യുവതി പ്രവേശനത്തിൽ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി തടഞ്ഞു

പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാമെന്ന് ഇവരോട് സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

യുവതി പ്രവേശനത്തിൽ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി തടഞ്ഞു

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടർന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ സോണിയ ഗാന്ധി തടഞ്ഞു. കേരളത്തിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്‍റിലും ആചാരിക്കാന്‍ നടത്തിയ നീക്കമാണ് സോണിയ ഗാന്ധി തടഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യ്തു.

കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്‍റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നു. ദേശീയ തലത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന് സോണിയ ഗാന്ധി എം.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് ദേശിയ തലത്തില്‍ ഉയര്‍ത്തി പിടിക്കുന്ന ലിംഗസമത്വത്തിന് എതിരാണ്. ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പമാണ് കോണ്‍ഗ്രസ്. പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാമെന്നും ഇവരോട് സോണിയ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. കേരളത്തില്‍നിന്ന് ഏഴ് എംപിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്.

അതേസമയം റിപ്പോര്‍ട്ടിനെ തള്ളി കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. സോണിയാ ഗാന്ധി അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രതിഷേധം തടഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ വ്യത്യസ്ത നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More >>