മണിയുടെ കൈയിലെ പ്ലാസ്റ്റിക് ഭൂമിക്ക് ഭാരമാവില്ല

മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം മാത്രമല്ല, പ്രകൃതിയിലെ സകലമാന വസ്തവകകളും ഒട്ടിച്ചേർന്നതാണ് കലയെന്നാണ് കലാദ്ധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ വാദം.

മണിയുടെ കൈയിലെ പ്ലാസ്റ്റിക് ഭൂമിക്ക് ഭാരമാവില്ല

നാരായണൻ കരിച്ചേരി

കാസർകോട്: ഉപയോഗശൂന്യമായ ഒരു വസ്തുവും ഭൂമിയില്‍ ഇല്ലെന്നാണ് കൊല്ലം അഞ്ചൽ സ്വദേശി ടി.പി.മണിയുടെ വിശ്വാസം. പാഴ് വസ്തുവെന്നു പറഞ്ഞ് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലും മണിയുടെ കൈയിലെത്തിയാല്‍ അതിമനോഹര ശില്പമാകും. മണ്ണും മനുഷ്യനുംതമ്മിലുള്ള ജൈവബന്ധം മാത്രമല്ല, പ്രകൃതിയിലെ സകലമാന വസ്തവകകളും ഒട്ടിച്ചേർന്നതാണ് കലയെന്നാണ് കലാദ്ധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ വാദം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് വിസ്മയ ശില്പങ്ങളൊരുക്കുന്നതിലാണ് മണിയുടെ വിരുത്.

പെരിയ ജവഹർലാൽ നെഹ്റു നവോദയ സ്‌കൂളിൽ പൂര്‍ത്തിയാകുന്ന 22 അടി വ്യാസവും 25 അടി ഉയരുമുള്ള കൂറ്റൻ ഭൂമി ശിൽപ്പത്തിനായി മണി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ. പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഹരിതസേന വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച 45 ലോറി ലോഡ് മാലിന്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യനിർമാർജനമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ് മാലന്യംകൊണ്ടൊരു ശിൽപമെന്ന ആശയത്തിനു പിന്നിലെന്ന് ടി.പി.മണി പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം, അതിന്റെ രണ്ടുഘട്ടം കഴിഞ്ഞാൽ പിന്നീട് ഒന്നും ചെയ്യാൻകഴിയാതെ ഭൂമിയിൽ അടിഞ്ഞുകൂടും. എന്നാൽ ഇത്തരം യത്നങ്ങളിലൂടെ ദീർഘകാലം മാലിന്യനിർമാർജനം സാദ്ധ്യമാകും. പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം ടയർ,റബ്ബർ,കുപ്പി,ചെരിപ്പ് പോലുള്ള പാഴ് വസ്തുക്കളും ശിൽപ്പത്തിനകത്ത് അടുക്കിവയ്ക്കുന്നു. ഇവ പൊതിഞ്ഞുള്ള കോൺക്രീറ്റിനു മുകളിൽ മനുഷ്യനും മണ്ണും തമ്മിലുള്ള പാരിസ്ഥിതിക ബന്ധങ്ങള്‍ അടയാളപ്പെടുത്തുന്ന രൂപങ്ങളും തീര്‍ക്കും. നവോദയ സ്‌കൂളിലെ രണ്ടേക്കറോളം വരുന്ന ഉദ്യാനത്തിലാണ് മനോഹരമായ കൂറ്റൻ ശില്പം ഒരുങ്ങുന്നത്. സഹായത്തിന് ശിഷ്യൻ കൊട്ടാരക്കര അഭിലാഷ് ഉണ്ടെങ്കിലും കടുത്ത ചൂട് നിർമാണത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച നിർമാണം വരുന്ന ഓഗസ്റ്റില്‍ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാവുമെന്ന് സ്‌കൂൾ അധികൃതരും പ്രതീക്ഷിക്കുന്നു.

35 വർഷത്തെ സേവനത്തിനുശേഷം ഇക്കഴിഞ്ഞ മാർച്ചിൽ ജോലിയിൽനിന്ന് വിരമിച്ച ടി.പി.മണി സൗജന്യമായാണ് ശിൽപ്പനിർമാണം നടത്തിവരുന്നത്. ഇതിനാവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്‌കൂളിലെ അലുംമ് നി അസോസിയേഷൻ വഹിക്കും. നേരത്തെ, പെരിയ നവോദയിൽ കലാദ്ധ്യാപകനായിരുന്നപ്പോൾ കാട്ടുകല്ലും സിമന്റും കൊണ്ട് എട്ടടി ഉയർത്തിൽ ഒരുക്കിയ ബുദ്ധപ്രതിമ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ശിൽപ്പങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും അവാർഡുകളും ഇതിനകം ഈ കലാദ്ധ്യാപകന് ലഭിച്ചു. എറണാകുളം അമ്പലമേട് സ്വദേശിയായ ടി.പി.മണി കൊല്ലം കൊട്ടാരക്കരയിലാണ് താമസം. അദ്ധ്യാപികയായ ഭാര്യ സുജാതയും മക്കളായ മാനസ്(എഞ്ചിനീയറിങ് വിദ്യാർത്ഥി), സനം (പ്ലസ് ടു വിദ്യാർത്ഥി) എന്നിവരും മണിയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയുമായി കൂടെയുണ്ട്.

Read More >>