സൗദിയിൽ 'ടെക്‌നീഷ്യന്‍ ഇഖാമ' പുതുക്കാൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല

സർട്ടിഫിക്കറ്റുള്ളവർ അവരുടെ അറ്റസ്റ്റ് ചെയ്ത സർട്ടഫിക്കറ്റിന്റെ കോപ്പിയും സത്യവാങ്മൂലവും അറ്റാച്ച് ചെയ്യണം. ആവശ്യമായ രേഖകൾ രജിസ്ട്രേഷൻ സമയത്ത് ചോദിക്കും.

സൗദിയിൽ

സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ഇല്ലെങ്കിലും ഫന്നി പ്രൊഫഷൻകാർക്ക് രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് സൗദി കൗൺസിൽ ഓഫ് എന്‍ജിനിയറിങ് അറിയിച്ചു. ഈ പ്രൊഫഷനുകൾ ജവാസാത്തുമായി ലിങ്ക് ചെയ്തതിനാൽ ഡിപ്ലോമ സർട്ടിഫിക്കറ്റുള്ളവരും ഇല്ലാത്തവരും നിശ്ചിത ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ ഇഖാമ പുതുക്കാൻ സാധിക്കില്ലെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു.

പക്ഷേ കാലാവധിയുടെ അവസാനനാളുകളിൽ ഇഖാമ പുതുക്കാൻ ശ്രമിച്ച് പ്രതിസന്ധിയിലായ പലരും രജിസ്ട്രേഷനെ കുറിച്ചുള്ള അജ്ഞത കാരണം പ്രൊഫഷൻ മാറ്റാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. സർട്ടിഫിക്കറ്റ് ആവശ്യമുള്ള പ്രൊഫഷനുകളിലേക്ക് പെട്ടെന്ന് ഇഖാമ മാറ്റാൻ സാധിക്കാത്തതിനാൽ പുതുക്കാൻ വൈകിയതിനുള്ള പിഴയും അടക്കേണ്ടതായി വരുന്നുണ്ട്.

ഡിപ്ലോമ സർട്ടിഫിക്കറ്റില്ലാത്ത ടെക്നീഷ്യൻമാർക്ക് നേരത്തെ ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വ്യക്തിയെ പരിചയപ്പെടുത്തുന്ന ലെറ്റർ ( ചേംബർ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തണം) ഇഖാമയുടെയും പാസ്പോർട്ടിന്റെയും കോപ്പി, ഫോട്ടോ എന്നിവയാണ് രജിസ്ട്രേഷൻ സമയത്ത് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.

സർട്ടിഫിക്കറ്റുള്ളവർ അവരുടെ അറ്റസ്റ്റ് ചെയ്ത സർട്ടഫിക്കറ്റിന്റെ കോപ്പിയും സത്യവാങ്മൂലവും അറ്റാച്ച് ചെയ്യണം. ആവശ്യമായ രേഖകൾ രജിസ്ട്രേഷൻ സമയത്ത് ചോദിക്കും. രജിസ്ട്രേഷൻ ഫീസ് 500 റിയാലും ഒരു വർഷത്തേക്കുള്ള അംഗത്വ ഫീസ് 200 ലും അടക്കം 700 റിയാൽ ഓൺലൈൻ വഴി അടക്കണം. അപേക്ഷ സ്വീകരിച്ചിട്ടില്ലെങ്കിൽ 500 റിയാൽ തിരികെ ലഭിക്കില്ല.കൗൺസിലിന്റെ ഓൺലൈൻ രജിസ്ട്രേഷന് എന്‍ജിനിയര്‍മാര്‍ക്കും ടെക്നീഷ്യൻമാർക്കും പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തന്നെ ടെക്നീഷ്യൻമാരെ സർട്ടിഫിക്കറ്റുള്ളവരും അല്ലാത്തവരും എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

ഇഖാമ നമ്പറും മൊബൈൽ നമ്പറുമടക്കമുള്ള വിവരങ്ങൾ ചേർത്തുകഴിഞ്ഞ് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ 500 റിയാൽ സദാദ് വഴി അടക്കാനുള്ള സന്ദേശം മൊബൈൽ നമ്പറിൽ എത്തും. ഈ ഫീസ് ലഭിച്ച ശേഷമാണ് കൗൺസിൽ നേരത്തെ അറ്റാച്ച് ചെയ്ത രേഖകൾ പരിശോധിക്കുക. രേഖകളും വ്യക്തിവിവരങ്ങളും സ്വീകാര്യമായാൽ അംഗത്വ ഫീസായ 200 റിയാൽ അടക്കുന്നതിനുള്ള സന്ദേശമെത്തും. ശേഷം ഈ അംഗത്വ നമ്പർ ഉപയോഗിച്ച് ഇഖാമ പുതുക്കാവുന്നതാണ്.

അതിന് ശേഷം ഒറിജിനൽ സർട്ടഫിക്കറ്റ് സമർപ്പിക്കുകയും അതിന്റെ കൃത്യത കൗൺസിൽ ഉറപ്പുവരുത്തുകയും ചെയ്യും. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് കൗൺസിലിന്റെ മെമ്പർഷിപ്പ് കാർഡിനൊപ്പം തിരിച്ചുലഭിക്കും.

Read More >>