ദുരിതത്തിലായി പ്രവാസികൾ

ഇൻഡിഗോ എയർവേയ്‌സ് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തുന്നു.

ദുരിതത്തിലായി പ്രവാസികൾ

ദോഹ: ഇൻഡിഗോ എയർവേയ്‌സ് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തുന്നു. മെയ് രണ്ട് മുതൽ മൂന്നു മാസത്തേക്ക് സർവീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. താൽക്കാലികമായാണ് നിർത്തുന്നതെന്നും മൂന്ന് മാസത്തിനകം പുനരാരംഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ജെറ്റ് എയർവേയ്‌സ് സർവീസുകൾ പൂർണമായും നിർത്തിയതിന് പിന്നാലെ ഇൻഡിഗോയും സർവീസുകൾ നിർത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. വാണിജ്യപരമായ കാരണങ്ങളാണ് നീക്കത്തിന് പിന്നിലെന്നും അധികൃതർ പറയുന്നു. താരതമ്യേന നിരക്കിളവുള്ള യാത്രകൾക്കായി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സർവീസാണ് ഇൻഡിഗോയുടെത്.

ജറ്റ് എയർവേയ്‌സിന് പിന്നാലെ ഇൻഡിഗോയും തിരുവനന്തപുരത്തേക്കുള്ള സർവീസ് നിർത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കിക്കിട്ടാൻ സമയമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനാൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡൽഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്.ഇൻഡിഗോയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടാണ് ഇങ്ങനെ നിർദേശിക്കുന്നത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വഴി ടിക്കറ്റ് എടുത്തവർക്ക് ഏജൻസികൾ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നൽകുന്നുണ്ട്. എന്നാൽ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

ഫെബ്രുവരി മധ്യത്തിൽ 985 റിയാലിന് ടിക്കറ്റ് എടുത്തവർക്ക് ഖത്തർ എയർവേയ്‌സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോൾ 1600 റിയാലാണ് ആയത്. സർവീസ് നിർത്തിയത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരെയാണ് ബാധിക്കുക.

Read More >>