സമ്പൂര്‍ണ പൈപ്പ് ജലവിതരണം: കേന്ദ്രവിഹിതം അപര്യപ്തമെന്ന് ജലവിഭവ മന്ത്രി

നദീതട വികസനം നടപ്പാക്കുന്നതിന് നദീതട റെഗുലേഷന്‍ ആന്റ് മാനേജ്മെന്റ് അഥോറിറ്റിയ്ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു

സമ്പൂര്‍ണ പൈപ്പ് ജലവിതരണം: കേന്ദ്രവിഹിതം അപര്യപ്തമെന്ന് ജലവിഭവ മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര വിഹിതത്തിലുണ്ടായ ഗണ്യമായ കുറവ് ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയെന്ന് സംസ്ഥാന ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജലസംരക്ഷണം, ഗ്രാമീണ ജലവിതരണം, സ്വച്ഛ് ഭാരത് മിഷന്‍ എന്നിവയുടെ സംസ്ഥാന പുരോഗതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് വിളിച്ചു ചേര്‍ത്ത സംസ്ഥാന ജലവിഭവ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 -13 വര്‍ഷം 245 കോടി രൂപ കേന്ദ്രഫണ്ടായി ലഭിച്ചിടത്ത് 2015-16ല്‍ 45 കോടി മാത്രമായി കുറഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളിലും നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന സമ്പൂര്‍ണ ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തിന്റെ ജല വിതരണ ശൃംഖല മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനത്ത് പൈപ്പ് ജലവിതരണ പദ്ധതി ഗ്രാമീണ മേഖലയില്‍ മാത്രമായി നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ അടുത്ത മൂന്നു വര്‍ഷത്തില്‍ നടപ്പാക്കുന്ന 128 റൂറല്‍ - അര്‍ബര്‍ - ജലവിതരണ പദ്ധതിയ്ക്കായി 10000 കോടി രൂപയാണ് ആവശ്യം. ഇത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ 25 ശതമാനം പൈപ്പ് ജലവിതരണ ശൃംഖല പൂര്‍ണമാകും. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഗ്രാമീണ പൈപ്പ് ജലവിതരണം 17 ശതമാനമാണ്. കേന്ദ്ര വിഹിതത്തിനു പുറമെ വേള്‍ഡ് ബാങ്ക്, യുഎന്‍ഡിപി സഹായവും കേരളത്തിനുണ്ട്.- മന്ത്രി പറഞ്ഞു.

ജലവിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ കാര്യക്ഷമമാകണം. സമ്പൂര്‍ണ പൈപ്പ് ജലവിതരണ ശൃംഖല പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന വൈദ്യൂതി ഉപഭോഗം വലിയ സാമ്പത്തിക നഷ്ടവും പരമ്പരാഗത ഊര്‍ജ്ജ നഷ്ടവും ഉണ്ടാക്കുമെന്നതിനാല്‍ സോളാര്‍ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനും കേരളം ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. സമ്പൂര്‍ണ പൈപ്പ് ജലവിതരണ പദ്ധതി നടപ്പാക്കുമ്പോഴും കിണറുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇവ ബദല്‍ ജലസംരക്ഷണ സംവിധാനമായി നിലനിര്‍ത്തപ്പെടണം. കേരളത്തില്‍ ഏകദേശം 60 ലക്ഷം കിണറുകളാണ് ഉള്ളത്.

പുഴകള്‍, തോടുകള്‍ തുടങ്ങിയവയുടെ പുനരുജ്ജീവനവും റീ ചാര്‍ജിംഗും സംസ്ഥാനത്ത് നടന്നു വരുന്നു. നദീതട വികസനം നടപ്പാക്കുന്നതിന് നദീതട റെഗുലേഷന്‍ ആന്റ് മാനേജ്മെന്റ് അഥോറിറ്റിയ്ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെയും ജലസ്രോതസ്സുകളുടെയും സുസ്ഥിര വികസം ലക്ഷ്യമാക്കി ഹരിത കേരളമിഷന്‍ പദ്ധതിയും കേരളം നടപ്പാക്കി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജ മുക്തമായ സംസ്ഥാനത്തിന് തുടര്‍ പദ്ധതിയായി ഈ സാമ്പത്തിക വര്‍ഷം 28000 വ്യക്തിഗത മൂത്രപ്പുരകളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

ഖര-ദ്രാവക മാലിന്യ സംസ്‌കരണത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടി രൂപ ചെലവില്‍ 683 പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. പദ്ധതിപ്രകാരം 30 ലക്ഷം വീടുകളില്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. 450 ടണ്ണോളം പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് മാലിന്യം റോഡ് ടാറിംഗിന് ഉപയോഗിക്കാനും കഴിഞ്ഞിട്ടുണ്ട്- മന്ത്രി പറഞ്ഞു. കേന്ദ്രജലവിഭവ സെക്രട്ടറി യു.പി. സിംഗ്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജലവിഭവ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Read More >>