അഹമ്മദാബാദ് കർഷകരുടെ ചെറുത്തുനില്‍പ്

നിയമനടപടികളിൽ നിന്ന് ബഹുരാഷ്ട്ര കമ്പനി പിൻവാങ്ങിയെങ്കിലും പ്രശ്നം തീർന്നെന്ന് കരുതാനാവില്ല. ഭരണകൂട പിന്തുണയോടെ അവർ പുതിയ തന്ത്രങ്ങളുമായി രംഗപ്രവേശം ചെയ്‌തേക്കും. പ്ലാച്ചിമട നമ്മുടെ മുമ്പിലുണ്ട്. ലോകകുത്തകയായ കൊക്കക്കോളയെ മുട്ടുകുത്തിച്ച പ്ലാച്ചിമട നിവാസികൾക്ക് നേരെ വീണ്ടും ഭീഷണിയുയർന്നിരിക്കുകയാണ്.

അഹമ്മദാബാദ് കർഷകരുടെ ചെറുത്തുനില്‍പ്

ജനകീയ പ്രതിരോധത്തിനും പ്രക്ഷോഭത്തിനും മുമ്പിൽ ബഹുരാഷ്ട്രകമ്പനി മുട്ടുമടക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത്. പെപ് സികോക്കെതിരായ കർഷകരുടെ ചെറുത്തുനില്പും അതിനു സാമൂഹിക പ്രവർത്തകർ നൽകിയ പിന്തുണയും സാമൂഹ്യമാദ്ധ്യമങ്ങളുടെ ഇടപെടലും ഇവിടെ വിജയം കാണുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും കർഷകരുടെ പോരാട്ടത്തിന് പിന്തുണയുമായി രംഗത്തെത്തി.

പെപ്‌സികോയുടെ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ തുടരുമെന്ന ജനകീയ പ്രഖ്യാപനത്തെ തുടർന്ന് പ്രതിസന്ധി മുന്നിൽ കണ്ട് കർഷകർക്കെതിരായ നിയമനടപടികൾ പിൻവലിക്കാൻ ബഹുരാഷ്ട്ര കമ്പനി നിർബന്ധിതരായി. ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ ഏതൊരു ബഹുരാഷ്ട്രകമ്പനിയും മുട്ടുമടക്കുമെന്നതിന് മറ്റൊരു ഉദാഹരണമാണ് അഹമ്മദാബാദ് സംഭവം -2002 ലെ പ്ലാച്ചിമട സമരം പോലെ. കൊക്കകോളയുടെ ശീതള പാനീയ നിർമ്മാണ യൂനിറ്റിനെതിരെയായിരുന്നു പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ ആദിവാസികളടക്കമുള്ള ഗ്രാമവാസികൾ വിജയകരമായ ചെറുത്തുനില്പ് നടത്തിയത്. ശീതളപാനിയ നിർമ്മാണ യൂനിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജല സ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജല ക്ഷാമം രൂക്ഷമാവുകയും ചെയ്തതിനെതുടർന്നാണ് മയിലമ്മയുടെ നേതൃത്വത്തിൽ സമരം നടന്നത്. കേരള, തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള ഒരു കാർഷികഗ്രാമമാണ് പ്ലാച്ചിമട. മഴ നിഴൽ പ്രദേശം, വൻ ഭൂഗർഭ ജല നിക്ഷേപം എന്നിവ കൊണ്ടാണ് ശീതളപാനീയ നിർമ്മാണ യൂനിറ്റ് സ്ഥാപിക്കാൻ പ്ലാച്ചിമടയെ കൊക്കകോളകമ്പനി തിരഞ്ഞെടുത്തത്. ഒടുവിൽ പരാജയം സമ്മതിച്ച കൊക്കകോള പ്ലാച്ചിമടയിലെ ജനങ്ങൾ സത്യാഗ്രഹത്തിലൂടെ പൂട്ടിച്ച പ്ലാന്റ് തുറക്കില്ലെന്ന് കമ്പനി സുപ്രിം കോടതിയെ അറിയിക്കുകയും ചെയ്തു..

ഉരുളക്കിഴങ്ങ് അനധികൃതമായി കൃഷി ചെയ്തെന്ന് ആരോപിച്ച് നാലു കർഷകർക്കെതിരെ പെപ്‌സികോ നിയമ നടപടി തുടങ്ങിയതാണ് അഹമ്മദാബാദിലെ ജനകീയ പ്രതിഷേധത്തിന്റെ തുടക്കം. ലെയ്‌സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നായിരുന്നു പെപ്‌സികോയുടെ പരാതി. നഷ്ടപരിഹാരമായി ഒന്നരകോടി രൂപ ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകുകയും ചെയ്തു. പ്രാദേശികമായി ലഭിച്ച വിത്തുപയോഗിച്ച് കൃഷിയിറക്കിയ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകരായിരുന്നു കമ്പനിയുടെ പ്രതികാര നടപടിയുടെ ഇരകൾ. സസ്യവകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള 2001 ലെ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഉരുളക്കിഴങ്ങ് അനധികൃതമായി കൃഷി ചെയ്തുവെന്നായിരുന്നു ബഹുരാഷ്ട്രകമ്പനിയുടെ ആരോപണം. എഫ്.എൽ 2027, എഫ്.സി 5 എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തങ്ങൾക്ക് മാത്രമാണ് അവകാശമെന്നായിരുന്നു പെപ്‌സികോയുടെ ന്യായീകരണം.

കമ്പനിയുടെ പിടിവാശിയോടൊപ്പം പ്രതിഷേധവും ശക്തമായി. കർഷകർക്ക് പിന്തുണയുമായി ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. പെപ്‌സികോ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായി. കർഷകർക്ക് പിന്തുണയുമായി വിവിധ പാർട്ടികളും രംഗത്തുവന്നു. കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കമ്പനി കർഷകർക്കെതിരായ കേസ് പിൻവലിക്കാത്ത പക്ഷം പെപ്‌സികോ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് സംഘപരിപാർ സംഘടനയായ രാഷ്ട്രീയ കിസാൻ പരിഷത്ത് പ്രസിഡണ്ട് പ്രവീൺ തൊഗാഡിയ പ്രസ്താവനയിറക്കി. കർഷകർക്കെതിരെ നല്കിയ പരാതി 72 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ പെപ്‌സികോ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള പ്രചാരണം ആരംഭിക്കുമെന്ന് ബി.ജെ.പി ഡൽഹി യൂണിറ്റ് മുന്നറിയിപ്പ് നല്കി. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും പെപ്‌സികോയുടെ നടപടിയെ വിമർശിച്ചു. സി.പി.എമ്മിന്റെ ആൾ ഇന്ത്യ കിസാൻ സഭ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു.

കാര്യം പന്തിയല്ലെന്നു കണ്ട പെപ്‌സികോയുടെ ഉന്നത മേധാവികൾ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരികാണാമെന്ന് ഇന്ത്യയിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇതേ തുടർന്നാണ് കേസ് പിൻവലിക്കാൻ കമ്പനി തയ്യാറായത്. കോടതിക്ക് പുറത്ത് പ്രശ്നം തീർക്കാൻ ഒരു ഘട്ടത്തിൽ പെപ്‌സികോ സന്നദ്ധമായിരുന്നു. പ്രത്യേക ഇനം വിത്തുവാങ്ങി കൃഷിചെയ്യുന്നവർ അതിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് കമ്പനിക്ക് കൈമാറണമെന്നാണ് പെപ്‌സികോ ആവശ്യപ്പെട്ടത്. എന്നാൽ കർഷകർ ഇതിന് സന്നദ്ധരായില്ല. നിയമനടപടികളിൽ നിന്ന് ബഹുരാഷ്ട്ര കമ്പനി പിൻവാങ്ങിയെങ്കിലും പ്രശ്നം തീർന്നെന്ന് കരുതാനാവില്ല. ഭരണകൂട പിന്തുണയോടെ അവർ പുതിയ തന്ത്രങ്ങളുമായി രംഗപ്രവേശം ചെയ്‌തേക്കും. പ്ലാച്ചിമട നമ്മുടെ മുമ്പിലുണ്ട്. ലോകകുത്തകയായ കൊക്കക്കോളയെ മുട്ടുകുത്തിച്ച പ്ലാച്ചിമട നിവാസികൾക്ക് നേരെ വീണ്ടും ഭീഷണിയുയർന്നിരിക്കുകയാണ്. കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മറ്റൊരു കൂറ്റൻ വ്യവസായ സംരംഭത്തിന് ബഹുരാഷ്ട്രകുത്തകസ്ഥാപനം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ജലം ധാരാളം ഉപയോഗിക്കുന്നതോ ഭൂഗർഭ ജലം ഉപയോഗിക്കുന്നതോ ആയ ഒരു ഫാക്ടറിയും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെയും ആദിവാസികളുടെയും നിലപാട്. വൻകിടക്കാർക്കൊപ്പമായിരിക്കും എപ്പോഴും സർക്കാർ. കർഷകരെ കബളിപ്പിക്കുന്നതിനെതിരെ സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്.

Read More >>