ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ എന്ത് നടപടിക്കും തയ്യാർ: യു.എ.ഇ

ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി വിശദമായ ചർച്ച നടത്തി.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ   എന്ത് നടപടിക്കും തയ്യാർ: യു.എ.ഇ

ഗൾഫ് മേഖലയിൽ രൂപപ്പെട്ട സംഘർഷ സാഹചര്യം ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ. ഇറാനെതിരെ ഗൾഫ് മേഖലയിൽ അമേരിക്ക സൈനിക മുന്നൊരുക്കം തുടരുന്ന സാഹചര്യം കൂടി മുൻനിർത്തിയാണ് യു.എ.ഇയുടെ പ്രഖ്യാപനം. ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി വിശദമായ ചർച്ച നടത്തി.

ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണം എന്ന അഭിപ്രായം തന്നെയാണ് യു.എ.ഇ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചത്.അതേ സമയം വിവിധ രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ സമാധാനപരമായ സാഹചര്യം ഉണ്ടാകണമെന്നും ആ നീക്കത്തിൽ ഏതു നിലക്കുള്ള പങ്കാളിത്തവും വഹിക്കാൻ ഒരുക്കമാണെന്നും യു.എ.ഇ അറിയിച്ചു. ഫുജൈറ തീരത്ത് നാല് എണ്ണ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഒരു രാജ്യത്തിന്റെ ഇടപെടൽ വ്യക്തമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രിയെ യു.എ.ഇ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാ സമിതിയുടെ പരിഗണനയിലാണ്.

യു.എ.ഇ, സൗദി പര്യടനം പൂർത്തിയാക്കി ജർമൻ വിദേശകാര്യ മന്ത്രി ചർച്ചക്കായി തെഹ്‌റാനിലെത്തി. ഇറാനും വൻശക്തികളുമായുള്ള പുതിയ കരാർ യൂറാേപ്പിന് പരമപ്രധാനം ആയിരിക്കുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

Read More >>