സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചെന്ന് സർക്കാർ

പാഠപുസ്തകങ്ങൾ മൂന്നു ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി ക്‌ളാസ് മുറികളില്‍ കുടിവെള്ളം നല്‍കും. വലുപ്പവും പേജും കുറഞ്ഞ നോട്ടുബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും

സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചെന്ന് സർക്കാർ

കൊച്ചി: സ്‌കൂള്‍ ബാ​ഗുകളുടെ ഭാരംകുറയ്ക്കാന്‍ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഈ സത്യവാങ്മൂലം. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് ആണ് ഹര്‍ജി നല്‍കിയത്.

പൊതുപ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് നല്‍കിയ പരാതിയെ തുടർന്ന് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളുമായി മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. കമ്മീഷന്റെ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റാൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. പാഠപുസ്തകങ്ങൾ മൂന്നു ഭാഗമാക്കാനാണ് സർക്കാർ തീരുമാനം.

2016-17 അധ്യയന വര്‍ഷത്തില്‍ രണ്ടുഭാഗമായിരുന്ന പുസ്തകങ്ങള്‍ ഉത്തരവിനെത്തുടര്‍ന്ന് 2017-18 മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ട് ഭാഗങ്ങള്‍ വേനലവധിക്കാലത്തും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാനും നിശ്ചയിച്ചു. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഭാരംകുറഞ്ഞ വസ്തുക്കള്‍കൊണ്ടു നിര്‍മിച്ച ബാഗുകള്‍ ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് വ്യക്തമാക്കി. വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി ക്‌ളാസ് മുറികളില്‍ കുടിവെള്ളം നല്‍കും. വലുപ്പവും പേജും കുറഞ്ഞ നോട്ടുബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും. അനാവശ്യ സാധനങ്ങള്‍ ക്‌ളാസില്‍ കൊണ്ടുവരുന്നില്ലെന്ന് കുട്ടികളുടെ ബാഗ് പരിശോധിച്ച് ടീച്ചര്‍മാര്‍ ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Read More >>