ദളിതർക്ക് ജോലി; ഹിന്ദു ഐക്യം പറയുന്ന എൻ.എസ്.എസുകാർ മലപ്പുറത്തെ പി.എസ്.എം.ഒ കോളേജിനെ കണ്ട് പഠിക്കട്ടെ

ഹിന്ദു ഐക്യമെന്ന പേരില്‍ പിന്നോക്കക്കാരെ കൂട്ട് പിടിക്കുന്ന എൻ എസ് എസ് എയിഡഡ് കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനോട് പുറം തിരിഞ്ഞ്...

ദളിതർക്ക് ജോലി; ഹിന്ദു ഐക്യം പറയുന്ന എൻ.എസ്.എസുകാർ മലപ്പുറത്തെ പി.എസ്.എം.ഒ കോളേജിനെ കണ്ട് പഠിക്കട്ടെ

ഹിന്ദു ഐക്യമെന്ന പേരില്‍ പിന്നോക്കക്കാരെ കൂട്ട് പിടിക്കുന്ന എൻ എസ് എസ് എയിഡഡ് കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി നേതാവ് ഒ പി രവീന്ദ്രൻ. എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പാക്കണമെന്ന വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചത് എന്‍ എസ് എസ് ആണ്. ഹൈകോടതി എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പാക്കുന്നത് തടയുകയും ചെയ്തു. എന്നാൽ എന്‍ എസ് എസിനെ പോലെയുള്ള സംഘടനകള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംവരണത്തെ എതിര്‍ക്കുമ്പോൾ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ സംവരണത്തെ സ്വാ​ഗതം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മലപ്പുറം പി എസ് എം ഒ കോളേജ് കഴിഞ്ഞ നവംബറില്‍ ഉദ്ദ്യോഗര്‍ത്ഥികള്‍ക്കായി നടത്തിയ അഭിമുഖത്തിന് ശേഷം ഓപണ്‍ മെറിറ്റില്‍ ജോലി നല്‍കിയത് ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ക്കാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കേണ്ടതില്ല എന്ന് യു ജി സി നിഷ്‌കര്‍ഷിക്കുമ്പോഴാണ് ഒരു മുസ്ലിം മാനേജ്‌മെന്റ് സ്ഥാപനം ഇത്തരമൊരു നിലപാട് എടുക്കുന്നത്. എന്നാല്‍ എന്‍ എസ് എസിന്റെ കീഴിലുള്ള ആയിരത്തിലേറെ കോളേജുകളില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം നാമമാത്രമാണ്. എന്‍.എസ്. എസിനെ പോലെയുള്ള സംഘടനകള്‍ ഭരണഘടന വാഗ്ദാനം ചെയ്യു സംവരണത്തെ എതിര്‍ക്കുമ്പാഴാണ് ന്യൂനപക്ഷ സമുദായങ്ങള്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുതെന്നും ശ്രദ്ധേയമാണ്.

പന്തളം എന്‍ എസ് എസ് കോളേജ്

എന്‍ എസ് എസ് മാനേജ്‌മെന്റിന് കീഴിലുള്ള കോളേജുകളില്‍ തൊണ്ണൂറ് ശതമാനത്തിലധികം അധ്യാപകരും നായര്‍ സമുദായത്തില്‍ നിന്നാണ്. പന്തളം എന്‍ എസ് എസ് കോളേജിലെ 16 അധ്യാപകരും 6 അനധ്യാപകരും നായർ സമുദായത്തിൽ നിന്നാണ്. കേന്ദ്രസർക്കാർ നയമനുസരിച്ച് എയിഡഡ് സ്ഥാപനങ്ങളിൽ 50 ശതമാനം നിയമനങ്ങൾ അത്‌ നടത്തുന്ന സമുദായങ്ങൾക്ക് നടത്താമെന്നാണ്. ബാക്കി 50 ശതമാനം നിയമനങ്ങൾ ഓപ്പൺ മെറിറ്റിൽ നൽകണമെന്ന് പറയുമ്പോഴും എൻ എസ് എസ് മറ്റ് സമുദായങ്ങൾക്ക് അവരുടെ സ്ഥാപനങ്ങളിൽ നിയമനം നൽകാൻ തയ്യാറാകുന്നില്ല. മഞ്ചേരി എൻ എസ് എസ് കോളേജിൽ മാത്രമാണ് ഒരു ദളിത്‌ അധ്യാപകനുള്ളത്. മുസ്ലിം - ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകൾ മറ്റ് സമുദായങ്ങൾക്ക് നൽകുന്ന പരിഗണന പോലും എൻ എസ് എസ് നടത്തുന്ന കോളേജുകൾ പട്ടികവർ​ഗ വിഭാ​ഗങ്ങൾക്ക് നൽകുന്നില്ല.

ജനസംഖ്യാനുപാതികമായിട്ട് ലഭിക്കേണ്ടതിനേക്കാൾ പ്രാതിനിധ്യമാണ് നായർ സമുദായത്തിന് സർക്കാർ സർവീസിൽ കിട്ടുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ 44 ശതമാനമാണ് അവരുടെ പ്രാതിനിധ്യം. ഇത് ശരിക്കും അധിക പ്രാതിനിധ്യമാണ്. മറ്റ് സവർണ സമുദായങ്ങൾക്കും സർക്കാർ സർവീസുകളിൽ ഈ അധിക പ്രാതിനിധ്യം കാണാം. അതേസമയം മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം -135 ശതമാനമാണ്. സർക്കാർ സർവീസിലുള്ള മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പട്ടിക വർഗ വിഭാഗങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നു.


യുജിസിയുടെ ആൾ ഇന്ത്യ ഹയർ എജ്യുക്കേഷൻ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 74 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 89 ശതമാനം അധ്യാപകരും സവർണ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം വെറും 11 ശതമാനം മാത്രമാണ്. ഇത്രയും പ്രാതിനിധ്യം അധികമുള്ള സമുദായങ്ങൾക്കാണ് സാമ്പത്തിക സംവരണത്തിലുടെ വീണ്ടും 10 ശതമാനം സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിൽ പോലും 96% ശതമാനവും സവർണ സമുദായങ്ങളാണ്. സവർണർക്കുള്ള സംവരണം അത് കൊണ്ട് തന്നെ എതിർക്കപ്പെടേണ്ടതാണ്.

കേരളത്തിൽ മൊത്തം 5 ലക്ഷം 11000 സർക്കാർ ഉദ്യോഗസ്ഥരാണുള്ളത്. അതിൽ 1 ലക്ഷം പേരെയെങ്കിലും നിയമിക്കുന്നത് പി.എസ്.സി വഴിയല്ലാതെയാണ്. അവിടെ സംവരണം പാലിക്കുന്നില്ല. അവിടെ അധികാരപങ്കാളിത്തത്തിന് അവസരം കിട്ടുന്നത് സവർണർക്കാണ്. 39 ശതമാനം എയ്‌ഡഡ്‌ മേഖലയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സംവരണം പാലിക്കുന്നില്ല. സംവരണം പ്രതിനിധ്യ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പറയുമ്പോഴാണ് പിന്നോക്ക വിഭാ​ഗങ്ങൾ അധികാരത്തിൽ നിന്നും അവസരങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്നത്.

എയ്‌ഡഡ്‌ മേഖലയിൽ സംവരണം നടപ്പാക്കാനും നിയമനങ്ങൾ പി.എസ്.സിക്ക്‌ വിടാനുമുള്ള സമരം ശക്തമാക്കാനാണ് എയ്‌ഡഡ്‌ മേഖല സംവരണ പ്രക്ഷോഭ സമിതി ലക്ഷ്യമിടുന്നതെന്നും ഒപി രവീന്ദ്രൻ പറഞ്ഞു.

Read More >>