കുഴഞ്ഞു വീണയാളെ ബസ്സുകാർ റോഡില്‍ ഇറക്കിവിട്ടു; രോഗിയായ വൃദ്ധന് ദാരുണാന്ത്യം

ഒരു ഓട്ടോയുടെ അടുത്ത് ബസ് നിർത്തി, സേവ്യറിനെ വലിച്ചിഴച്ച്‌ ബസിന് പുറത്തെത്തിച്ച്‌, ഓട്ടോയിലേക്ക് തള്ളിക്കയറ്റുയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കുഴഞ്ഞു വീണയാളെ ബസ്സുകാർ റോഡില്‍ ഇറക്കിവിട്ടു; രോഗിയായ വൃദ്ധന് ദാരുണാന്ത്യം

കൊച്ചി : ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിട്ട വൃദ്ധൻ മരിച്ചു. വണ്ണപ്പുറം സ്വദേശി കെ ഇ സേവ്യർ (68) എന്നയാൾക്കാണ് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരതമൂലം ദാരുണാന്ത്യം സംഭവിച്ചത്. മൂവാറ്റുപുഴയിലാണ് സംഭവം.

വണ്ണപ്പുറം- മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന മദർലാൻഡ് എന്ന സ്വകാര്യബസിൽ വെച്ചായിരുന്നു യാത്രക്കാരനായ സേവ്യർ കുഴഞ്ഞു വീണത്. എന്നാൽ ഇയാൾക്ക് ഉടൻ തന്നെ ചികിൽസ നൽകാൻ ബസ് ജീവനക്കാർ തയ്യാറായില്ല. എന്നു മാത്രമല്ല അഞ്ചുകിലോമീറ്റർ മാറി ഞാറക്കാട് എന്ന സ്ഥലത്ത് റോഡിൽ അദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നു.

ഒരു ഓട്ടോയുടെ അടുത്ത് ബസ് നിർത്തി, സേവ്യറിനെ വലിച്ചിഴച്ച്‌ ബസിന് പുറത്തെത്തിച്ച്‌, ഓട്ടോയിലേക്ക് തള്ളിക്കയറ്റുയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഈ സാധനത്തെ നിങ്ങൾ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. നിങ്ങളിൽ ആരെങ്കിലും കൂടെ വരണമെന്ന് ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ബസുകാർ സ്ഥംവിട്ടു.

പിന്നീട് ഓട്ടോഡ്രൈവർ തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സേവ്യർ ഏറെ താമസിയാതെ മരിച്ചുവെന്നും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് സ്വകാര്യ ബസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Next Story
Read More >>