യു.എസ് സ്വകാര്യ കമ്പനികള്‍ ചൈന വിടാന്‍ ട്രംപ് പയറ്റുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കും?

ട്രംപിന്റെ തീരുമാനം നടപ്പിലാക്കാന്‍ യു. എസ് കോണ്‍ഗ്രസിന്റെ സമ്മതം ആവശ്യമില്ലാത്ത മൂര്‍ച്ചയേറിയ ചില ആയുധങ്ങള്‍ ട്രംപിന്റെ പക്കലുണ്ട്.

യു.എസ് സ്വകാര്യ കമ്പനികള്‍ ചൈന വിടാന്‍ ട്രംപ് പയറ്റുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കും?

വാഷിങ്ടണ്‍: യു.എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ പ്രതികാര നടപടിയായി യു.എസിനെതിരെ ചൈന അധിക നികുതി ചുമത്തി മണിക്കൂറുകള്‍ക്കകമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വകാര്യകമ്പനികളോട് ചൈന ഉപേക്ഷിച്ച് തിരിച്ചുവരാന്‍ ഉത്തരവിട്ടത്. ചൈനക്ക് പകരം മാതൃരാജ്യത്ത് വന്ന് ഉല്‍പാദനം ആരംഭിക്കുകയോ മറ്റൊരു ബദല്‍മാര്‍ഗ്ഗം കണ്ടെത്തുകയോ ചെയ്യണമെന്നാണ് ട്രംപ്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ നിയമപരമായി ചൈന ഉപേക്ഷിച്ച് വരാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനുള്ള അധികാരം ട്രംപിനില്ല. പക്ഷെ ഇത് നടപ്പിലാക്കാന്‍ യു. എസ് കോണ്‍ഗ്രസിന്റെ സമ്മതം ആവശ്യമില്ലാത്ത മൂര്‍ച്ചയേറിയ ചില ആയുധങ്ങള്‍ ട്രംപിന്റെ പക്കലുണ്ട്.

റോഡിയം ഗ്രൂപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 1990 നും 2017 നും ഇടയില്‍ ചൈനയില്‍ 256 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് യു.എസ് കമ്പനികള്‍ നടത്തിയിട്ടുള്ളത്. ഇതേ കാലയളവില്‍ 140 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ചൈന യു. എസില്‍ നിക്ഷേപിച്ചത്.

ചൈന-യുസ് വ്യാപാരയുദ്ധം ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ചില കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിച്ച് അവിടെ നിന്നും മാറ്റുന്നതിന് സമയമെടുക്കും. കൂടാതെ, യുഎസ് കമ്പനികളായ എയ്റോസ്പേസ്, സര്‍വീസസ്, റീട്ടെയില്‍ മേഖലകള്‍ എന്നിവ ചൈന പോലെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാതിരിക്കാന്‍ ശ്രമിക്കും. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയില്‍ നിന്നും പുറത്തുപോകാനുള്ള ട്രംമ്പിന്റെ സമ്മര്‍ദ്ദത്തെ അവര്‍ പ്രതിരോധിക്കുമെന്ന് ഉറപ്പാണ്.

ചൈനയിലെ പോലെ യു.എസില്‍ കേന്ദ്ര ആസൂത്രിത സമ്പദ് വ്യവസ്ഥയല്ലാത്ത സാഹചര്യത്തില്‍ നിയമപരമായി ട്രംപിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയാണ്

* അധിക നികുതി

ട്രംപ് നിലവില്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കാര്യം തന്നെയാണിത്. ചൈനയില്‍ പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്ന് കമ്പനികള്‍ക്ക് തോന്നുന്ന വിധത്തില്‍ നികുതി വര്‍ദ്ധിപ്പിക്കുക. ഇത്തരത്തില്‍ കമ്പനികളുടെ ലാഭം ചൂഷണം ചെയ്യുന്നത് ചൈനക്ക് പുറത്ത് പോകാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തും.

അസംസ്‌കൃത വസ്തുക്കള്‍, യന്ത്രങ്ങള്‍, ഫിനിഷ്ഡ് ചരക്കുകള്‍ എന്നിവയുള്‍പ്പെടെ 250 ബില്യണ്‍ ഡോളര്‍ ചൈനീസ് ഇറക്കുമതിയില്‍ ഇതിനകം നിലവിലുണ്ടായിരുന്ന 25% താരിഫ് ട്രംമ്പ് ബുധനാഴ്ച വീണ്ടും 5% ഉയര്‍ത്തി. ഒക്ടോബര്‍ ഒന്നിന് പുതിയ 30% നിരക്ക് പ്രാബല്യത്തില്‍ വരും.

300 ബില്ല്യണ്‍ ഡോളര്‍ ചൈനീസ് നിര്‍മ്മിത ഉപഭോക്ത ഉല്‍പ്പന്നങ്ങളുടെ താരിഫ് 10% ത്തില്‍ നി്ന്നും 15% ആയി ഉയര്‍ത്തുമെന്നും ട്രംപ്
പറഞ്ഞിരുന്നു. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്ന്, ഡിസംബര്‍ അഞ്ച് തിയ്യതികളില്‍ പ്രാബല്യത്തില്‍ വരും.

ഈ അധിക നികുതികള്‍ കൊടുത്ത് ചൈനീസ് വിതരണക്കാരില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത് യു.എസ് കമ്പനികള്‍ക്ക് ചിലവേറിയ കാര്യമായി മാറും. അത് കൂടാതെ ചൈനീസ് സംരംഭങ്ങളുമായി ചേര്‍ന്ന് ഉല്‍പാദനം നടത്തുന്ന യു.എസ് കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാകും.

* അടിയന്തരാവസ്ഥ

ട്രംപിന് ചൈനയെ ഇറാന് സമാനമായി പരിഗണിക്കാനും ഉപരോധം ഏര്‍പെടുത്താനും സാധിക്കും. അതില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്‌ണോമിക് പവേര്‍സ് ആക്ട് 1997 പ്രകാരമാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കുക.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിശാലമായ അധികാര പരിധിയാണ് ട്രംപിന് ലഭിക്കുക. നിശ്ചിത കമ്പനികളുടെയോ അല്ലെങ്കില്‍ മൊത്തം സാമ്പത്തികരംഗത്തിലെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്താന്‍ ട്രംമ്പിന് കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും മുന്‍ ഫെഡറല്‍ ഉദ്യോഗസ്ഥരും പറയുന്നത്. ഉദാഹരണത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ചൈനീസ് സാങ്കേതിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് പോലുള്ള ഇടപാടുകളില്‍ നിന്നും യു.എസ് കമ്പനികളെ വിലക്കാന്‍ ട്രംപിന് അധികാരമുണ്ടായിരിക്കുമെന്ന് വാണ്ടര്‍ബില്‍റ്റ് നിയമ വിദ്യാലയത്തെിലെ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ് പ്രോഗ്രാം ഡയറക്ടര്‍ ടിം മേയര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം അനധികൃത കുടിയേറ്റം അടിയന്തരാവസ്ഥയാണെന്നും എല്ലാ മെക്‌സിക്കന്‍ ഇറക്കുമതിക്കും താരിഫ് ഏര്‍പ്പെടുത്തുമെന്നും പറഞ്ഞ ട്രംപ് സമാനമായ തന്ത്രം പ്രയോഗിച്ചിരുന്നു

*ഫെഡറല്‍ കരാറുകളില്‍ മത്സരിക്കുന്നതില്‍ നിന്നുള്ള വിലക്ക്

ചൈനയില്‍ ഉല്‍പാദനം നടത്തുന്ന യു.എസ് കമ്പനികളെ ഫെഡറല്‍ കരാറുകള്‍ക്കായി മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയെന്നതാണ് കോണ്‍ഗ്രസ് നടപടി ആവശ്യമില്ലാത്ത മറ്റൊരു മാര്‍ഗ്ഗം, സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തിങ്ക് ടാങ്കിലെ മുതിര്‍ന്ന ഉപദേശകനായ ബില്‍ റെയിന്‍ഷ് പറഞ്ഞു.

എല്ലാ കമ്പനികളിലും ഈ നയം നടപ്പിലാക്കുന്നത് യു.എസിനെയും ബാധിക്കുമെന്നതിനാല്‍ ചില പ്രത്യേക മേഖലകളില്‍ മാത്രമായിരിക്കും ഇത് നടപ്പാക്കുക. ചൈനയില്‍ ഉല്‍പാദനം നടത്തുന്ന ബോയിങ് പോലുള്ള യു.എസ് കമ്പനികള്‍ പെന്റഗണിന്റെ മുഖ്യ ആയുധ നിര്‍മ്മാണ കമ്പനിയാണ്, കൂടാതെ യു.എസ് കയറ്റുമതി മേഖലയില്‍ മുന്‍പന്തിയിലും.

*ട്രേഡിങ്ങ് വിത്ത് ദ എനിമ് ആക്ട്, 1917

ഒന്നാം ലോകമഹായുദ്ധ സമയത്ത് കോണ്‍ഗ്രസ് നടപ്പിലാക്കിയ നാടകീയമായ നടപടിയാണ് ട്രേഡിങ്ങ് വിത്ത് ദ എനിമ് ആക്ട്, 1917.ഈ നിയമപ്രകാരം യു.എസ് യുദ്ധം പ്രഖ്യാപിച്ച ഒരു രാജ്യവുമായുള്ള വ്യാപാരത്തെ നിയന്ത്രിക്കാനും വേണ്ടിവന്നാല്‍ ശിക്ഷിക്കാനുമുള്ള അധികാരം യു.എസ് പ്രസിഡന്റിന് ഉണ്ടായിരിക്കും.

പക്ഷെ ഇത് ചൈനയുമായുള്ള പിരിമുറുക്കം രൂക്ഷമമാക്കുമെന്നതിനാല്‍ ഈ തന്ത്രം ട്രംപ് ഉപയോഗിക്കാന്‍ സാധ്യതില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Next Story
Read More >>