ഹറമുകൾ പ്രാർത്ഥനാ മുഖരിതം

ഉംറ തീർത്ഥാടകർക്ക് പുറമേ മക്കയിലും പരിസരപ്രദേശങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ഹറമിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇരുഹറമുകളിലേക്ക് വിശ്വാസികൾ ഒഴുകുകയായിരുന്നു.

ഹറമുകൾ പ്രാർത്ഥനാ മുഖരിതം

മൻസൂർ എടക്കര

മക്ക: വിശുദ്ധ ഹറമുകൾ പ്രാർത്ഥനാ മുഖരിതം. റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച മക്ക-മദീന ഹറമുകളിലെത്തിയത് ജനലക്ഷങ്ങൾ. മക്കയിൽ മസ്ജിദുൽ ഹറാം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും ജനസാഗരമായി മാറി. മക്ക മസ്​ജിദുൽ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്​കാരത്തിനും ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നേതൃത്വം നൽകി.

തെറ്റുകളിൽ നിന്ന്​ സംരക്ഷിക്കുന്ന കവചമാണ്​ വ്രതമെന്നും ശ​രീരത്തി​ന്റെ ഒരോ അവയവും പാപങ്ങളിൽ നിന്ന്​ സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദീന മസ്ജിദുന്നബവിയിയിൽ ഖുത്തുബക്കും ജുമുഅ നമസ്​കാരത്തിനും ഇമാം ഡോ. അലി അൽഹുദൈഫി നേതൃത്വം നൽകി. സൽകർമങ്ങൾ അധികരിപ്പിച്ചു അല്ലാഹുവിലേക്ക്​ അടുക്കാനുള്ള സുവർണാവസരമാണ്​ നോമ്പെന്ന് ഇമാം പറഞ്ഞു.

ഉംറ തീർത്ഥാടകർക്ക് പുറമേ മക്കയിലും പരിസരപ്രദേശങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ഹറമിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇരുഹറമുകളിലേക്ക് വിശ്വാസികൾ ഒഴുകുകയായിരുന്നു.

ജുമുഅക്ക് മണിക്കൂറുകൾക്ക് മുമ്പേ ഹറം പരിസരം നിറഞ്ഞുകവിഞ്ഞു. തിരക്കുകാരണം റോഡുകളിൾ നിസ്കരിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഹറമിൽ ഒരുക്കിയിട്ടുള്ളത്. പ്രായം ചെന്ന തീർത്ഥാടകരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു വരവേറ്റത്.

മക്ക ഗവർണറുടെ നിർദ്ദേശത്തെ തുടർന്ന് തീർത്ഥാടകർക്ക് മികച്ച സേവനം നൽകാൻ ആവശ്യമായ ഒരുക്കങ്ങൾ എല്ലാ വകുപ്പുകളും നേരത്തെ തന്നെ സജ്ജീകരിച്ചിരുന്നു. ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ഹറം മുറ്റങ്ങളിലും തീർത്ഥാടകരുടെ പോക്കുവരവുകൾ സു​ഗമമാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

കാൽനടക്കാർക്ക് സൗകര്യം ഒരുക്കുന്നതിന് ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ട്രാഫിക് വകുപ്പിന് കീഴിൽ ഉദ്യോഗസ്ഥരെ നിയോ​ഗിച്ചു. റോഡുകളിലെ തിരക്കൊഴിവാക്കാൻ ചെറിയ വാഹനങ്ങൾ ഹറമിനടുത്തേക്ക്​ കടക്കുന്നത്​ പൂർണമായും തടഞ്ഞു.

ഹറമിലേക്ക്​ എത്തുന്ന റോഡുകളിൽ 34 താത്​കാലിക ചെക്ക്​ പോസ്​റ്റുകൾ ഒരുക്കി വാഹനങ്ങളെ പരിസര​ത്തെ പാർക്കിങ്​ കേന്ദ്രങ്ങളിലേക്ക്​ തിരിച്ചുവിട്ടു. മക്ക പ്രവേശന കവാടങ്ങൾക്കടുത്ത്​ അഞ്ച്​ പ്രധാന പാർക്കിങ്​ സ്​ഥലങ്ങളും അവിടുന്ന്​ ഹറമിലേക്ക്​ തിരിച്ചും ബസ്​ സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

ഇരു ഹറം കാര്യാലയത്തിന് കീഴിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്കുകാരണം ഹറമിലെ മുഴുവൻ കവാടങ്ങളും തുറന്നിരുന്നു.

Read More >>