അറബിക്കടലിന്റെ ഓളങ്ങളിലൂടെ ക്ലിയോപാട്ര യാത്ര തുടങ്ങി

വെള്ളിയാഴ്ച വെകുന്നേരം മുതലാണ് ക്ലിയോപാട്ര ബേപ്പൂരില്‍ സര്‍വ്വീസ് ആരംഭിച്ചത്. ബേപ്പൂര്‍ മുതല്‍ കോഴിക്കോട് കടപ്പുറം വരെ എട്ടു കിലോമീറ്ററും തിരിച്ച് എട്ടു കിലോമീറ്ററുമാണ് ഒരു ട്രിപ്പ്. കരയില്‍ നിന്ന് നാലു കിലോമീറ്ററോളം ദൂരം കടലിലേക്ക് പോകും.

കോഴിക്കോട്: ഇടയ്ക്കിടെ വായുവിലേക്ക് പൊന്തുന്ന ചെറുമീനുകളെയും നൗകയ്ക്കു കുറുകെ പോകുന്ന മല്‍സ്യബന്ധന ബോട്ടുകളെയും കാണാനായി ചിലര്‍ ഡെക്കില്‍ കയറി നിന്നു. പറഞ്ഞു വരുന്നത് ബേപ്പൂരില്‍ പുതുതായി സര്‍വീസ് തുടങ്ങിയ ക്ലിയോപാട്ര എന്ന ആഡംബര ഉല്ലാസ നൗകുയെക്കുറിച്ചാണ്.

വെള്ളിയാഴ്ച വെകുന്നേരം മുതലാണ് ക്ലിയോപാട്ര ബേപ്പൂരില്‍ സര്‍വ്വീസ് ആരംഭിച്ചത്. ബേപ്പൂര്‍ മുതല്‍ കോഴിക്കോട് കടപ്പുറം വരെ എട്ടു കിലോമീറ്ററും തിരിച്ച് എട്ടു കിലോമീറ്ററുമാണ് ഒരു ട്രിപ്പ്. കരയില്‍ നിന്ന് നാലു കിലോമീറ്ററോളം ദൂരം കടലിലേക്ക് പോകും.

നാലരയുടെ ട്രിപ്പാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കടലില്‍ വച്ച് സൂര്യാസ്തമയവും കാണാം. വാരാന്ത്യങ്ങളില്‍ ബോട്ടില്‍ സംഗീത വിരുന്നുമുണ്ടാകും. ഗോവയില്‍ നിര്‍മിച്ച ക്ലിയോപാട്രയ്ക്ക് 110 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.

ബോട്ടില്‍ തണുപ്പ് ആസ്വദിച്ച് യാത്രചെയ്യാനായി എ.സി സൗകര്യവും പ്രത്യേക വി.ഐ.പി ക്യാബിനുമുണ്ട്. രണ്ട് ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ബയോടോയ്ലറ്റുകളാണ് ബോട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന അതിവേഗ ബോട്ടാണ് ക്ലിയോപാട്ര.

കേരള ഷിപ്പിങ് ആന്റ് ഇന്‍ലന്‍ഡ് നാവിഗേഷനാണ് (കെ.എസ്.ഐ.എന്‍.സി) രണ്ടരക്കോടി രൂപ ചെലവില്‍ ക്ലിയോപാട്ര ഫൈബര്‍ ബോട്ട് നിര്‍മ്മിച്ചത്. കൊച്ചിയില്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചതെങ്കിലും സാദ്ധ്യതാ പഠനങ്ങളില്‍ ക്ലിയോപാട്രയ്ക്ക് കൊച്ചിയില്‍ വലിയ സ്വീകാര്യത ലഭിക്കില്ലെന്ന റിപ്പോര്‍ട്ടിലാണ് ബേപ്പൂരിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം എറണാകുളം-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്താനായിരുന്നു പദ്ധതി.

ഇതിനായി രജിസ്‌ട്രേഷന്‍ നടപടികളും പരിശോധനയും മറ്റും നടത്തിയിരുന്നു. സാമ്പത്തികമായി ക്ലിയോപാട്രയ്ക്ക് കൊച്ചിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് കെ.എസ്.ഐ.എന്‍.സി അധികൃതര്‍ പറയുന്നു. വാന്‍സണ്‍ ഷിപ്പിങ് സര്‍വീസസിനാണ് ബേപ്പൂരിലെ നടത്തിപ്പ് ചുമതല.

ബേപ്പബരില്‍ ദിവസവും അഞ്ചു സര്‍വീസ് ആണ് ഉണ്ടായിരിക്കുക. കാലത്ത് ഒമ്പതിനാണ് ആദ്യത്തെ സര്‍വീസ്. 11, 1.00, 2.30, 4.30 എന്നീ സമയങ്ങളിലാണ് മറ്റു സര്‍വീസുകള്‍. രണ്ടരയുടെയും നാലരയുടെയും ഒഴികെയുള്ള സര്‍വ്വീസുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. 300 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റിന്. വിവരങ്ങള്‍ക്ക്: 8592999555.

Read More >>