കണ്‍ഫ്യൂഷനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; യൂത്ത് കോണ്‍ഗ്രസിന് വേണ്ടി വാദിക്കാന്‍ പാര്‍ട്ടി പുറത്താക്കിയ വക്കീല്‍

യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് പാർട്ടിയുടെ ഭരണഘടന അനുസരിച്ചായിരിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മുൻസിഫ് കോടതിയിൽ നല്കിയ കേസാണ് കൗതുകമാകുന്നത്.

കണ്‍ഫ്യൂഷനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; യൂത്ത് കോണ്‍ഗ്രസിന് വേണ്ടി വാദിക്കാന്‍ പാര്‍ട്ടി പുറത്താക്കിയ വക്കീല്‍

●മുജീബുര്‍റഹ്മാന്‍ കരിയാടന്‍

കൊച്ചി: കേസ് നടക്കുന്നത് ആലുവ മുൻസിഫ് കോടതിയിൽ; വാദിക്കാൻ വക്കീലെത്തിയത് ഡൽഹിയിൽ നിന്ന്! അത്ഭുതപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ആലുവയിൽ യൂത്ത് കോൺഗ്രസിനുവേണ്ടി വാദിക്കാനെത്തിയ അഭിഭാഷകനാകട്ടെ പാർട്ടി കഴിഞ്ഞ വർഷം പുറത്താക്കിയയാളും. ആകെ മൊത്തം കൺഫ്യൂഷനുണ്ട്, എല്ലാവർക്കും. യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് പാർട്ടിയുടെ ഭരണഘടന അനുസരിച്ചായിരിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മുൻസിഫ് കോടതിയിൽ നല്കിയ കേസാണ് കൗതുകമാകുന്നത്.

അഗസ്റ്റ വെസ്റ്റ്ലാൻറ് കേസിൽ ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലിനു വേണ്ടി ഹാജരായ അൽജോ കെ.ജോസഫാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തുന്ന ഏജൻസിക്കും തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസറും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ ആർ രവീന്ദ്രദാസിനും വേണ്ടി ഹാജരായത്. എടയപ്രം സ്വദേശി അബ്ദുൽ വാഹിദാണ് പാർട്ടി ഭരണ ഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്കിയത്.

നിലവിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ടാലന്റ് ഹണ്ട് നടത്തി നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ടാലന്റ് ഹണ്ടിൽ പങ്കെടുക്കുന്നവർ ആയിരം രൂപയാണ് കെട്ടിവെക്കേണ്ടത്. യൂത്ത് കോൺഗ്രസിൽ അ‍ംഗമാകാൻ അഞ്ചു രൂപ മാത്രം മതിയെന്നാണ് ഭരണഘടന പറയുന്നതെങ്കിലും ഓൺലൈൻ വഴി അംഗത്വമെടുക്കാൻ ഇപ്പോൾ 140 രൂപയാണ് ഈടാക്കുന്നതെന്നും പ്രവർത്തകർ ആരോപിക്കുന്നു. മാത്രമല്ല, സമയം വൈകിയാൽ അതിനനുസരിച്ച് പിഴ സംഖ്യ കൂട്ടുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുകയാണ്.

പ്രവർത്തകർ പലപ്പോഴും ഭാരവാഹി പട്ടികയിലേക്ക് എത്തുന്നില്ലെന്നും ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആരൊക്കെയോ ആണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നതും കുറേ കാലമായി യൂത്ത് കോൺഗ്രസിലെ താഴെ തട്ടിലുള്ള പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ആരാണ് സ്ഥാനാർത്ഥിയെന്നോ എന്തൊക്കെ ടാലന്റുകളാണ് പരിഗണിക്കപ്പെടുന്നതോ തുടങ്ങിയ കാര്യങ്ങളൊന്നും ആർക്കും അറിയില്ലെന്നും ഇവർ പറയുന്നു. ഏറ്റവും താഴെ തട്ടിൽ ആയിരം രൂപ മത്സരിക്കാൻ കെട്ടി വെക്കേണ്ടി വരുമ്പോൾ സംഘടനയുടെ മുകൾ തട്ടിലെത്തുന്തോറും തുക വർദ്ധിക്കുകയും ഏഴായിരത്തി അഞ്ഞൂറു രൂപ വരെയാവുകയും ചെയ്യുന്നുണ്ട്. നിലവിൽ ആറര ലക്ഷത്തോളം പേരാണ് യൂത്ത് കോൺഗ്രസിലെ അംഗങ്ങളെന്നാണ് നേതാക്കൾ തന്നെ പറയുന്ന കണക്ക്.

അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ ഹാജരായതോടെ പാർട്ടി പുറത്താക്കിയതെന്ന് 2018 ഡിസംബർ അ‍ഞ്ചിന് യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് അമീഷ് പാണ്ഡേ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയ അഭിഭാഷകനാണ് അൽജോ കെ ജോസഫ്. ആലുവയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അലക്സ് എം സ്കറിയയും അരുൺ പോൾ ജേക്കബുമാണ് അബ്ദുൽ വാഹിദിന് വേണ്ടി ഹാജരാകുന്നത്. കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് കോടതി മാറ്റി.

Read More >>