ബീഫ് തീനികളെന്ന് വിളിച്ച് ജമ്മു സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം

വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ കേരളത്തില്‍നിന്നുള്ള എസ്.എഫ് .ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണെന്ന് അരോപിച്ചു. സൗജന്യ ഫുഡും ഡ്രങ്കസും മദ്യവുമാണ് അവരുടെ ആവശ്യമെന്നും ഇവരെ ചോദ്യം ചെയ്യാന്‍ ആരും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് തീനികളെന്ന് വിളിച്ച് ജമ്മു സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം

ജമ്മു സര്‍വ്വകലാശാലയിലെ (സി.യു.ജെ) മലയാളികളായ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം. ബീഫ് തിന്നുന്നവര്‍, രാജ്യദ്രോഹികള്‍ എന്ന് വിളിച്ചു കൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നില്‍ ക്യാമ്പസിലെ എ.ബി.വി.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഇതിനിടെ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സര്‍വ്വകലാശാല അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായക്കാത്തതില്‍ പ്രതിഷേധിച്ചാണിതെന്നാണ് സൂചന. കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഒപ്പിച്ച പണിയെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ ഭാഷ്യം.

കേരള സൈബര്‍ വാരിയേര്‍സ് എന്നൊരു ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സൈറ്റ് നവീകരണപ്രവര്‍ത്തനങ്ങളിലാണ് ദയവായി പിന്നീട് സന്ദര്‍ശിച്ചാലും എന്നാണ് നിലവിലിപ്പോള്‍ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. ബീഫ് കറിയുടെ പാചക്കുറിപ്പും സൈറ്റില്‍ പോസ്റ്റിയിട്ടുണ്ട്‌. പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നിലും കേരള സൈബര്‍ വാരിയേര്‍സ് എന്ന ഗ്രൂപ്പായിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്തിരുന്നു.

അതേസമയം, ഹാക്ക് ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സ്ലര്‍ അശോക് അയിമ പറഞ്ഞു. പരാതി ലഭിച്ചു കഴിഞ്ഞാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നാണ് വൈസ് ചാന്‍സ്ലറുടെ തീരുമാനം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം പ്രചാരണങ്ങള്‍ സ്വഭാവികമാണെന്നും കാര്യമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ കേരളത്തില്‍നിന്നുള്ള എസ്.എഫ് .ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണെന്ന് അദ്ദേഹം അരോപിച്ചു. സൗജന്യ ഫുഡും ഡ്രക്സും മദ്യവുമാണ് അവരുടെ ആവശ്യമെന്നും ഇവരെ ചോദ്യം ചെയ്യാന്‍ ആരും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വൈസ് ചാന്‍സ്ലറും അധികൃതരും സംസാരിക്കാന്‍ അവസരം തന്നില്ലെന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍ തങ്ങളല്ലെന്നും ആരാണെന്നറിയില്ലെന്നും തങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അവര്‍ പറയുന്നു.

സി.യു.ജെയിലെ എ.ബി.വി.പി പ്രവര്‍ത്തകകനായ മുകേഷ് പറയുന്നത്, എപ്രില്‍ പന്ത്രണ്ടിനു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നാടോടി നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരുക്കേറ്റിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിനു പിന്നില്‍ എ.ബി.വി.പിക്കോ ആര്‍.എസ്.എസിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി ടോം ജോസ് ജമ്മു കശ്മീരിലെ ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിട്ടുണ്ട്.

Read More >>