നിരോധനാജ്ഞ ലംഘിച്ച് നാമജപം; ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ഭക്തര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള നടപ്പന്തല്‍ പൊലീസ് കൈയടക്കിവച്ചിരിക്കുന്നതായി ആരോപിച്ച് ഇന്നലെ രാത്രി 10.15 ഓടെയാണ് അഞ്ഞൂറോളം കര്‍മ്മ സമിതിപ്രവര്‍ത്തകരും ഭക്തരും കൂട്ടമായെത്തി ഇവിടെ നാമജപം നടത്തിയത്.

നിരോധനാജ്ഞ ലംഘിച്ച് നാമജപം; ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പമ്പ: നടയടച്ചതിനു ശേഷം ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 69 പേരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡു ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ 21 നു പരിഗണിക്കും. റിമാന്‍ഡു ചെയ്തവരെ പൂജപ്പുര ജയിലിലേയ്ക്കു മാറ്റും. ഇന്നു പുലര്‍ച്ചെ മണിയാറിലെ പോലീസ് ക്യാമ്പിലെത്തിച്ച ഇവര്‍ക്കെതിര ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തിയിരുന്നു.

ഇന്നലെ അര്‍ദ്ധ രാത്രി 12 മണിയോടെയാണ് ഇവരെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ വലിയ നടപ്പന്തലില്‍ നിന്നും ബലം പ്രയോഗിച്ച് നീക്കിയത്. ഭക്തര്‍ക്ക് സഞ്ചരിക്കാനും വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള നടപ്പന്തല്‍ പൊലീസ് കൈയടക്കിവച്ചിരിക്കുന്നതായി ആരോപിച്ച് ഇന്നലെ രാത്രി 10.15 ഓടെയാണ് അഞ്ഞൂറോളം കര്‍മ്മ സമിതിപ്രവര്‍ത്തകരും ഭക്തരും കൂട്ടമായെത്തി ഇവിടെ നാമജപം നടത്തിയത്.

ഹരിവരാസനം ചൊല്ലി 11 നു നടയടച്ചതോടെ നാമജപം നിര്‍ത്തി പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. ഇതോടെ കര്‍മ്മ സമിതി പ്രവര്‍ത്തകനായ രാജേഷിനെ സന്നിധാനം എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. അറസ്റ്റ് ചെയ്യുന്നെങ്കില്‍ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇതോടെ പ്രവര്‍ത്തകരും പൊലീസും പരസ്പരം വാക്കേറ്റമായി.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാജേഷിനെ ഇതിനിടയില്‍ ഭക്തര്‍ വലയം തീര്‍ത്ത് മാളികപുറം ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എസ്.പിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പൊലീസും ഇവര്‍ക്ക് പിന്നാലെ നീങ്ങി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനുമുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പതറിയ പൊലീസ് ഒടുവില്‍ ഇരുപത്തഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ പുലര്‍ച്ചെ ഒന്നരയോടെ പമ്പയിലെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിന്നു. സംഘര്‍ഷത്തിനിടെയില്‍ പരിക്കേറ്റ കട്ടപ്പന സ്വദേശി അജേഷിനെ സന്നിധാനത്തെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പമ്പയില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിഷേധക്കാരെ വന്‍ പോലീസ് അകമ്പടിയോടെ ഇന്നു പുലര്‍ച്ചെ 3.30 ഓടെ മണിയാറിലെ പോലീസ് ക്യാമ്പിലെത്തിച്ചു.

Read More >>