ലോകം ചുറ്റിയ മോദി ഇനി ഇന്ത്യ ചുറ്റും

മിഷന്‍ 123 എന്ന പേരിലുള്ള പ്രചാരണങ്ങള്‍ക്കാണ് ബി.ജെ.പി മുന്‍തൂക്കം നല്‍കുന്നത്.

ലോകം ചുറ്റിയ മോദി ഇനി ഇന്ത്യ ചുറ്റും

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തോല്‍വിയില്‍ നിന്നുള്ള നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ ബി.ജെ.പി. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനം തിരിച്ചു പിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സര്‍ക്കാര്‍ പരിപാടികളും പൊതു പരിപാടികളുമാണിവ.

മിഷന്‍ 123 എന്ന പേരിലുള്ള പ്രചാരണങ്ങള്‍ക്കാണ് ബി.ജെ.പി മുന്‍തൂക്കം നല്‍കുന്നത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ഉണ്ടായിട്ടു കൂടി ബി.ജെ.പിക്ക് വിജയിക്കാനാത്ത സീറ്റുകളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് മോദി ആദ്യം നടത്തുന്നത്. ഈ 123 മണ്ഡലങ്ങളെ 25 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിനും ഓരോ നേതാക്കളെയും ബി.ജെ.പി നിയമിച്ചിട്ടുണ്ട്.

77 ലോകസഭാ സീറ്റുകളുള്ള എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 10 സീറ്റുകള്‍ മാത്രം നേടാനായ പശ്ചിമബംഗാള്‍, അസാം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

ഡിസംബര്‍, ജനുവരി മാസങ്ങളിലായി ഒഡീഷയില്‍ മാത്രം മൂന്ന് പരിപാടികളും റാലികളിലുമാണ് മോദി പങ്കെടുക്കുന്നത്. ഡിസംബര്‍ 24ന് ഭുവനേശ്വറില്‍ ഐ.ഐ.ടി ക്യാമ്പസ് ഉല്‍ഘാടനം ചെയ്ത മോദി ജനുവരി അഞ്ചിന് ഒഡീഷയിലെ മയുര്‍ബഞ്ചില്‍ റാലിയില്‍ പങ്കെടുക്കും. ജനുവരി 15ന് ഒഡീഷയില്‍ മോദിക്ക് മറ്റൊരു മീറ്റിങുമുണ്ട്. 14 ലോകസഭാ സീറ്റുകളുള്ള അസാമില്‍ ഇതേകാലയളവില്‍ മോദിക്ക് രണ്ട് പരിപാടികളുണ്ട്.

ഇതുകൂടാതെ വനിതാ, യുവജനങ്ങളെയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെയും ഉള്‍കൊള്ളിച്ച് പ്രത്യേക പ്രചാരണ പരിപാടികളുമുണ്ട്.

Next Story
Read More >>