കുല്‍ഭൂഷണ്‍ ജാദവ് കേസ്സില്‍ വിധി ഇന്ന്

ഇന്ത്യക്ക് വേണ്ടി ഹരിഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്

കുല്‍ഭൂഷണ്‍ ജാദവ് കേസ്സില്‍ വിധി ഇന്ന്

ഹേഗ്: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയ്ക്കാണ് കോടതി കേസ് പരിഗണിക്കുന്നത്. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തിയാണ് പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. വ്യാപര ആവശ്യത്തിനായി ഇറാനിലെത്തിയ ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്താന്‍ സൈനിക കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന് കാണിച്ച് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. ഇന്ത്യക്ക് വേണ്ടി ഹരിഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Read More >>