വാഹനാപകടം: നടുക്കം മാറാതെ ദുബൈ

അപകടത്തിൽ പൊലിഞ്ഞത് 17 ജീവൻ. പന്ത്രണ്ട് ഇന്ത്യക്കാരും മരിച്ചെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ വിപുൽ അറിയിച്ചു. ഇതിൽ എട്ടു പേർ മലയാളികൾ ആണ്.

വാഹനാപകടം: നടുക്കം മാറാതെ ദുബൈ

കഴിഞ്ഞദിവസം റാഷിദിയ മെട്രോ സ്റ്റേഷനു സമീപം നടന്ന അപകടം അടുത്തകാലത്ത് ദുബൈ കണ്ട ഏറ്റവും വലിയ അപകടമായി. അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ടുകൾ. അപകടത്തിൽ പൊലിഞ്ഞത് 17 ജീവൻ. പന്ത്രണ്ട് ഇന്ത്യക്കാരും മരിച്ചെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ വിപുൽ അറിയിച്ചു. ഇതിൽ എട്ടു പേർ മലയാളികൾ ആണ്.

പ്രധാന റോഡിൽ നിന്നു തിരിയുന്ന സ്ഥലത്ത് ഉയരമുള്ള വാഹനങ്ങൾക്കു പ്രവേശനം നിയന്ത്രിക്കാൻ 2.20 മീറ്റർ പൊക്കത്തിൽ റോഡിനു കുറുകെ ഇരുമ്പു പൈപ്പിൽ ദിശാസൂചി സ്ഥാപിച്ചിട്ടുണ്ട്. അതിവേഗത്തിൽ വന്ന ബസ് വഴി തെറ്റി, കാറുകൾക്കുള്ള പാതയിലേക്കു കയറി അതിൽ ഇടിക്കുകയായിരുന്നു.

ബസിന്റെ ഇടതു മുകൾഭാഗം പൂർണമായി തകർന്നു. 31 യാത്രക്കാരിൽ ഇടതു ഭാഗത്തിരുന്നവരാണു മരിച്ചവരെല്ലാം. ഒമാൻ സ്വദേശിയായ ഡ്രൈവർക്കു നിസ്സാര പരുക്കേയുള്ളൂ.

അതേസമയം, ഇയാൾ വേഗ നിയന്ത്രണവും പാലിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.2014 മേയിൽ ദുബൈ എമിറേറ്റ്‌സ് റോഡിൽ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചു 13 പേർ മരിച്ചതാണ് ഇതിനു മുൻപുള്ള വലിയ അപകടം. 15 പേർക്ക് അന്ന് പരുക്കേറ്റിരുന്നു.

അബുദാബിയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയത്. ലോറിയുടെ ബ്രേക്കിന് എന്തോ തകരാറ് സംഭവിച്ചെന്ന് കരുതി നിർത്തിയപ്പോഴായിരുന്നു അപകടം. 2014ല്‍ ദുബൈ ജബൽഅലി ഇൻവെസ്റ്റ്‌മെന്റ് പാർക്കിനു സമീപം തൊഴിലാളുമായി പോയ ബസ് അപകടത്തില്‍ പെട്ടിരുന്നു.

ര​ക്ഷ​പ്പെട്ട മ​ല​യാ​ളി യു​വാ​വിന്റെ വാക്കുകള്‍

ഇന്നലെ നടന്ന ബസ്സപകടത്തിൽ അദ്ഭുതകരമായി രക്ഷപെട്ട മലയാളി യുവാവ് സംഭവത്തെക്കുറിച്ച് പറയുന്നു. നിധിൻ ലാൽജി എന്ന ഇരുപത്തിയൊൻപതുകാരനാണ് 17 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് നിധിൻ ഇരുന്നത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവർ സംഭവസ്ഥലത്തുതന്നെ മരിക്കുന്നത് മുന്നിൽ കണ്ടുവെന്ന് നിധിൻ പറഞ്ഞു.നിധിന്റെ മുഖത്ത് നിസാരമായ ഒരു പരിക്ക് മാത്രമാണ് ഉണ്ടായത്. എന്നാൽ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കം. ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദുബൈയിലെ വിവിധ സാമൂഹിക പ്രവർത്തകരും ആവശ്യമായ സഹായവുമായി രംഗത്തുണ്ട്.

അപകട വാർത്ത പരന്നതോടെ ആശുപത്രികളിലും പൊലിസ് മോർച്ചറിയിലും ചെന്ന് വിവരങ്ങൾ ഉറപ്പാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. അധികൃതരുമായി ആശയവിനിമയം നടത്തി വിവരങ്ങൾ ഉറപ്പാക്കാനും ലഭ്യമായവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രവർത്തനം തന്നെ നടത്തി.

അവധി ദിവസമായിട്ടും നടപടികക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുബൈയിലെ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു.മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ ലഭ്യമാക്കാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ കോൺസുലേറ്റിന് നിർദേശം നൽകി. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ബിജെപിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്) ആവശ്യപ്പെട്ടിരുന്നു.

Read More >>