങളും പരസ്യമായി പിന്തുണക്കുകയും ചെയ്തതാണ്. കശ്മീര്‍ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യുഎസ് പോലും പറഞ്ഞിരുന്നു. ബുധനാഴ്ച യു.എന്‍.എസ്.സി യില്‍ നടന്നത് സിറിയയും മധ്യാഫ്രിക്കയും തമ്മിലുള്ള വിഷയത്തെകുറിച്ചുള്ള ചര്‍ച്ചയാണ്. എന്നിട്ട് പോലും ചൈന പാകിസ്താന്റെ അപേക്ഷ കത്തിന്റെ രൂപത്തിലാക്കി കൗണ്‍സിലിന് നല്‍കുകയായിരുന്നു.

യോഗത്തില്‍ കശ്മീര്‍ വിഷയം എങ്ങനെ ചര്‍ച്ച ചെയ്യണമെന്ന കാര്യത്തില്‍ ഫ്രാന്‍സും ചൈനയും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് മറ്റ് വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. കശ്മീരിന് വേണ്ടിയുള്ള സമര്‍പ്പണം എന്ന രീതിയില്‍ ചര്‍ച്ച നടത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പ്രധാന ചര്‍ച്ചകള്‍ക്ക ശേഷം ഒരു അടിക്കുറിപ്പ് എന്ന മട്ടില്‍ മാത്രം കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Read More >>