നാഷണല്‍ വോളി; ക്യാമ്പ് ലഭിക്കാതെ കേരളാ ടീം

സാധാരണഗതിയില്‍ പത്തു ദിവസമെങ്കിലും ക്യാമ്പ് ലഭിക്കാറുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു പരിചയമുളള താരങ്ങളായതിനാല്‍ വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ വോളി; ക്യാമ്പ് ലഭിക്കാതെ കേരളാ ടീം

കോഴിക്കോട്: നാഷണല്‍ സീനിയര്‍ വോളിചാമ്പ്യന്‍ഷിപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാതെ കേരള ടീം. ജനുവരി രണ്ടു മുതല്‍ ചെന്നൈയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായുള്ള ടീം സെലക്ഷന്‍ രാവിലെയാണ് പൂര്‍ത്തിയായത്. ഇതോടെ ഒരുതരത്തിലുള്ള പരിലീലനവും ലഭിക്കാതെയാണ് നിലവിലെ ചാമ്പ്യന്‍ന്മാരായ പുരുഷ ടീമും രണ്ടാം സ്ഥാനക്കാരായ വനിതാ ടീമും ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്നത്.

സംസ്ഥാന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിലെ വിജയികളായ ടീമുകളില്‍ നിന്നും ഭൂരിഭാഗം പേരെയും ടീമിലെടുത്താണ് കേരളാ ടീം രൂപികരിക്കുന്നത്. എറണാകുളം ടീം അംഗങ്ങളുമായ ജെറോം വിനീത്, അഖിന്‍ ജാസ്, സി. അജിത്ത് ലാല്‍, രോഹിത്ത്, സെറ്റര്‍ മുത്തുസ്വാമി എന്നീ അഞ്ചു പേരാണ് കേരളത്തിനുവേണ്ടി കളത്തിലിറങ്ങുന്നത്. ഇത്തരത്തില്‍ ഒരു ടീമില്‍ കളിക്കുന്ന താരങ്ങളെ അണിനിരത്തി പരിശീനത്തിന്റെ അഭാവം മറികടക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.

എന്നാല്‍ ബി.പി.സി.എല്‍ നയിക്കുന്ന എറണാകുളം ടീമിന് ഈ വര്‍ഷം അത്ര സുഖകരമായിരുന്നില്ല. എറണാകുളം ജില്ലാ ലീഗ് മത്സരത്തില്‍ കസ്റ്റംസിനോട് ടീം അടിയറവെച്ചിരുന്നു. കുന്നമംഗലത്തു നടന്ന സംസ്ഥാന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലും ഫൈനലിലും ടീം നന്നായി വെള്ളം കുടിച്ചു. കസ്റ്റംസ് താരങ്ങള്‍ അണിനിരന്ന ഇടുക്കിയോടും കെ.എസ്.ഇ.ബി താരങ്ങള്‍ അണിനിരന്ന തിരുവനന്തപുരത്തോടുമുള്ള മത്സരങ്ങള്‍ അഞ്ചാം സെറ്റിലേയ്ക്കു കടന്നു. അന്താരാഷ്ട്ര താരങ്ങളുടെ പരിചയസമ്പത്തു മാത്രമാണ് ഇവിടങ്ങളില്‍ എറണാകുളത്തിന് രക്ഷയായത്.

പക്ഷേ ശക്തരായ തമിഴ്നാടും അന്ധാപ്രദേശുമെല്ലാം അണിനിരക്കുന്ന നാഷണല്‍ വോളിചാമ്പ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്താന്‍ ഈ കളിമിടുക്കുകള്‍ മതിയാവാതെ വരും. വനിതാവിഭാഗത്തില്‍ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ആറു താരങ്ങളാണ് കേരള ടീമിലുളളത്. തിരുവനന്തപുരത്തിന്റെ കെ.എസ്.ഇ.ബി താരങ്ങളായ എസ് രേഖ, ശ്രുതി മുരളീധരന്‍, കെ.എസ് ജിനി, അഞ്ജു ബാലകൃഷ്ണന്‍, ടി.എസ് കൃഷ്ണ, ലിബറോ അശ്വതി രവീന്ദ്രന്‍ തുടങ്ങിയവര്‍ ടീമില്‍ ഇടം പിടിച്ചു.

ഇത്തവണത്തെ നാഷണല്‍ വോളി ചാമ്പ്യന്‍ഷിപ്പ് നേരത്തെയായതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ തത്സമയത്തോടു പറഞ്ഞു. പ്രോ വോളി ചാമ്പ്യഷിപ്പ് ഫെബ്രവരിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇത്തവണ നാഷണല്‍ വോളി നേരത്തെ ആക്കുകയായിരുന്നു. ഇത്തവണ മൂന്ന് മേഖലകളായി തിരിച്ച മത്സരങ്ങള്‍ക്കുശേഷമാണ് സൂപ്പര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയത്.

മൂന്ന് മേഖലകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് അവസാന റൗണ്ട് മത്സരത്തിലെത്തിയത്. ഇതോടെ ഡിസംബര്‍ ആദ്യവാരം ആരംഭിച്ച മത്സരങ്ങള്‍ അവസാനിക്കാന്‍ ഡിസംബര്‍ 29വരെ കാത്തിരിക്കേണ്ടി വന്നു. സംസ്ഥാന സീനിയര്‍ സൂപ്പര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരങ്ങളെയാണ് ടീമിലേയ്ക്ക് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോച്ചിംഗ് ക്യാമ്പില്ലാതെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്നത് വെല്ലുവിളിയാണെന്നും പ്രത്യേക സാഹചര്യത്തില്‍ ഇതൊരുവെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്യുമെന്നും കോച്ച് അബ്ദുള്‍ റസാഖ് തത്സമയത്തോടു പറഞ്ഞു. സാധാരണഗതിയില്‍ പത്തു ദിവസമെങ്കിലും ക്യാമ്പ് ലഭിക്കാറുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു പരിചയമുളള താരങ്ങളായതിനാല്‍ വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള പുരഷ ടീം:

അഖിന്‍ ജാസ് (ക്യാപ്റ്റന്‍), ജിതിന്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത്, സാരംഗ്, മുത്തുസാമി, ജെറോം വിനീത്, അബ്ദുല്‍ റഹീം, അതുല്‍ കൃഷ്ണ, അജിത് ലാല്‍, ഷോണ്‍ ടി ജോണ്‍, സേതു, സി.കെ. രതീഷ് (ലിബറോ). കോച്ച്: അബ്ദുള്‍ റസാഖ്. അബ്ദുള്‍ നാസര്‍ (അസി. കോച്ച്), ശ്രീനിവാസന്‍ (മാനേജര്‍)കേരള വനിതാ ടീം:

എസ് രേഖ, ശ്രുതി മുരളീധരന്‍, കെ.എസ് ജിനി, അഞ്ജു ബാലകൃഷ്ണന്‍, ടി.എസ് കൃഷ്ണ, അശ്വതി, എസ്. സൂര്യ, ഫാത്തിമ റുക്‌സാന, എന്‍.എസ്. ശരണ്യ, കെ.പി. അനുശ്രീ, ജിന്‍സി ജോണ്‍സണ്‍, അശ്വതി രവീന്ദ്രന്‍ (ലിബറോ). കോച്ച്: സദാനധന്‍.Read More >>