നബിദിനത്തില്‍ പള്ളിമുറ്റത്ത് ഹിന്ദു പെൺകുട്ടിക്ക് വിവാഹം

പരസ്പര സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന് വെളിപ്പെടുത്തിയാണ് കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി ട്രസ്റ്റ് നബിദിന പുണ്യം പകര്‍ന്നത്.

നബിദിനത്തില്‍ പള്ളിമുറ്റത്ത് ഹിന്ദു പെൺകുട്ടിക്ക് വിവാഹം

കഴക്കൂട്ടം: നബിദിനത്തില്‍ പള്ളിമുറ്റത്ത് ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തി കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി ട്രസ്റ്റ്. പരസ്പര സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന് വെളിപ്പെടുത്തിയാണ് കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി ട്രസ്റ്റ് നബിദിന പുണ്യം പകര്‍ന്നത്.

ആർഭാട ആഘോഷങ്ങൾ ഒഴിവാക്കികൊണ്ടുള്ള ചടങ്ങിൽ ഒരു ഹിന്ദു പെണ്‍കുട്ടിയടക്കം രണ്ടു പേര്‍ക്കാണ് ട്രസ്റ്റ് മംഗല്യഭാഗ്യമൊരുക്കിയത്. കഠിനംകുളം ചിറക്കൽ ലക്ഷംവീട് വീട്ടിൽ ശശിയുടെ മകൾ ശൈലജയ്ക്ക് കഠിനംകുളം പുതുവൽ പുരയിടത്തിൽ ഷിനു ഹിന്ദു ആചാരപ്രകാരം താലിചാർത്തി.പായിച്ചിറ ബിസ്മിത മൻസിലിൽ റംലയുടെ മകൾ ബിസ്മിയെ നെടുമങ്ങാട് ഷമീർ മൻസിലിൽ ഷമീർ ഇസ്ലാം ആചാരപ്രകാരം വിവാഹം ചെയ്തു.

അഞ്ചു പവൻ സ്വർണവും ഓരോ ലക്ഷം രൂപയും വിവാഹവസ്ത്രങ്ങളുമാണ് വധൂവരന്മാർക്ക് തെക്കത് ട്രസ്റ്റ് നൽകിയത്.

വിവാഹത്തോടനുബന്ധിച്ചു നടന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം.നസീർ അധ്യക്ഷനായി. അടൂർ പ്രകാശ് എം.പി., വി.കെ.പ്രശാന്ത് എം.എൽ.എ., കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫെലിക്‌സ്, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ട്രസ്റ്റ് പ്രസിഡന്റ് പി.എം.ഷാജി, വധൂവരന്മാരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More >>