ദക്ഷിണ കൊറിയയിൽ ഇന്ത്യ-മോദി വിരുദ്ധ മുദ്രാവാക്യം; പ്രതിഷേധക്കാരുമായി കൊമ്പുകോർത്ത് ബി.ജെ.പി നേതാവ് ഷാസിയ ഇൽമി

ഇന്ത്യയേയും മോദിയേയും തീവ്രവാദി എന്നുവിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്നവരുടെ വീഡിയോ എ.എൻ.ഐ പുറത്തുവിട്ടു

ദക്ഷിണ കൊറിയയിൽ ഇന്ത്യ-മോദി വിരുദ്ധ മുദ്രാവാക്യം; പ്രതിഷേധക്കാരുമായി കൊമ്പുകോർത്ത് ബി.ജെ.പി നേതാവ് ഷാസിയ ഇൽമി

സിയൂൾ: ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിൽ പാകിസ്താനെ അനുകൂലിച്ചും ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി മുദ്രാവാക്യം വിളിച്ചും പ്രതിഷേധം. വെള്ളിയാഴ്ച ഇന്ത്യൻ എംബസിക്ക് മുമ്പിലായിരുന്നു പ്രതിഷേധം. പാകിസ്താന്റെ കൊടികളുമായി എത്തിയ പ്രതിഷേധക്കാർ, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരെ ഇന്ത്യാ-മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു.

ഇന്ത്യയേയും മോദിയേയും തീവ്രവാദി എന്നുവിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്നവരുടെ വീഡിയോ എ.എൻ.ഐ പുറത്തുവിട്ടു.

രണ്ട് ഇന്ത്യക്കാർക്കൊപ്പമാണ് ബി.ജെ.പി നേതാവ് ഷാസിയ ഇൽമി പ്രതിഷേധക്കാരുടെ അടുത്ത് എത്തിയത്. ഇൽമി വന്നതിന് ശേഷവും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാരെ തടയാൻ ഇൽമി ശ്രമിച്ചെങ്കിലും കൂടുതൽ ഉച്ചത്തിൽ ഇവർ മുദ്രാവാക്യം വിളി തുടർന്നു.

ഇതോടെ ഇൻക്വിലാബ് സിന്ദാബാദ്, ഇന്ത്യ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇൽമിയും തിരിച്ച് വിളിക്കാൻ തുടങ്ങി. ഇതോടെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാനുള്ള സാദ്ധ്യത ഉടലെടുത്തതോടെ പൊലീസ് എത്തി ഇൽമിയേയും സംഘത്തെയും പ്രദേശത്തുനിന്ന് മാറ്റുകയായിരുന്നു.

ഇന്ത്യയേയും പ്രധാനമന്ത്രിയേയും അപമാനിക്കരുതെന്ന് അവരോട് പറയേണ്ടത് തങ്ങളുടെ കടമയായിരുന്നുവെന്ന് പിന്നീട് ഇൽമി ട്വീറ്റ് ചെയ്തു. ' മൂന്ന് പേർ 300 പേരുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായിരുന്നു സിയോളിൽ ഉണ്ടായിരുന്നത്. രാജ്യത്തേയും പ്രധാനമന്ത്രിയേയും അധിക്ഷേപിക്കുന്നത് തടയേണ്ടത് ഞങ്ങളുടെ കടമായായിരുന്നു. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണ്. അതിന് നിങ്ങളുമായി യാതൊരു ബന്ധവുമില്ല.'-അവർ ട്വീറ്റ് ചെയ്തു.

നിങ്ങൾ എവിടെയായിരുന്നാലും പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. ചില രാജ്യങ്ങളിൽ ശബ്ദമുയർത്തുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങളുടെ രാജ്യത്തെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ ആരെങ്കിലും അധിക്ഷേപകരമായി സംസാരിച്ചാൽ നിങ്ങൾ ശബ്ദമുയർത്തണം. സമാധാനപരമായാണ് നിങ്ങളുടെ പ്രതിഷേധമെങ്കിൽ അതിന്റെ അനന്തരഫലമോർത്ത് ഭയപ്പെടേണ്ടതില്ലെന്നും ഇൽമി പറഞ്ഞു.

Read More >>