കണിക്കൊന്നക്ക് പിന്നിലുണ്ടൊരു ഐതിഹ്യം

കണിക്കൊന്നയ്ക്കു പിന്നിലുണ്ട് ഒരു ഐതിഹ്യം!

കണിക്കൊന്നക്ക് പിന്നിലുണ്ടൊരു ഐതിഹ്യം

ജി.കെ വിവേക്

കോട്ടയം: മലയാളികൾക്ക് കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കൽപ്പിക്കാൻ സാദ്ധ്യമല്ല. മാർച്ച് - ഏപ്രിൽ മാസമാകുന്നതോടെ കൊന്നകൾ പൂത്തുലയുന്നു. കണിക്കൊന്നയ്ക്കു പിന്നിലുണ്ട് ഒരു ഐതിഹ്യം.

ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോൾ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാൻ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോൾ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യിൽ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തിൽ അത് മരം മുഴുവൻ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതിഹ്യം.

എന്നാൽ, പുതുതലമുറയ്ക്ക് കണിക്കൊന്ന ഒരു ഐതിഹ്യം മാത്രമായി മാറുമായിരുന്നു. ചൂടു കൂടി മണ്ണിലെ ജലാംശം കുറയുമ്പോഴാണ് കണിക്കൊന്ന പൂക്കു ന്നത്. കേരളത്തിന്റെ സംസ്ഥാന പുഷ്പം കൂടിയായ കണിക്കൊന്നയെക്കുറിച്ച് മറ്റൊരു കഥ പറയുകയാണ് തപസ്യ കലാ സാഹിത്യ വേദി. തപസ്യ നടപ്പാക്കിയ വനപർവ്വം പദ്ധതിയിലൂടെ കൊന്നമരത്തിന് പുതു ജീവൻ നൽകിയിരിക്കുകയാണ്.

പ്രകൃതിയെ കാത്തു സൂക്ഷിക്കുന്ന ക്രിയാത്മക പരിപാടികൾക്ക് തപസ്യ വനപർവ്വത്തിലൂടെ നേതൃത്വം നൽകുന്നു. ഇതിനോടുനുബന്ധിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം വനപർവ്വത്തിൽ കൂടി തപസ്യ അനേകം കൊന്നമരം നട്ടു വളർത്തി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഇതിന്റെ ഭാഗമാണ്. ക്ഷേത്രത്തിൽ തെക്ക് കിഴക്ക് ഭാഗത്ത് ആനക്കൊട്ടിലിനോട് ചേർന്ന് കനകപ്രീത പ്രഭ ചൊരിഞ്ഞ് നിൽക്കുന്ന കൊന്ന കാണാൻ ആളുകൾ ഏറെയാണ്.

ഇതു പോലെ നിരവധി ക്ഷേത്രങ്ങളിലും മറ്റു പൊതു ഇടങ്ങളിലും കൊന്നമരം തപസ്യ കലാ സാഹിത്യ വേദി നട്ടുപിടിപ്പിച്ച് വളർത്തിയിട്ടുണ്ട് . ഒരു കണിക്കൊന്നയെങ്കിലും നട്ടുവളർത്താൻ ഈ വിഷുക്കാലം പ്രേരണയാകട്ടേയെന്ന് തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാല കൃഷ്ണൻ പറഞ്ഞു.

Read More >>